രാജ്യാന്തര വിദ്യാർത്ഥികൾക്ക് തിരിച്ചടി; ജോലി ചെയ്യാവുന്ന സമയത്തിൽ വീണ്ടും നിയന്ത്രണങ്ങൾ

ഓസ്ട്രേലിയയിൽ രാജ്യാന്തര വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാവുന്ന സമയത്തിൽ വീണ്ടും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

സ്റ്റുഡന്റ് വിസയിലുള്ള രാജ്യാന്തര വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം ജോലി ചെയ്യാൻ കൊവിഡ് കാലത്ത് നൽകിയ ഇളവുകൾ പിൻവലിക്കുമെന്നാണ് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

2023 ജൂലൈ ഒന്നു മുതൽ രണ്ടാഴ്ചയിൽ പരമാവധി 48 മണിക്കൂർ മാത്രമേ സ്റ്റുഡന്റ് വിസയിലുള്ളവർക്ക് ജോലി ചെയ്യാൻ കഴിയൂ.

കൊവിഡ് കാലത്തിന് മുമ്പ് രണ്ടാഴ്ചയിൽ 40 വരെ മണിക്കൂർ ജോലി ചെയ്യാനായിരുന്നു രാജ്യാന്തര വിദ്യാർത്ഥികൾക്ക് അനുമതിയുണ്ടായിരുന്നത്.

എന്നാൽ കൊവിഡ് സമയത്ത് പല മേഖലകളിലും തൊഴിലാളിക്ഷാമം രൂക്ഷമാകുകയും, വിദ്യാർത്ഥികൾ സാമ്പത്തിക പ്രതിസന്ധിയിലാകുകയും ചെയ്തപ്പോൾ സർക്കാർ ഇതിന് ഇളവു നൽകി.

ചില തൊഴിൽമേഖലകളിൽ മാത്രമായിരുന്നു ആദ്യം ഇളവ് നൽകിയതെങ്കിലും, 2022 ജനുവരി മുതൽ എല്ലാ രാജ്യാന്തര വിദ്യാർത്ഥികളെയും സമയപരിധിയില്ലാതെ ജോലി ചെയ്യാൻ അനുവദിച്ചിരുന്നു.

ഈ ഇളവ് ജൂൺ 30ന് അവസാനിക്കും എന്നാണ് ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ചത്.

ജൂലൈ ഒന്നു മുതൽ സമയപരിധി വീണ്ടും കൊണ്ടുവരും. എന്നാൽ 40 മണിക്കൂറിൽ നിന്ന് 48 മണിക്കൂറായി ഇത് ഉയർത്തും.

അതായത്, ഒരാഴ്ചയിൽ ജോലി ചെയ്യാവുന്ന സമയം 20 മണിക്കൂറിൽ നിന്ന് 24 മണിക്കൂറാകും.

വിദ്യാർത്ഥികൾക്ക് വരുമാനവും തൊഴിൽപരിചയവും ലഭിക്കുന്നതിനൊപ്പം, പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാനും, യോഗ്യത നേടാനും ഇത് സഹായിക്കുമെന്ന് ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടി.

ഉയരുന്ന ജീവിതച്ചെലവിൽ തിരിച്ചടി

കൊവിഡ് കാലത്തിനു ശേഷം അതിർത്തികൾ തുറന്നതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സ്റ്റുഡന്റ് വിസ അപേക്ഷകൾ കുതിച്ചുയരുകയാണ്.

അതോടൊപ്പം ഓസ്ട്രേലിയയിലെ ജീവിതച്ചെലവും കൂടിയത് രാജ്യാന്തര കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നാണ് രാജ്യാന്തര വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്.

യൂണിവേഴ്സിറ്റികൾക്ക് സമീപത്തുള്ള വീടുകളുടെ വാടക വൻ തോതിൽ ഉയർന്നതോടെ ഒട്ടേറെ വിദ്യാർത്ഥികളാണ് താമസസൗകര്യം കണ്ടെത്താൻ കഴിയാതെ പ്രതിസന്ധിയിലായത്.

ഇത്തരം വിദ്യാർത്ഥികൾക്ക് കൂടുതൽ തിരിച്ചടിയാകുന്നതാണ് ജോലി സമയത്തിൽ വീണ്ടും പരിധി കൊണ്ടുവരാനുള്ള തീരുമാനം.

അതേസമയം, രാജ്യാന്തര വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം ജോലി ചെയ്യാൻ അനുവാദം നൽകിയത് വിസ ഏജന്റുമാർ ദുരുപയോഗം ചെയ്യുന്നതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഓസ്ട്രേലിയയിൽ ജോലി ചെയ്യാനുള്ള അവസരമായി സ്റ്റുഡന്റ് വിസകളെ ഉപയോഗിക്കുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ.

കടപ്പാട്: SBS മലയാളം

Exit mobile version