ഓസ്‌ട്രേലിയയില്‍ പുതിയ എന്റര്‍പ്രണര്‍ വിസ ആരംഭിച്ചു; പുതിയ മേഖലകളിലെ യുവസംരംഭകര്‍ക്ക് മുന്‍ഗണന

February 03, 2019

മെൽബൺ: ലോകമെമ്പാടു നിന്നും കഴിവുറ്റ സംരംഭകരെ ആകര്‍ഷിക്കുന്നതിനായി സൗത്ത് ഓസ്‌ട്രേലിയ ഒരു പുതിയ എന്റര്‍പ്രണര്‍ വിസ ആരംഭിച്ചിട്ടുണ്ട്. ഈ വിസയുടെ പൈലറ്റ് നടപ്പിലാക്കുന്നതിനായി ഓസ്‌ട്രേലിയ തെരഞ്ഞെടുത്തിരിക്കുന്നത് സൗത്ത് ഓസ്‌ട്രേലിയയെയാണ്. സപ്പോര്‍ട്ടിംഗ് ഇന്നൊവേഷന്‍ ഇന്‍ സൗത്ത് ഓസ്‌ട്രേലിയ (സിസ) എന്നാണീ വിസക്ക് പേരിട്ടിരിക്കുന്നത്. വളര്‍ന്ന് വരുന്ന പുതിയ മേഖലകളിലെ പുതിയ സംരംഭകരെ ആകര്‍ഷിക്കുന്നതിനുള്ള വിസയാണിത്.

സൈബര്‍ സെക്യൂരിറ്റി, സ്‌പേസ്, ഡിഫെന്‍സ്, ബിഗ് ഡാറ്റ, അഗ്രിബിസിനസ്, മെഡിക്കല്‍ ടെക്‌നോളജി തുടങ്ങിയ നൂതന മേഖലകളിലെ സംരംഭകരെ ആകര്‍ഷിക്കുകയാണ് സിസ വിസയുടെ പ്രധാന ലക്ഷ്യം. മറ്റ് എന്റര്‍പ്രണര്‍ വിസകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഈ വിസ. ഇതിന് സാമ്പത്തിക നിബന്ധനകള്‍ നിര്‍ബന്ധമില്ലെന്നതാണ് പ്രധാന പ്രത്യേകത. ഇതിന് അര്‍ഹത നേടുന്നതിനായി അപേക്ഷകര്‍ ശക്തമായതും പുതുമയുള്ളതുമായ ഒരു ബിസിനസ് പ്രൊപ്പോസല്‍ സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്.

ഈ വിസ പ്രോഗ്രാമിന് അപേക്ഷിക്കുന്നവര്‍ക്ക് 45 വയസില്‍ കുറവ് പ്രായം മാത്രമേ ഉണ്ടാകാവൂ എന്ന നിബന്ധനയുണ്ട്. ഇതിനായി സൗത്ത് ഓസ്‌ട്രേലിയന്‍ സർക്കാരിൽ നിന്നും ഒരു അംഗീകാരം നേടുകയാണ് അപേക്ഷകര്‍ ആദ്യം ചെയ്യേണ്ടത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രേഡ്, ടൂറിസം, ഇന്‍വെസ്റ്റ്‌മെന്റില്‍ നിന്നുമുള്ള അംഗീകാരവും നേടേണ്ടതുണ്ട്. തുടര്‍ന്ന് അവര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സിലേക്ക് സബ് ക്ലാസ് 408 വിസക്ക് അപേക്ഷിക്കാന്‍ സാധിക്കും. 2018 നവംബര്‍ മുതല്‍ 2021 നവംബര്‍ വരെയുള്ള കാലത്താണ് സിസ വിസ പൈലറ്റ് നടപ്പിലാക്കുന്നത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb