നവീന ബിസിനസ് ആശയങ്ങള്‍ കൈയിലുള്ളവര്‍ക്ക് ഓസ്ട്രേലിയയിലേക്ക് വരാൻ വിസ

November 30, 2018

മെൽബൺ: നവീനമായ ബിസിനസ് ആശയങ്ങള്‍ കൈയിലുള്ളവര്‍ക്ക് ഓസ്‌ട്രേലിയയിലെത്തി അത് തുടങ്ങി വിജയിപ്പിക്കാന്‍ സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പുതിയ വിസ പ്രഖ്യാപിച്ചു. ബിസിനസ് തുടങ്ങാനുള്ള മൂലധനം കൈവശമില്ലാത്തവര്‍ക്കും അപേക്ഷിക്കാവുന്ന തരത്തിലാണ് ഈ വിസ.

നൂതന ആശയങ്ങളുള്ള ലോകത്തിലെ ഏറ്റവും മികച്ച വ്യവസായ സംരഭകരെ സൗത്ത് ഓസ്‌ട്രേലിയയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സപ്പോര്‍ട്ടിംഗ് ഇന്നവേഷന്‍ ഇന്‍ സൗത്ത് ഓസ്‌ട്രേലിയ (SISA) വിസ പ്രഖ്യാപിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിസ നടപ്പാക്കുന്നത്.

ഇപ്പോള്‍ നിലവിലുള്ള ഓന്റര്‍പ്രണര്‍ ആന്റ് ബിസിനസ് ഇന്നവേഷന്‍ വിസയ്ക്കായി അപേക്ഷിക്കണമെങ്കില്‍ രണ്ടു ലക്ഷം ഡോളര്‍ മൂലധനം ആവശ്യമാണ്. എന്നാല്‍ പുതിയ വിസയ്ക്ക് അപേക്ഷിക്കാന്‍ ആ നിബന്ധന ഉണ്ടാകില്ല.

പകരം കൈവശം നവീനവും വ്യത്യസ്തവുമായ ഒരു വ്യവസായത്തിന്റെ ആശയം ഉണ്ടായിരിക്കണം. ഇത് എങ്ങെ നടപ്പാക്കാം എന്ന കൃത്യമായ ബിസിനസ് പ്ലാനും കൈവശം വേണം. 45 വയസില്‍ താഴെയുള്ളവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ കഴിയുന്നത്. IELTS പരീക്ഷയില്‍ നാലു ഘടകങ്ങളിലും ബാന്റ് അഞ്ചെങ്കിലുമുള്ള ഇംഗ്ലീഷ് പരിജ്ഞാനവും ആവശ്യമാണ്.

വ്യക്തിപരമായ ചെലവുകള്‍ക്കുള്ള ഫണ്ട് അപേക്ഷകന്‍ കാണിക്കേണ്ടതാണ്. ചീഫ് ഓന്റര്‍പ്രണര്‍ ഓഫിസോ, ഇന്നവേഷന്‍ എക്കോസിസ്റ്റം ദായകരോ നല്‍കുന്ന അനുമതിയുടെ അടിസ്ഥാനത്തില്‍ സൗത്ത് ഓസ്‌ട്രേലിയന്‍ കുടിയേറ്റകാര്യ വകുപ്പ് ഈ അപേക്ഷ അംഗീകരിക്കണം. എന്നാല്‍ മാത്രമേ വിസ ലഭിക്കൂ.

ബിസിനസ് ഫണ്ടിംഗ് കണ്ടെത്തുന്ന ഇന്‍കുബേറ്റര്‍മാരുടെയും, ആക്‌സലറേറ്റര്‍മാരുടെയും സഹായത്തോടെയായിരിക്കും ഈ നവീന വ്യവസായ പദ്ധതികള്‍ സൗത്ത് ഓസ്‌ട്രേലിയയില്‍ നടപ്പാക്കാന്‍ കഴിയുക.

താല്‍ക്കാലിക വിസയാണ് ഈ പദ്ധതിയിലൂടെ അനുവദിക്കുന്നത്. അതേസമയം, ബിസിനസ് നടത്തി വിജയിക്കുകയാണെങ്കില്‍ ഓസ്‌ട്രേലിയന്‍ പെര്‍മനന്റ് റെസിഡന്റ് വിസയ്ക്കായി അപേക്ഷിക്കാനും കഴിയുമെന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ പ്രീമിയര്‍ സ്റ്റീവന്‍ മാര്‍ഷല്‍ പറഞ്ഞു.

സ്‌പേസ്, സൈബര്‍ സെക്യൂരിറ്റി, ബിഗ് ഡാറ്റ, ഡിഫെന്‍സ്, കാര്‍ഷിക വ്യവസായം, മെഡിക്കല്‍ ടെക്‌നോളജി, റോബോട്ടിക്‌സ് എന്നീ മേഖലകളില്‍ വ്യവസായം നടത്താന്‍ താല്പര്യപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് ഈ വിസ.

2021 വരെ ഈ വിസ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരിക്കുകയാണ് ഇപ്പോൾ സൗത്ത് ഓസ്ട്രേലിയ. ഇതിനായി നാല് വർഷത്തേക്ക് 400,000 ഡോളറാണ് ഫെഡറൽ സർക്കാർ ഫണ്ട് അനുവദിച്ചിരിക്കുന്നത്. മറ്റുള്ള സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കാനും ഫെഡറൽ സർക്കാർ പദ്ധതിയിടുന്നുണ്ട്.

2021നു പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത് അവസാനിക്കുന്നതോടെ ഈ കാലയളവിൽ അനുവദിച്ച എല്ലാ വിസകളുടെയും കാലാവധി അവസാനിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകരെയും വ്യവസായികളെയും ഇതുവഴി രാജ്യത്തേക്കെത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കുടിയേറ്റകാര്യ മന്ത്രി ഡേവിഡ് കോൾമാൻ പറഞ്ഞു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb