ആൽഫ്രഡ് ചുഴലിക്കാറ്റ് ശക്തമാകുന്നു; സ്‌കൂളുകൾ അടച്ചു

ക്വീൻസ്‌ലാൻഡ്: കിഴക്കൻ ഓസ്‌ട്രേലിയയിൽ ആൽഫ്രഡ് ചുഴലിക്കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ, സ്‌കൂളുകൾ അടച്ചുപൂട്ടുകയും പൊതുഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തു. ചുഴലിക്കാറ്റിന്റെ വരവോടെ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. ക്വീൻസ്‌ലാൻഡിലെ 660 സ്‌കൂളുകളും ന്യൂ സൗത്ത് വെയിൽസിലെ 280 സ്‌കൂളുകളും പ്രധാനമന്ത്രി ആന്റണി അൽബാനീസ് അടച്ചുപൂട്ടാൻ നിർദേശിച്ചു.

ശനിയാഴ്ച രാവിലെ ക്വീൻസ്‌ലാൻഡ് തീരത്ത് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൺഷൈൻ കോസ്റ്റ് മേഖലയ്ക്കും ഗോൾഡ് കോസ്റ്റ് നഗരത്തിനും ഇടയിലായിരിക്കും ഇത്. 1974ൽ ഗോൾഡ് കോസ്റ്റിൽ സോയ് ചുഴലിക്കാറ്റ് വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായതിന് ശേഷം ബ്രിസ്‌ബെയ്‌നിന് സമീപം തീരം കടക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റായിരിക്കും ആൽഫ്രഡ്.

ചുഴലിക്കാറ്റിനെ നേരിടാൻ 310,000 മണൽച്ചാക്കുകൾ ബ്രിസ്‌ബെയ്‌നിലേക്ക് എത്തിച്ചതായി ഫെഡറൽ സർക്കാർ അറിയിച്ചു. കൂടുതൽ ചാക്കുകൾ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ബാധിത പ്രദേശങ്ങളിലുടനീളം പൊതുഗതാഗതം നിർത്തിവച്ചു. അപകടം കുറയുന്നതുവരെ ആശുപത്രികളിൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രമായിരിക്കും നടത്തുക. ന്യൂ സൗത്ത് വെയിൽസിലെ 4,500 വീടുകളിലും ബിസിനസുകളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

ബ്രിസ്‌ബെയ്‌നിന് 280 കിലോമീറ്റർ കിഴക്കായിട്ടാണ് നിലവിൽ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. മണിക്കൂറിൽ 95 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. ചിലപ്പോൾ വേഗത മണിക്കൂറിൽ 130 കിലോമീറ്റർ വരെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കരയിലെത്തുന്നതുവരെ കാറ്റിന്റെ ശക്തി കുറയില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, പ്രധാന ആശങ്ക വ്യാപകമായ വെള്ളപ്പൊക്കമാണ്. ബ്രിസ്‌ബെയ്‌നിലെ 20,000 വീടുകൾ വരെ വെള്ളപ്പൊക്കത്തിൽ മുങ്ങാനിടയുണ്ടെന്ന് കാലാവസ്ഥാ മാതൃകകൾ കാണിക്കുന്നു.

Related Articles

Back to top button