മൂന്ന് ലക്ഷം കന്നുകാലികളെ കൊന്നൊടുക്കി ഓസ്‌ട്രേലിയിലെ വെള്ളപ്പൊക്കം

February 10, 2019

മെൽബൺ: ദിവസങ്ങളോളം നീണ്ടുനിന്ന പേമാരി ഓസ്‌ട്രേലിയിലെ വടക്ക് പടിഞ്ഞാറൻ ക്യൂൻസ്ലാണ്ടിനെ വെള്ളത്തിനടിയിലാക്കിയപ്പോൾ നഷ്ടപ്പെട്ടത് ലക്ഷക്കണക്കിന് മിണ്ടാപ്രാണികളുടെ ജീവൻ. ടൌൺസ്വില്ലിലെ വെള്ളപ്പൊക്കത്തിന് കാരണമായ അതേ മണ്സൂണ് മേഘങ്ങൾ തന്നെയായിരുന്നു ഇവിടെയും താണ്ഡവമാടിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം കൃഷിയിടങ്ങളുടെ നാശനഷ്ടം മാത്രം 300 മില്യൻ ഡോളർ കഴിഞ്ഞിരിക്കുകയാണ്. ഇതേസമയം ദുരിതബാധ്യത പ്രദേശങ്ങളിൽ ദിവസങ്ങളോളം പട്ടിണിയിലായ ജനങ്ങൾക്കും കന്നുകാലികൾക്കും ഭക്ഷണം എത്തിക്കാത്തത് വിമർശനങ്ങൾക്ക് കാരണമായി.

60ഓളം പേരാണ് കന്നുകാലികൾക്ക് വയ്ക്കോലുകൾ വിമാനത്തിൽ നിന്നും താഴെക്കെറിയാൻ ഓൺലൈനിലൂടെ അഭ്യർത്ഥിച്ചിരിക്കുന്നത്. ഇവർ നൽകിയ വിവരങ്ങൾ പ്രകാരം 40000 കന്നുകാലിളാണ് പ്രളയ ബാധ്യത പ്രദേശങ്ങളിൽ കുടുങ്ങിയിരിക്കുന്നത്. എന്നാൽ വയ്ക്കോലുകൾ എത്തിക്കരുതെന്ന് അഭ്യർത്ഥിക്കുന്ന ആളുകളും ഏറെയാണ്. മഴ ശക്തമായി തുടരുകയാണെന്നും വയ്ക്കോലുകൾ അഴുകിപോകാനുള്ള സാധ്യത കൂടുതലാണെന്നുമാണ് ഇവരുടെ വാദം. വിമാനത്തിൽ നിന്നും കൃത്യസ്ഥലത്ത് വയ്ക്കോലുകൾ വീണില്ലെങ്കിൽ കന്നുകാലികൾ വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് ദിശമാറി സഞ്ചരിക്കുമെന്നും ഇവർ അവകാശപ്പെടുന്നു. പ്രധാന മന്ത്രി സ്‌കോട്ട് മോറിസനും മക്കിൻലെ മേയർ ബെലിണ്ട മർഫിയും ഇവരുടെ വാദങ്ങളെ അംഗീകരിച്ചു മുന്നോട്ട് വന്നിരുന്നു. എന്നാൽ സർക്കാർ വകുപ്പുകളിലെ ഏകോപനമില്ലായ്മയാണ് വയ്ക്കോലുകൾ എത്തിക്കാൻ സാധിക്കാതെയിരിക്കുന്നത് എന്ന്‌ ആഗ്ഫോഴ്‌സ് മേധാവി മൈക്കിൾ ഗ്യറിൻ കുറ്റപ്പെടുത്തി.

40ഓളം സ്‌കൂളുകളും 50ഓളം ശിശുപരിചരണ കേന്ദ്രങ്ങളും കഴിഞ്ഞ വെള്ളിയാഴ്ച്ച മുതൽ അടച്ചിട്ടിരിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ പഠനോപകരണങ്ങൾക്ക് നഷ്ടം സംഭവിച്ച വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേക സാമ്പത്തിക സഹായ പദ്ധതിയൊരുക്കിയതായി പൊതുപ്രവർത്തക പാലസുക്ക് അറിയിച്ചു.

ജൂലിയ ക്രീക്കിലെ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ട്രെയിനിൽ നിന്നും ചോർന്ന രാസപദാർത്ഥം അധികൃതരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ജലനിരപ്പ് ഉയരുന്നതിനാലും മഴ തുടരുന്നതിനാലും രക്ഷാപ്രവർത്തനത്തിന് അധികൃതർക്ക് എത്തിച്ചേരാൻ സാധിക്കാത്ത സ്ഥിതിഗതിയാണ്.

ടൗണ്സ്വില്ലിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്നും വെള്ളമിറങ്ങിത്തുടങ്ങിയതോടെ ജനങ്ങൾ ശുചീകരണ പരിപാടികളിൽ ഏർപെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം 2 മൃതുദേഹങ്ങൾ ഇവിടെ നിന്നും ലഭിച്ചിരുന്നു. ശുചീകരണത്തിനിറങ്ങുന്നവർ കൊതുകിന്റെ കടിയേൽക്കാതെ കൈകാലുകൾ മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഈ പ്രദേശത്തെ മഴയുടെ ശക്തിയും ക്ഷയിച്ചതായി കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb