മെൽബൺ കാറപകടം: മലയാളി യുവതിയെ നാടുകടത്താനുള്ള തീരുമാനം പിൻവലിച്ചു; വിസ പുനസ്ഥാപിച്ചു

April 13, 2019

മെൽബണിൽ കാറപകടത്തിൽ ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ ജയിൽശിക്ഷ ലഭിച്ച മലയാളിയായ ഡിംപിൾ ഗ്രേസ് തോമസിനെ നാടുകടത്താനുള്ള തീരുമാനം ആഭ്യന്തരവകുപ്പ് റദ്ദാക്കി. ഡിംപിളിന്റെ പെർമനന്റ് റെസിഡൻസി വിസ വകുപ്പ് തിരിച്ചുനൽകി.

മെൽബണിൽ 2016ലായിരുന്നു മലയാളിയായ ഡിംപിൾ ഗ്രേസ് തോമസ് ഓടിച്ച കാറിടിച്ച് മറ്റൊരു കാറിലുണ്ടായിരുന്ന സ്ത്രീക്ക് പരുക്കേറ്റത്. ഗർഭസ്ഥാവസ്ഥയിലായിരുന്ന അവരുടെ കുഞ്ഞ് ഇടിയുടെ ആഘാതത്തിൽ രണ്ടു ദിവസത്തിനു ശേഷം മരിച്ചിരുന്നു.

അപകടകരമായ രീതിയിൽ കാറോടിച്ചു എന്ന കുറ്റത്തിന് ഡിംപിളിനെ ഈ കേസിൽ കോടതി രണ്ടര വർഷം തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഓസ്ട്രേലിയയിൽ പെർമനന്റ് റെസിഡൻസി വിസയിലുള്ളവർക്ക് ഒരു വർഷത്തിൽ കൂടുതൽ ജയിൽശിക്ഷ ലഭിച്ചാൽ വിസ റദ്ദാക്കി നാടു കടത്താം എന്നതാണ് നിയമം. ഇതിന്റെ അടിസ്ഥാനത്തിൽ ഡിംപിളിന്റെ ഓസ്ട്രേലിയൻ പി ആർ വിസ റദ്ദാക്കിയിരുന്നു.

എന്നാൽ ഈ തീരുമാനത്തിനെതിരെ ഡിംപിളിന്റെ കുടുംബം ഫെഡറൽ സർക്കാരിന് അപേക്ഷ നൽകി. ഡിംപിളിന്റെ ഭർത്താവ് ലിബിൻ ജോസ് നൽകിയ അപേക്ഷയ്ക്കൊപ്പം, മലയാളികളുൾപ്പെടെ അയ്യായിരത്തിലേറെ പേർ ഒപ്പുവച്ച നിവേദനവും സമർപ്പിച്ചിരുന്നു. കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് ആഭ്യന്തര വകുപ്പ് ഡിംപിളിന്റെ വിസ പുനസ്ഥാപിക്കാൻ തീരുമാനിച്ചത്. വകുപ്പിന് കീഴിലുള്ള നാഷണൽ ക്യാരക്ടർ കൺസിഡറേഷൻ സെന്ററാണ് ഈ തീരുമാനമെടുത്തത്.

ഇതോടെ ഡിംപിളിനെ നാടു കടത്താനുള്ള തീരുമാനവും റദ്ദായി. ഇതേക്കുറിച്ച് ആഭ്യന്തര വകുപ്പിനോടും എസ് ബി എസ് മലയാളം പ്രതികരണം തേടിയിരുന്നു. സ്വകാര്യത കണക്കിലെടുത്ത് കേസുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് ആഭ്യന്തര വകുപ്പ് വക്താവ് അറിയിച്ചു.

അതേസമയം, വിസ റദ്ദാക്കൽ പിൻവലിക്കണം എന്ന അപേക്ഷകളിൽ ഓസ്ട്രേലിയൻ സമൂഹത്തിന്റെ സുരക്ഷയും, കുട്ടികളുടെ ഭാവിയും, കുറ്റകൃത്യത്തിന്റെ ഗൗരവവും ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിച്ചാണ് തീരുമാനമമെടുക്കുകയെന്നും മന്ത്രാലയം ഇമെയിൽ വഴി വ്യക്തമാക്കി.

കടപ്പാട്: SBS

 

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb