ഓസ്‌ട്രേലിയയിലെ കോൺസുലേറ്റുകളിൽ സംശയകരമായ പാക്കറ്റുകൾ

January 09, 2019

മെൽബൺ: മെല്‍ബണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉള്‍പ്പെടെ ഓസ്‌ട്രേലിയയിലെ വിവിധ വിദേശ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളില്‍ സംശയകരമായ രീതിയില്‍ പാക്കറ്റുകള്‍ ലഭിച്ചു. ഇതേത്തുടര്‍ന്ന് മെല്‍ബണിലും കാന്‍ബറയിലും എമര്‍ജന്‍സി വിഭാഗം ആളുകളെ ഒഴിപ്പിച്ച് പരിശോധന നടത്തി.

ഇന്ത്യൻ, ബ്രിട്ടീഷ്, ജർമ്മനി, ഇറ്റലി, സ്പെയിൻ, ദക്ഷിണ കൊറിയ, തുടങിയ കോൺസുലേറ്റുകളിലാണ് സംശയകരമായ സാഹചര്യത്തിൽ ബുധനാഴ്ച പാക്കറ്റുകൾ ലഭിച്ചത്. ഏതാണ്ട് 22 കെട്ടിടങ്ങളിൽ ഇത്തരം പാക്കറ്റുകൾ ലഭിച്ചതായി പൊലീസ് സംശയിക്കുന്നു.

ഇതേതുടർന്ന് ഉച്ചക്ക് ഒരു മണിയോടെ കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയും വിക്ടോറിയയിലെ എമർജൻസി വിഭാഗവും പൊലീസും ഇവിടെ പരിശോധനകൾ നടത്തുകയും ചെയ്തു.

സെന്റ് കിൽഡ റോഡിലുള്ള ഇന്ത്യൻ കോൺസുലേറ്റിന്റെ പരിസരം ഉച്ചയോടെ അഗ്നിശമനസേനയുടെ രണ്ട് വാഹനങ്ങളും, പാരാമെഡിക്‌സും, സ്ഫോടകവസ്തു പരിശോധനാ വിദഗ്ധരുടെ വാഹനവും പൊലീസ് കാറുകളും കൊണ്ട് നിറഞ്ഞിരുന്നു.

എമർജൻസി വിഭാഗത്തിലുള്ള രാസപദാർത്ഥ പരിശോധനാ വിദഗ്ധരും ഇവിടേക്ക് എത്തിയിരുന്നു. പൊലീസ് സുരക്ഷ ഉറപ്പു വരുത്തിയ ശേഷം തിരികെ കെട്ടിടത്തിൽ പ്രവേശിക്കാൻ അനുവാദം നൽകിയതായി ഇന്ത്യൻ കോൺസുലേറ്റ് ജീവനക്കാരൻ പറഞ്ഞു.

ഇന്തോനേഷ്യ, തായ്‌ലൻഡ്, ഗ്രീസ്, ഈജിപ്ത്, ജപ്പാൻ എന്നീ രാജ്യങ്ങളുടെ നയതന്ത്ര ഓഫീസുകളും ആളുകളെ ഒഴിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. കാൻബറയിലെ ചില എംബസ്സികളിലും പാക്കറ്റുകൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഏതൊക്കെയെന്ന് അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരുന്നു. സിഡ്‌നിയിൽ കഴിഞ്ഞ ദിവസം സംശയകരമായ പാക്കറ്റ് ലഭിച്ച സാഹചര്യത്തിൽ അർജന്റീനിയൻ കോൺസുലേറ്റ് ഒഴിപ്പിച്ചിരുന്നു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb