അഴിമതിയിൽ കുടുങ്ങി വീണ്ടും നാബ്; മുൻ സ്റ്റാഫ്‌ ചീഫിൻറെ സ്വത്തുക്കൾ മരവിപ്പിച്ചു

February 08, 2019

രാജിവച്ച നാബ് തലവൻ ഫിജിയിൽ ധൂർത് നടത്തിയതായി ന്യു സൗത്ത് വെയിൽസ് പോലീസ്

മെൽബൻ: നാബിനുള്ളിലെ അഴിമതി സ്ഥിതീകരിച്ചതിൻറെ അടിസ്ഥാനത്തിൽ മുൻ സ്റ്റാഫ്‌ ചീഫ് റോസ്മേരി റോജേഴ്‌സിൻറെ സ്വത്തുക്കൾ പോലീസ് മരവിപ്പിച്ചു. രാജി വച്ച നാബ് തലവൻ ആൻഡ്രൂ തോർബോണിൻറെ സ്റ്റാഫ് ചീഫ് ആയിരുന്നു റോസ്മേരി. ഏകദേശം 10 ലക്ഷം ഡോളറിൻറെ നാബ് ചെക്ക്, 60 ലക്ഷം ഡോളർ വിലമതിക്കുന്ന സ്വത്തുക്കൾ, 3 ബാങ്ക് അക്കൗണ്ടുകൾ എന്നിവയാണ് വിക്റ്റോറിയ കോടതി മരവിപ്പിക്കാൻ ഉത്തരവിട്ടത്. റോസ്മേരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ന്യു സൗത്ത് വെയിൽസ് പോലീസ് അറിയിച്ചു.

റോസ്മേരിയും ഒരു കോർപ്പറേറ്റ് ഈവന്റ് കൊണ്ട്രാക്റ്ററും ചേർന്ന് ബാങ്കിനെതിരെ ഭീമമായ തുകയുടെ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. നാബിലെ ഖജനാവിൽ നിന്നും 5 ലക്ഷത്തോളം ഡോളർ അനധികൃതമായി പിൻവലിച്ചു വിദേശയാത്ര നടത്താൻ ഉപയോഗിച്ചതായി പോലീസിന് തെളിവുകൾ ലഭിച്ചു. ഫിജിയിലെ ലോക്കല ദ്വീപ് റിസോർട്ടിൽ ആൻഡ്ര്യൂ തോർബണിന് അവധി ചിലവഴിക്കാൻ റോസ്മേരി അവസരം ഒരുക്കികൊടുക്കുകയായിരുന്നു. ഇതിനായി കൃതൃമം വഴി ഇൻവോയിസുകൾക്ക് നാബിലെ ഷെയർഹോൾടർമാരിൽനിന്നും അംഗീകാരം വാങ്ങുകയായിരുന്നു.

2014ൽ നാബ് തലവൻ കാമറൂണിന്റെ സ്റ്റാഫ്‌ ചീഫായിരുന്ന റോസ്മേരി അദ്ദേഹത്തിന്റെ ഉദ്യോഗമാറ്റത്തിന് ശേഷം തോർബോണിന്റെ സ്റ്റാഫ് ചീഫ് ആയി തുടർന്നു. ഈ കാലയളവിൽ റോസ്മേരിയുടെ സ്വത്ത് വിവര പട്ടികയിലെ വലിയൊരു കുതിപ്പ് പോലീസിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. 2 സ്പീഡ് ബോട്ടുകൾ, റേഞ്ച് റോവർ കാർ, ആഡംബര വീടുകൾ എന്നിവ 2013 -17 കാലയളവിലാണ് റോസ്മേരി സ്വന്തമാക്കിയത്. റോസ്മേരിയുടെ ഭർത്താവടക്കം മറ്റു കുടുംബാംഗങ്ങളുടെ സ്വത്ത് വിവരങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്. പോലീസിന്റെ അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്ന് ആൻഡ്രൂ തോർബോണ് മാധ്യമങ്ങളോട് പറഞ്ഞു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb