ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് അന്യ ഉൽപ്പന്നങ്ങൾ വിറ്റു; ഒപ്റ്റസിന് 10 മില്യൺ ഡോളർ പിഴ

February 08, 2019

ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ മറ്റു കമ്പനികളുടെ ഉൽപ്പന്നങ്ങളായ റിംഗ്ടോണും, ഗെയിമുകളും മറ്റും വിറ്റഴിച്ചതിന് ടെലികോം കമ്പനിയായ ഒപ്റ്റസിന് 10 മില്യൺ ഡോളർ പിഴ. ഓസ്‌ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യുമർ കമ്മീഷൻ നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ ഫെഡറൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

2012 മുതൽ ഡയറക്റ്റ് ക്യാരിയർ ബില്ലിംഗ് സേവനത്തിലൂടെ (DCB) ഉപഭോക്താക്കൾക്ക് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ഒപ്റ്റസ് തേർഡ് പാർട്ടി ഉൽപ്പന്നങ്ങൾ വിൽക്കുകയോ സബ്സ്ക്രൈബ് ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്തിരുന്നു. ഇതിനാണ് ഒപ്റ്റസിന് മേൽ ഫെഡറൽ കോടതി പിഴ ചുമത്തിയത്.

തേർഡ് പാർട്ടി ഉൽപ്പന്നങ്ങളായ ഗെയിമുകൾ, റിംഗ്ടോണുകൾ, ജാതകം തുടങ്ങിയ ഓൺലൈൻ ഉൽപ്പന്നങ്ങൾ ഉപഭോക്താകൾക്ക് ആവശ്യമായ വിവരങ്ങൾ നൽകാതെ ഒപ്റ്റസ് വിൽക്കുകയോ സബ്സ്ക്രൈബ് ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്തതായി ഓസ്‌ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (ACCC) കണ്ടെത്തി.

വെബ്സൈറ്റിലെ ഒന്നോ രണ്ടോ ക്ലിക്കുകളിലൂടെയാണ് ഡയറക്റ്റ് ബില്ലിംഗ് സേവനം വഴി ഉപഭോക്താക്കൾ ഉൽപ്പന്നങ്ങൾ വാങ്ങുകയോ സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്യുന്നത്. വാങ്ങുന്ന ഉൽപ്പന്നത്തെക്കുറിച്ച് ഉപഭോക്താക്കൾക്ക് വ്യക്തമായ ബോധ്യമില്ലായിരുന്നുവെന്നും ഇത് സംബന്ധിച്ച് ഒപ്റ്റസ് വേണ്ട നടപടികൾ സ്വീകരിച്ചില്ലായെന്നും ACCC ചൂണ്ടിക്കാട്ടി.

മറിച്ച് ഇത്തരം ഉൽപ്പനങ്ങൾ വാങ്ങിയ ഉപഭോക്താക്കളിൽ നിന്നും പണം ഈടാക്കുകയും ഈ വിൽപ്പനയ്ക്ക് കമ്പനി കമ്മീഷൻ കൈപ്പറ്റുകയും ചെയ്തിരുന്നതായി ACCC അധ്യക്ഷൻ റോഡ് സിംസ് പറഞ്ഞു.

2014 ഏപ്രിൽ മുതൽ ഇതേക്കുറിച്ച് അറിവുണ്ടായിരുന്നെങ്കിലും ഉപഭോക്താക്കൾക്ക് വ്യക്തമായ വിവരങ്ങൾ നൽകിയിരുന്നില്ല എന്ന കുറ്റം ഒപ്റ്റസും സമ്മതിച്ചു. ഇത്തരത്തിൽ 2012 മുതൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് പണം കൈപ്പറ്റിയിരുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ഒക്ടോബർ 2018 മുതൽ ACCC അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ തുടർനടപടികളുടെ ഫലമായാണ് കോടതി പിഴ ചുമത്തിയത്.

2012 മുതൽ DCB സേവനം വഴി 65.8 മില്യൺ ഡോളർ കമ്മീഷനായി ഒപ്റ്റസ് സമ്പാദിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. പണം നഷ്‌ടമായ 240,000ത്തോളം ഉപഭോക്താക്കളുടെ പണം കമ്പനി തിരികെ നൽകിയിട്ടുണ്ട്. എന്നാൽ ഇനിയും പണം ലഭിക്കാത്ത നിരവധി പേരുണ്ടെന്നാണ് ACCC യുടെ കണ്ടെത്തൽ.

അതിനാൽ ഇത്തരത്തിൽ പണം നഷ്ടമായെന്ന് കരുതുന്ന ഉപഭോക്താക്കൾ നഷ്ടപ്പെട്ട തുക തിരികെ ലഭിക്കാനായി ഒപ്റ്റസിനെ സമീപിക്കേണ്ടതാണ്. സമാനമായ പ്രശ്നത്തിന്റെ പേരിൽ കഴിഞ്ഞ വര്ഷം ആദ്യം ടെൽസ്ട്രക്ക് മേൽ 10 മില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു. ഏതാണ്ട് 72,000 ഉപഭോക്താക്കൾക്ക് കഴിഞ്ഞ വര്ഷം ഓഗസ്‌റ്റോടെ 9.3 മില്യൺ ഡോളറിന് മേൽ തിരികെ നൽകിയതായി ടെൽസ്ട്ര അറിയിച്ചിരുന്നു.

കടപ്പാട്: SBS

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb