കറന്‍സി നോട്ടുകളിലെ മൃഗക്കൊഴുപ്പ്: ഹിന്ദു സംഘടനക്കെതിരെ പ്രതിഷേധവുമായി മലയാളി സംഘടനകൾ

January 24, 2019

മെൽബൺ: ഓസ്‌ട്രേലിയൻ കറന്‍സി നോട്ടുകളുടെ നിര്‍മ്മാണത്തിന് മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ഓസ്ട്രേലിയന്‍ റിസര്‍വ് ബാങ്ക് വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതിഷേധവുമായി രംഗത്തു വന്ന ഹിന്ദു സംഘടനക്കെതിരെ രൂക്ഷ വിമർശനവുമായി മലയാളി സംഘടനകൾ. യൂണിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം എന്ന സംഘടനയാണ് മൃഗ കൊഴുപ്പിനെതിരെ പ്രതിഷേധിച്ചത്. ഏതാനും ദിവസം മുൻപ് ജിഞ്ചർ ബിയറിൽ ഗണപതിയുടെ ചിത്രം വച്ചതായി ആരോപിച്ചും ഇവർ പ്രതിഷേധവുമായി വന്നിരുന്നു.

എന്നാൽ ഓസ്‌ട്രേലിയിലെ ഇന്ത്യൻ ഷോപ്പുകളിൽ ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്ത ഗോമൂത്രം കച്ചവടം ചെയ്യുന്നുണ്ട്. ഹിന്ദു സംഘടനകൾ വഴിയാണ് അത് ഇവിടെ ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും.

ഈ രാജ്യത്തെ നിയമങ്ങൾ പാലിച്ചു ജീവിക്കാൻ കഴിയാത്തവർ അവരുടെ രാജ്യത്തേക്ക് മടങ്ങി പോകുകയാണ് വേണ്ടതെന്നു ആദ്യകാല മലയാളിയും സീനിയർ മലയാളി അസോസിയേഷൻ ഭാരവാഹിയുമായ ഹിറ്റ്ലർ ഡേവിഡ് അഭിപ്രായപ്പെട്ടു. സമാധാനത്തോടെ ജീവിക്കുന്ന ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയിലെ വിവിധതരം മരുന്നുകളിൽ എല്ലുപൊടിയും മൃഗ കൊഴുപ്പുകളും ചേർക്കുന്നുണ്ട്. നാളെ അതിനെതിരെയും പ്രതിഷേധം ഉണ്ടാകുമെന്നു ഡേവിഡ് ആശങ്ക പ്രകടിപ്പിച്ചു.

ഹിന്ദു സംഘടനക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നാഷണൽ വൈസ് പ്രസിഡണ്ട്‌ അരുൺ പാലക്കലോടിയും മെൽബൺ ചാപ്റ്റർ പ്രസിഡണ്ട്‌ സുരേഷ് വലത്തും രംഗത്തു വന്നു. ചീപ്പ്  പബ്ലിസിറ്റിക്ക് വേണ്ടിയുള്ള മൂന്നാംകിട തന്ത്രം മാത്രമാണിതൊക്കെ. ഏതെങ്കിലും തീവ്രവാദ സംഘടനകൾ ഇന്ത്യൻ ജനതയുടെ മുഴുവൻ രക്ഷ കർത്വത്തം ഏറ്റെടുക്കേണ്ടതില്ല. ഇന്ത്യയിൽ നിന്നും വന്ന ബഹുഭൂരിപക്ഷം ജനങ്ങളും ഇത്തരം അഭിപ്രായങ്ങൾ തള്ളിക്കളയുമെന്നു അരുൺ പാലക്കലോടി പറഞ്ഞു. തോന്ന്യവാസമാണ് ഹിന്ദു സംഘടനയുടെ പേരിൽ കാണിക്കുന്നതെന്നും ഓസ്‌ട്രേലിയൻ സർക്കാർ ഇതൊന്നും ഗൗനിക്കില്ലെങ്കിലും ഇന്ത്യൻ ജനതയോടുള്ള വെറുപ്പ് ഉണ്ടാക്കാൻ ഇത്തരം പ്രവൃത്തികൾ ഇടയാക്കുമെന്ന് സുരേഷ് വല്ലത്ത് പറഞ്ഞു.

ഇവിടെ ജീവിക്കാൻ കഴിയാത്തവർ തിരിച്ചു പോകണമെന്ന് മെൽബൺ മലയാളി ഫെഡറേഷൻ ചെയർ പേഴ്‌സൺ ഡോ. ഷാജി വർഗീസ് അഭിപ്രായപെട്ടു. പശു മൂത്രം ഇവിടെ വിൽക്കുന്നവർക്ക് ഇത്തരം അഭിപ്രായങ്ങൾ പറയാൻ എന്ത് യോഗ്യതയാണെന്നു ഷാജി ചോദിച്ചു.

38 ശതമാനത്തോളം ഓസ്‌ട്രേലിയൻ ജനതക്ക് ഒരു മത വിശ്വാസവും ഇല്ല, ആ രാജ്യത്തു വന്നു വർഗീയത പരത്തുന്ന സംഘടനകളെ നിയന്ത്രിക്കണമെന്ന് നവോദയ മെൽബൺ സെക്രട്ടറി എം എസ് ബിനീഷ് കുമാർ അഭിപ്രായപ്പെട്ടു.

റിസര്‍വ് ബാങ്ക് ഹിന്ദുക്കളുടെ വികാരത്തെ മാനിക്കണമെന്നും ബീഫ് ഉപയോഗിക്കാത്ത നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇടപെടണമെന്നുമാണ് യൂണിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം പ്രസിഡന്റ് ആവശ്യപ്പെടുന്നത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb