ഉറക്കം നഷ്ടപ്പെടുത്തിയതിന് കുഞ്ഞിനെ ചുമരിൽ എറിഞ്ഞു കൊന്നു: അച്ഛന് പന്ത്രണ്ടര വർഷം തടവ്

April 12, 2019

ക്വീൻസ്ലാന്റിൽ 21 മാസം പ്രായമായ കുഞ്ഞിനെ ചുമരിലേക്ക് വലിച്ചെറിഞ് കൊലപ്പെടുത്തിയ കേസിൽ അച്ഛന് പന്ത്രണ്ടര വര്ഷം തടവ്. ബ്രിസ്‌ബൈൻ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. ക്വീൻസ്ലാന്റിലെ സൺഷൈൻ കോസ്റ്റിലുള്ള ഷെയിൻ അക്ഹെസ്റ്റാണ് 21 മാസം പ്രായമായ മകൻ കോർബി അക്ഹെസ്റ്റിനെ ചുവരിലേക്ക് വലിച്ചെറിഞ് കൊലപ്പെടുത്തിയത്.

2015 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. രാത്രിയിൽ ഉറക്കം നഷ്ടപ്പെട്ടതോടെ ദേഷ്യം അടക്കാൻ കഴിയാഞ്ഞ അക്ഹെസ്റ്റ് കുഞ്ഞിനെ ശക്തിയായി ചുമരിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് കേസ്. ഇതേത്തുടർന്ന് തലക്ക് ഗുരുതരമായി ക്ഷതമേറ്റ കോർബിക്ക് മസ്തിഷ്കമരണം സംഭവിച്ചു. ചികിത്സയിലായിരുന്ന കോർബി രണ്ട് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ പൊലീസ് ഷെയിൻ അക്ഹെസ്റ്റിനെ അറസ്റ്റ് ചെയ്തു. പല തവണ ചോദ്യം ചെയ്യലിൽ കുറ്റം നിഷേധിച്ച അക്ഹെസ്റ്റ് പിന്നീട് കോടതിയിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

കുഞ്ഞിനെ ക്രൂരമായി ശാരീരിക ഉപദ്രവം ഏൽപ്പിച്ചതിനും, ഗുരുരമായി പരുക്കേൽപ്പിച്ചതിനുമാണ് ഇയാൾക്കെതിരെ ആദ്യം കേസെടുത്തിരുന്നത്. എന്നാൽ കുട്ടി മരിച്ചതോടെ നരഹത്യക്കും പൊലീസ് കേസെടുത്തു.

കുഞ്ഞിന് ഒന്നര വയസ്സുള്ളപ്പോൾ മുതൽ നാലു മാസത്തോളമായി ഇയാൾ കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. കോർബിയുടെ ശരീരത്തിൽ നടത്തിയ എം ആർ ഐ സ്കാനിങ്ങിൽ 81 ഒടിവുകളും ചതവുകളുമാണ് കണ്ടെത്തിയത്.

അച്ഛൻ എന്ന നിലയിൽ കുഞ്ഞിനെ സംരക്ഷിക്കേണ്ട ആൾ തന്നെ യാതൊരു പ്രകോപനവും ഇല്ലാതെ മനഃപൂർവം കുഞ്ഞിനെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് മാർട്ടിൻ ബേൺസ് പറഞ്ഞു.

ഇയാൾക്ക് കോർബിയുമായി മാനസിക അടുപ്പമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ക്രൂരമായി മർദ്ദനമേറ്റിരുന്ന കുഞ് എത്രത്തോളം വേദന സഹിച്ചിരുന്നു എന്നത് മനസിലാക്കാൻ കഴിയുമെന്നും ജഡ്ജി വ്യക്തമാക്കി.

സാമ്പത്തിക ബുദ്ധിമുട്ടുകളും മാനസിക സമ്മർദ്ദവും ഇയാൾക്കുണ്ടായിരുന്നതായി കോടതി നിരീക്ഷിച്ചു. എന്നാൽ കുഞ്ഞിനെ ആക്രമിക്കുന്ന സമയത്ത് ഇയാൾക്ക് മാനസികമായി പ്രശനങ്ങൾ ഒന്നും ഉള്ളതായി കോടതിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ശിക്ഷ വിധിച്ചത് .

2014 മുതൽ മസ്തിഷ്കാർബുദം പിടിപെട്ടു ചികിത്സയിലായിരിക്കുന്ന അക്ഹെസ്റ്റിനെ രണ്ട് വർഷത്തേക്ക് ജയിലിൽ തന്നെ കീമോതെറാപ്പിക്ക് വിധേയനാക്കും. പന്ത്രണ്ടര വര്ഷം തടവ് ശിക്ഷ ലഭിച്ച ഇയാളുടെ മരണം ജയിലിൽ തന്നെ ആയിരിക്കാനാണ് സാധ്യതയെന്ന് ജസ്റ്റിസ് ബേൺസ് സൂചിപ്പിച്ചു. സംഭവം നടന്ന 2015 മാർച്ച് മുതൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.

കടപ്പാട്: SBS

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb