ഓസ്ട്രേലിയൻ ടൂറിസ്റ്റ് മേഖലയിൽ ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്

January 31, 2019

മെൽബൺ: ഓസ്ട്രേലിയൻ ടൂറിസ്റ്റ് മേഖലയിൽ ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുതിപ്പ്. 2018 നവംബർ വരെയുള്ള വാർഷിക കണക്കിൽ ഏകദേശം 18% വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് മുൻകാല വളർച്ചയേക്കാൾ 10% വർദ്ധനവ്. ഇതോടെ 1.6 ബില്യൻ ഡോളറുകളാണ് ഇന്ത്യൻ സഞ്ചാരികൾ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ചിലവഴിച്ചിരിക്കുന്നത്.

തുടർച്ചയായ അഞ്ചാമത്തെ വർഷവും ഓസ്ട്രേലിയൻ ടൂറിസ്റ്റ് വിപണിയിൽ ഇന്ത്യൻ സഞ്ചാരികളുടെ വളർച്ച നിരക്ക് ഇരട്ട സംഖ്യയിലെത്തുന്നത് ടൂറിസ്റ്റ് മേഖലയ്ക്ക് പുതുജീവൻ നൽകുന്നു. കഴിഞ്ഞ മാസങ്ങളിൽ ടൂറിസ്റ്റ് വകുപ്പ് പുറത്തുവിട്ട ആകർഷകമായ പരസ്യ പരിപാടികൾ ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്കിന് ചുക്കാൻ പിടിച്ചെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

ദൃശ്യ മാധ്യമങ്ങളിലുമായി പ്രചരിപ്പിച്ച 'അൻഡിസ്കവർ ഓസ്‌ട്രേലിയ' വ്യത്യസ്തമായ യാത്ര അനുഭവങ്ങളെ അടിസ്ഥാനമാക്കിയ ഒന്നായിരുന്നു. ടൂറിസ്റ്റ് വകുപ്പും ESPN ചാനലും കൈകോർത്ത് അവതരിപ്പിച്ച ടെലിവിഷൻ പരിപാടിയിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുടെ വീടും നാടും സംസ്കാരവും തുറന്ന് കാട്ടുന്നതായിരുന്നു. 22 എപ്പിസോഡുകളുണ്ടായിരുന്ന പരിപാടിയുടെ അവതാരക ഇന്ത്യക്കാരി ശിഭാനി ദണ്ടേക്കർ ആയിരുന്നു. ബോളിവുഡ് താരമായ പരിനീതി ചോപ്രയുമായി ചേർന്നൊരുക്കിയ ഫ്രണ്ട് ഓഫ് ഓസ്ട്രേലിയ എന്ന യാത്രാവിവരണ ബ്ലോഗും ഇന്ത്യൻ സഞ്ചാരികളെ ഓസ്‌ട്രേലിയയിലേക്ക് എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. പരിനീതിയെ കൂടാതെ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും, ക്രിക്കറ്റ് നിരൂപകൻ ഹർഷ ബോഗിളും ഇതിൽ പങ്കെടുത്തിരുന്നു.

പ്രാദേശിക ടൂറിസ്റ്റ് ഏജൻസികൾക്കായി ആരംഭിച്ച ഓസി സ്‌പെഷ്യലിസ്റ്റ് പരിപാടിയും അവർക്കായി ഒരുക്കിയ എയർലൈൻ മാർക്കറ്റ് പ്ലെയിസ് കാമ്പയ്നും ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിൽ പങ്കാളികളായി.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb