ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനങ്ങള്‍: ക്വാണ്ടസ് എയര്‍ലൈൻ ഒന്നാം സ്ഥാനത്ത്

January 05, 2019

ഓരോ വിമാനാപകടത്തെയും കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ വിമാന യാത്രക്കാരില്‍ പലര്‍ക്കും വ്യോമ ഗതാഗതത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക തോന്നാറുണ്ട്. പോയ വര്‍ഷത്തെ വിമാന അപകടങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ വ്യോമ ഗതാഗത മേഖലയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ വര്‍ഷമായിരുന്നെന്നാണ് വിലയിരുത്തപ്പെടുന്നത്. അപകടങ്ങളില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം കണക്കാക്കിയാല്‍ ഒന്‍പതാം സ്ഥാനവുമായിരുന്നു 2018ന്.

450 കോടിയേറെ യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം നാല് കോടിയിലേറെ വിമാന സര്‍വീസുകളെ ആശ്രയിച്ചത്. അപകടങ്ങളുടെ എണ്ണം ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പരിശോധിച്ച് 2018ലെ ഏറ്റവും സുരക്ഷിതമായ 20 എയര്‍ലൈനുകളുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് ഏവിയേഷന്‍ സേഫ്റ്റി നെറ്റ്‍വര്‍ക്ക് എന്ന ഏജന്‍സി. സര്‍ക്കാറുകള്‍, വ്യോമ സുരക്ഷാ ഏജന്‍സികള്‍ തുടങ്ങിയവയുടെ റിപ്പോര്‍ട്ടുകള്‍, അപകടങ്ങളുടെയും ഗുരുതരമായ മറ്റ് സംഭവ വികാസങ്ങളുടെയും കണക്കുകള്‍, സുരക്ഷയ്ക്കായി ആവിഷ്കരിച്ചിരിക്കുന്ന സംവിധാനങ്ങള്‍, വ്യോമയാന മേഖലയിലെ കമ്പനികളുടെ പരിചയം തുടങ്ങി വിവിധ ഘടകങ്ങള്‍ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് ഇവര്‍ അവകാശപ്പെടുന്നു.

ഏറ്റവും പുതിയ കണക്കനുസരിച്ച് ക്വാണ്ടസ് എയര്‍ലൈനാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. യാത്രയ്ക്കിടയില്‍ പോലും വിമാനത്തിലെ സാങ്കേതിക സംവിധാനങ്ങളും ജീവനക്കാരുടെ പെരുമാറ്റവും നിരീക്ഷിക്കാനുള്ള സംവിധാനം, ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റുകള്‍ ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് ലാന്റിങ് തുടങ്ങിയ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് കമ്പനി ഉപയോഗിക്കുന്നത്. പറക്കത്തിനിടയില്‍ പോലും എഞ്ചിനുകളുടെ പ്രവര്‍ത്തനം നിരീക്ഷിച്ച് വലിയ സാങ്കേതിക തകരാറുകള്‍ ഉണ്ടാകുന്നതിന് മുന്‍പ് തന്നെ അവ കണ്ടെക്കാനും ഇവരുടെ വിമാനങ്ങള്‍ക്ക് കഴിയുമത്രെ.

സുരക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഏറ്റവും പുതിയ പട്ടിക ഇങ്ങനെയാണ്
1. ക്വാണ്ടസ് എയര്‍ലൈന്‍
2.ഹവായന്‍ എയര്‍ലൈന്‍സ്
3.കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍
4.എയര്‍ ന്യൂസിലന്റ്
5.ഇവ എയര്‍ (തായ്‍വാന്‍)
6. അലാസ്‍ക എയര്‍ലൈന്‍
7.സിംഗപ്പൂര്‍ എയര്‍ലൈന്‍
8.ഓസ്ട്രിയന്‍ എയര്‍ലൈന്‍
9.വിര്‍ജിന്‍ അറ്റ്‍ലാന്റിക് എയര്‍ലൈന്‍
10.വിര്‍ജിന്‍ ഓസ്ട്രേലിയ
11.സ്കാന്റിനേവിയന്‍ എയര്‍ലൈന്‍
12.യുനൈറ്റഡ് എയര്‍ലൈന്‍
13.അമേരിക്കന്‍ എയര്‍ലൈന്‍
14.എമിറേറ്റ്സ്
15.കാതി പസഫിക്
16.എഎന്‍എ ഓള്‍ നിപ്പോണ്‍ എയര്‍വേയ്സ്
17.ലുഫ്‍താന്‍സ
18.ഖത്തര്‍ എയര്‍വേയ്സ്
19.ബ്രിട്ടീഷ് എയര്‍വേയ്സ്
20.ഫിന്‍എയര്‍

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb