ഓസ്ട്രേലിയൻ പാർലമെന്റ് തെരഞ്ഞെടുപ്പ് മേയ് 18ന്

April 11, 2019

ഓസ്ട്രേലിയൻ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മേയ് 18 ശനിയാഴ്ച വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പ്രഖ്യാപിച്ചത്. ഗവർണർ ജനറലുമായി രാവിലെ ഏഴു മണിക്ക് നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഓസ്ട്രേലിയയുടെ 45ാം പാർലമെന്റ് പിരിച്ചുവിടാൻ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ഗവർണർ ജനറലിനോട് അഭ്യർത്ഥിച്ചു.

തുടർന്ന് അഞ്ചാഴ്ച നീണ്ടു നിൽക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് തീയതി പ്രഖ്യാപിച്ചതിനൊപ്പം പ്രധാനമന്ത്രി തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പിന്റെ പ്രധാന തീയതികൾ ഇവയാണ്

തെരഞ്ഞെടുപ്പ് റിട്ട് - ഏപ്രിൽ 11, വോട്ടർപട്ടിക പൂർത്തിയാക്കൽ - ഏപ്രിൽ 18, നോമിനേഷൻ നൽകാനുള്ള അവസാന തീയതി - ഏപ്രിൽ 23, വോട്ടടെടുപ്പ് - മേയ് 18, തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാനുള്ള അവസാന തീയതി - ജൂൺ 28

സർക്കാരിന്റെ നയങ്ങൾ ഉയർത്തിക്കാട്ടാനും, പ്രതിപക്ഷത്തെ ശക്തമായി ആക്രമിക്കാനുമാണ് ഈ വാർത്താസമ്മേളനത്തിൽ കൂടുതൽ സമയവും പ്രധാനമന്ത്രി നീക്കിവച്ചത്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയും ഭദ്രതയും ഉറപ്പുവരുത്താൻ ലിബറൽ സഖ്യ സർക്കാർ തന്നെ അധികാരത്തിൽ വരണമെന്ന് സ്കോട്ട് മോറിസൻ പറഞ്ഞു.

അഭിപ്രായസർവേകൾ സർക്കാരിന് എതിര്

ഓസ്ട്രേലിയൻ പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിൽ 150 സീറ്റുകളാണ് ഉള്ളത്. 76 സീറ്റുകളാണ് സർക്കാർ രൂപീകരിക്കാൻ ആവശ്യം.

നിലവിലെ പാർലമെന്റിൽ 74 സീറ്റുകൾ മാത്രമാണ് ഭരണപക്ഷമായ ലിബറൽ-നാഷണൽ സഖ്യത്തിന് ഉള്ളത്. ക്രോസ് ബെഞ്ച് അംഗങ്ങളുടെ കൂടെ പിന്തുണയോടെയാണ് സർക്കാർ ഭരണം നിലനിർത്തുന്നത്.

ലേബർ പാർട്ടിക്ക് 69 സീറ്റുകളുണ്ട്. അതായത്, വരുന്ന തെരഞ്ഞെടുപ്പിൽ ഭരണം നേടണമെങ്കിൽ ഇരുപക്ഷത്തിനും അധികം സീറ്റുകൾ നേടേണ്ടതുണ്ട്. എന്നാൽ അഭിപ്രായവോട്ടെടുപ്പുകളിലെല്ലാം സർക്കാർ പിന്നിലാണ്. വെള്ളിയാഴ്ചയോടെ രാജ്യത്തെ ഭരണം കാവൽസർക്കാരിന് കീഴിലേക്ക് മാറും.

പ്രചാരണരംഗത്ത് ഇരുപക്ഷവും

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പു തന്നെ ഭരണപക്ഷവും പ്രതിപക്ഷവും പ്രചാരണം ശക്തമാക്കിയിരുന്നു. ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലും സർക്കാരിന്റെ നേട്ടങ്ങളും പദ്ധതികളും അക്കമിട്ട് പറയുകയാണ് പ്രധാനമന്ത്രി ചെയ്തത്. രാജ്യത്തിന്റെ സാമ്പത്തിക ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യതെത് മിച്ച ബജറ്റിലേക്ക് തിരിച്ചുകൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞുവെന്നും, തൊഴിലാളികൾക്കും ബിസിനസുകൾക്കും ഒരുപോലെ ഗുണകരമായ സാമ്പത്തിക നയങ്ങളാണ് ലിബറൽ സഖ്യത്തിന്റേതെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, ആറു വർഷത്തിനു ശേഷം ലിബറൽ സഖ്യത്തെ താഴെയിറക്കാൻ ജനം തയ്യാറായിരിക്കുകയാണെന്ന് ലേബർ നേതാവ് ബിൽ ഷോർട്ടൻ പറഞ്ഞു. ന്യൂ സൗത്ത് വെയിൽസിൽ പ്രചാരണത്തിൽ സജീവമായിരുന്നു അദ്ദേഹം.

കടപ്പാട്: SBS

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb