ന്യൂ സൗത്ത് വെയില്‍സില്‍ വീടു വാങ്ങുന്നതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി കുറയും

November 05, 2018

ന്യൂ സൗത്ത് വെയില്‍സില്‍ വീടുകളും മറ്റ് താമസസ്ഥലങ്ങളും വാങ്ങുന്നവര്‍ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി നാണയപ്പെരുപ്പവുമായി ബന്ധിപ്പിക്കാന്‍ സര്ക്കാര്‍ തീരുമാനിച്ചു. ഇതോടെ സ്റ്റാമ്പ് ഡ്യൂട്ടിയിനത്തില്‍ ജനങ്ങള്‍ക്ക് ലാഭമുണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

32 വര്‍ഷത്തിനു ശേഷമാണ് സംസ്ഥാനത്ത് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ മാറ്റം കൊണ്ടുവരുന്നത്.

സംസ്ഥാനത്ത് ഏഴു തട്ടുകളിലായാണ് വീടുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കുന്നത്. ഇവ നാണയപ്പെരുപ്പ നിരക്കിന് ആനുപാതികമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

2019 ജൂലൈ ഒന്നിനായിരിക്കും മാറ്റം നിലവില്‍ വരിക. ഇടത്തരം വീടുവാങ്ങുന്ന ഒരാള്‍ക്ക് ഇതോടെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ 500 ഡോളറിന്റെ കുറവുണ്ടാകുമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു.

വര്‍ഷം കഴിയുംതോറും ഈ ഇളവ് വര്‍ദ്ധിക്കുമെന്നും സംസ്ഥാന ട്രഷറര്‍ ഡൊമിനിക് പെരോടെറ്റ് പറഞ്ഞു.

നിലവില്‍ സംസ്ഥാനത്ത് ആദ്യ വീടു വാങ്ങുന്നവര്‍ക്ക് ആറര ലക്ഷം ഡോളര്‍ വരെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ പൂര്‍ണ ഇളവ് നല്‍കിയിട്ടുണ്ട്. എട്ടു ലക്ഷം വരെ ഡിസ്‌കൗണ്ടുമുണ്ട്.

1986ല്‍ സിഡ്‌നിയില്‍ വീടുകളുടെ മീഡിയന്‍ വില ഒരു ലക്ഷം ഡോളറായിരുന്നപ്പോഴാണ് ഇതിന് മുമ്പ് സ്റ്റാമ്പ് ഡ്യൂട്ടി പരിഷ്‌കരിച്ചത്. ഇപ്പോള്‍ മീഡിയന്‍ വില ഒരു മില്യണ്‍ (പത്തു ലക്ഷം) ഡോളറായപ്പോഴാണ് അടുത്ത പരിഷ്‌കരണം നടക്കുന്നതെന്ന് ട്രഷറര്‍ പറഞ്ഞു.

പതിനഞ്ച് വര്‍ഷം മുമ്പ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നിരുന്നെങ്കില്‍ അഞ്ചു ലക്ഷം ഡോളറിന്റെ വീടു വാങ്ങുന്ന ഒരാള്‍ക്ക് ഇപ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടിയിനത്തില്‍ 2000 ഡോളര്‍ ലാഭമുണ്ടാകുമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയില്‍ ഈ ലാഭം ലഭിക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാരിന്റെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ വീടു വാങ്ങുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാകും ഈ പരിഷ്‌കരണമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, ഏറെ വൈകി വന്ന നടപടിയാണ് ഇതെന്നും, ജനങ്ങള്‍ക്ക ്‌ലഭിക്കുന്ന ലാഭം വളരെ തുച്ഛമായിരിക്കുമെന്നും ലേബര്‍ പാര്‍ട്ടി പ്രതികരിച്ചു. വീടു വാങ്ങുമ്പോള്‍ 500 ഡോളര്‍ ലാഭമുണ്ടാകുന്നതിനെ വലിയ രീതിയില്‍ ആഘോഷിക്കാനാണ് സര്ക്കാര്‍ ശ്രമിക്കുന്നതെന്നും ലേബര്‍ വക്താവ് റയാന്‍ പാര്‍ക്ക് ആരോപിച്ചു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb