ഓസ്‌ട്രേലിയന്‍ വേതനം മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍

January 07, 2019

മെൽബൺ: ഓസ്‌ട്രേലിയന്‍ വേതനം മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്ന് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് കണക്കുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസങ്ങള്‍ക്കിടെ വേതനത്തില്‍ 0.62 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. 2014ന് ശേഷം ഏറ്റവും വലിയ വേതന വര്‍ധനവാണുണ്ടായിരിക്കുന്നത്. തൊഴില്‍ വിപണിയുടെ മെച്ചപ്പെടലാണ് ഇത്തരത്തില്‍ നിരവധി വ്യവസായങ്ങളില്‍ വേതന വര്‍ധനവിന് വഴിയൊരുക്കിയിരിക്കുന്നത്.

സെപ്റ്റംബര്‍ ക്വാര്‍ട്ടറിന്റെ അവസാനത്തില്‍ ഓസ്‌ട്രേലിയയില്‍ തൊഴിലില്ലായ്മ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ഇടിഞ്ഞ് താണിരിക്കുന്നത്. ആറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന തൊഴിലില്ലായ്മ നിരക്കാണിത്. നാഷണല്‍ മിനിമം വേയ്ജിലെ വര്‍ധനവ്, റെഗുലര്‍ലി ഷെഡ്യൂള്‍ഡ് എന്റര്‍പ്രൈസ് കരാറിലെ വര്‍ധനവ്, ഫിനാന്‍ഷ്യല്‍ ഇയറിനൊപ്പമുണ്ടായ മോഡേണ്‍ അവാര്‍ഡുകളും സാലറി റിവ്യൂകളും ആണ് സെപ്റ്റംബറിലെ ക്വാര്‍ട്ടറില്‍ ശമ്പള വര്‍ധനയുണ്ടാവാനുള്ള പ്രധാന കാരണങ്ങളെന്നാണ് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് കണ്ടെത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ കണക്ക് പ്രകാരം സ്വകാര്യ മേഖലയിലെ വേതനത്തില്‍ 2.14 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. ജൂണ്‍ ക്വാര്‍ട്ടറിലെ 2.07 ശതമാനത്തില്‍ നിന്നുള്ള ഉയര്‍ച്ചയാണിത്. 2015 ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. പൊതുമേഖലയിലെ വേതന വര്‍ധനവ് 2.47 ശതമാണ്. ജൂണ്‍ ക്വാട്ടറിലെ 2.41 ശതമാനത്തില്‍ നിന്നുമുള്ള വര്‍ധനവാണിത്. 2015 ഡിസംബറിന് ശേഷമുള്ള ഏറ്റവും കൂടിയ പെരുപ്പമാണിത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb