വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനക്ക് ഇനി പാസ്പോർട്ട് വേണ്ട; ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനവുമായി ഓസ്‌ട്രേലിയ

November 07, 2018

മെൽബൺ: ഓസ്‌ട്രേലിയൻ വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനക്കായി യാത്രക്കാർ ഇനി പാസ്സ്‌പോർട്ട് കാണിക്കേണ്ട. ഇതിന് പകരമായി ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധന നവംബർ 17 മുതൽ നടപ്പിലാക്കുമെന്ന് സർക്കാർ അറിയിച്ചു.

ഓസ്‌ട്രേലിയൻ കുടിയേറ്റ നിയമത്തിൽ ഭേദഗതി വരുത്തുന്നതിന്റെ ഭാഗമായാണ് ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധന സർക്കാർ നടപ്പിലാക്കുന്നത്. വിദേശത്തുനിന്നും ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവർക്കും വിദേശ രാജ്യങ്ങളിലെ പാസ്സ്‌പോർട്ട് ഉപയോഗിച്ച് രാജ്യത്തേക്ക് എത്തുന്നവർക്കും ഇത് ബാധകമാണ്.

ഇതോടെ ഒരു തവണയെങ്കിലും ഓസ്ട്രേലിയ സന്ദർശിച്ചവർക്ക് വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനാ സമയത്ത് പാസ്പോർട്ട് ഹാജരാക്കേണ്ട ആവശ്യമില്ല. പകരം ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം ഉപയോഗിച്ചാവും ഇവരുടെ സുരക്ഷാ പരിശോധന നടത്തുക.

നിലവിൽ പാസ്സ്പോർട്ടിലെ ചിത്രവുമായി താരതമ്യം ചെയ്താണ് വിമാനത്താവളനങ്ങളിൽ സുരക്ഷാ പരിശോധന നടത്തുന്നത്. ഈ പുതിയ സംവിധാനം നവംബർ 17 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു.

വിമാനത്താവളങ്ങളിലെ തിരക്ക്ഒഴിവാക്കാനും വിമാനത്താവളങ്ങളിലെ സുരക്ഷ ശക്തമാക്കാനും ഈ പുതിയ മാറ്റം സഹായമാകുമെന്ന് കുടിയേറ്റകാര്യ മന്ത്രി ഡേവിഡ് കോൾമാൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

എന്നാൽ വിമാനത്താവളങ്ങളിൽ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം ഉപയോഗിക്കണമെന്നത് നിർബന്ധമല്ല. പുതിയ സംവിധാനം ഉപയോഗിക്കാൻ താലപര്യമില്ലാത്ത യാത്രക്കാർ സുരക്ഷാ പരിശോധനയിൽ പാസ്പോർട്ട് ഹാജരാക്കിയാൽ മതിയാവും.

പുതിയ സംവിധാനം നിലവിൽ വന്നാലും രാജ്യത്തേക്കെത്തുന്നവർ പാസ്സ്‌പോർട്ട് കൈവശം കരുത്തേണ്ടതാണ്. സുരക്ഷാ പരിശോധനയിൽ എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്ന പക്ഷം ഇവർ പാസ്പോർട്ട് ഹാജരാക്കേണ്ടി വന്നേക്കാം.

അതേസമയം, പുതിയ സംവിധാനം യാത്രക്കാരുടെ സ്വകാര്യത ഇല്ലാതാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. ഇത് സംബന്ധിച്ച് ഹ്യൂമൻ റൈറ്സ് ലോ സെന്റർ പാർലമെന്ററി കമ്മിറ്റിക്ക് മുൻപാകെ ആശങ്കൾ പങ്കുവച്ചിരുന്നു. എന്നാൽ യാത്രക്കാരുടെ വിവര ശേഖരണവും, അവയുടെ ഉപയോഗവും മറ്റും പൂർണ്ണമായും നിയമപ്രകാരമായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb