ഓസ്‌ട്രേലിയ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നു; താൽക്കാലിക വിസക്കാർക്ക് യാത്രാവിലക്ക്

കാൻബറ: കുടിയേറ്റ നിയമങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാർ. കുടിയേറ്റ സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാൻ ചില താത്ക്കാലിക വിസക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നു.
വ്യാജ അഭയാർത്ഥി അപേക്ഷകൾ നൽകി ദീർഘകാലം രാജ്യത്ത് തുടരുന്നത് തടയുന്നതിനും ഇതുമൂലമുണ്ടാകുന്ന വൻ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനുമാണ് ആഭ്യന്തര മന്ത്രാലയത്തിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന നിയമഭേദഗതി പരിഗണിക്കുന്നത്.
രാജ്യത്തിന്റെ കുടിയേറ്റ സംവിധാനത്തെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഇത്തരം കടുത്ത നടപടികൾ അനിവാര്യമാണെന്ന് ആഭ്യന്തര മന്ത്രി ടോണി ബർക്ക് വ്യക്തമാക്കി. വിസ നൽകുന്നതിലും യാത്ര തടയുന്നതിലും മന്ത്രാലയത്തിന് പുതിയ നിയമം കൂടുതൽ കരുത്ത് നൽകും.
എന്നാൽ ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ പുതിയ നിയന്ത്രണം ബാധകമാവുക എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.



