ടൗണ്‍സ്‌വില്ലിനെ കടപുഴക്കി 'നൂറ്റാണ്ടിലെ പ്രളയം'; വീടുപേക്ഷിച്ച് നിരവധി മലയാളി കുടുംബങ്ങളും

February 04, 2019

കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കനത്ത പ്രളയത്തില്‍ വടക്കന്‍ ക്വീന്‍സ്ലാന്റിലെ ടൗണ്‍സ്വില്‍ പൂര്‍ണമായും വെള്ളത്തിലായി. വരും ദിവസങ്ങളിലും മിന്നല്‍പ്രളയങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഒരാഴ്ച കൊണ്ട് 1012 മില്ലീമീറ്റര്‍ മഴ പെയ്തതോടെയാണ് ടൗണ്‍സ്‌വില്‍ പൂര്‍ണമായും വെള്ളത്തിനടിയിലായത്. 1998ലെ 886 മില്ലീമീറ്റര്‍ മഴ എന്ന റെക്കോര്‍ഡാണ് തകര്‍ന്നത്. നഗരത്തില്‍ തന്നെയുള്ള റോസ് റിവര്‍ അണക്കെട്ടിലേക്ക് അതിന്റെ ശേഷിയെക്കാളും 237 ശതമാനം അധികം ജലമാണ് ഒഴുകിയെത്തിയത്. ഇതോടെ അണക്കെട്ടിന്റെ സ്പില്‍വേകള്‍ പൂര്‍ണമായും തുറന്നുവിട്ടു.

നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം പൊങ്ങിയിരിക്കുകയാണ്. ആയിരക്കണക്കിന് പേര്‍ക്ക് വീടുപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറേണ്ടി വന്നിട്ടുണ്ട്.

ഞായറാഴ്ച രാത്രി മാത്രം 1100 പേരെയാണ് സൈന്യവും പൊലീസും എമര്‍ജന്‍സി വിഭാഗവും ചേര്‍ന്ന് വീടുകളില്‍ നിന്ന് ഒഴിപ്പിച്ചത്. ബോട്ടുകളും ഹെലികോപ്റ്ററുകളും ടിപ്പര്‍ ട്രക്കുകളും ഉപയോഗിച്ചാണ് രക്ഷാ പ്രവര്‍ത്തനം.

കുറഞ്ഞത് നാളെ വരെയെങ്കിലും ഇതേ സാഹചര്യം തുടരും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഓരോ അഞ്ചു മിനിട്ടിലും മഴയുടെ ശക്തി നിരീക്ഷിച്ച് കാലാവസ്ഥാ കേന്ദ്രം പുതിയ മുന്നറിയിപ്പുകള്‍ പുറത്തിറക്കുന്നുണ്ട്.

ഇരുപതിനായിരം വീടുകളെങ്കിലും വെള്ളത്തില്‍ മുങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. ടൗണ്‍സ്വില്‍ വിമാനത്താവളവും ഇന്നുച്ചവരെ അടച്ചിട്ടു. വെള്ളപ്പൊക്കത്തിനൊപ്പം മുതലകളും പാമ്പുകളും ജനവാസ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തിയതും കൂടുതല്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. കുറഞ്ഞത് ആയിരം പേരെങ്കിലും സര്‍ക്കാര്‍ തയ്യാറാക്കിയ സുരക്ഷിത കേന്ദ്രങ്ങളിലുണ്ട്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലേക്കാണ് മറ്റുള്ളവര്‍ മാറിയിരിക്കുന്നത്.

ഒട്ടേറെ മലയാളികളും ഉള്ള പ്രദേശമാണ് ടൗണ്‍സ്വില്‍. പല മലയാളി കുടുംബങ്ങള്‍ക്കും വെള്ളപ്പൊക്കത്തില്‍പ്പെട്ട് വീടു വിട്ടുപോകേണ്ടി വന്നിട്ടുണ്ട്. വീടുവിട്ടുമാറേണ്ടി വന്ന അവസ്ഥയും, പ്രദേശത്തെ സാഹചര്യങ്ങളും അവിടെ താമസിക്കുന്ന പ്രൊഫ. അബ്രഹാം ഫ്രാൻസിസ് വിശദീകരിച്ചു. കേരളത്തിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടുവന്നവരും ഇവിടെ പ്രളയത്തില്‍ കുടുങ്ങിയിട്ടുണ്ട്.

കടപ്പാട്: SBS

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb