ശബരിമല സംഘര്‍ഷം: കേരളം സന്ദര്‍ശിക്കുന്നവര്‍ക്ക് ഓസ്‌ട്രേലിയന്‍ സർക്കാരിന്റെ മുന്നറിയിപ്പ്

January 10, 2019

കേരളം സന്ദർശിക്കുന്ന ഓസ്ട്രലിയക്കാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ശബരിമല യുവതീപ്രവേശന വിഷയത്തിൽ കേരളത്തിൽ നടക്കുന്ന സംഘർഷം ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ മുന്നറിയിപ്പ്. വിദേശകാര്യ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയാണ് കേരളം സന്ദർശിക്കുന്നവര്ക്ക് ഓസ്‌ട്രേലിയൻ സർക്കാർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.

ശബരിമല യുവതീപ്രവേശന വിഷയത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ സംഘര്ഷഭരിതമാണ്. ഈ സംഘര്‍ഷങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍, കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നവരും ഇനി സന്ദര്‍ശിക്കാനൊരുങ്ങുന്നവരും ജാഗരൂകരായിരിക്കണമെന്നാണ് സർക്കാരിന്റെ മുന്നറിയിപ്പ്.

തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കാനും വാർത്തകൾക്കായി പ്രാദേശിക മാധ്യമങ്ങൾ പിന്തുടരാനും സർക്കാർ നിർദ്ദേശിക്കുന്നു. ഓരോ ദിവസത്തെയും സാധ്യതകൾ വിലയിരുത്തിയാണ് DFAT മുന്നറിയിപ്പ് നൽകുന്നത്.

കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ പ്രക്ഷോഭത്തെത്തുടർന്ന് കേരളം സദർശിക്കുന്നവർക്ക് അമേരിക്കയും ബ്രിട്ടനും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഓസ്‌ട്രേലിയയുടെ ജാഗ്രതാ നിർദ്ദേശം.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb