സ്ത്രീകളെക്കാൾ വരുമാനം കുറഞ്ഞ പുരുഷന്മാർ ഗാർഹീകപീഡനത്തിലേർപ്പെടുന്നത് കൂടുന്നതായി റിപ്പോർട്ട്
സ്ത്രീകളെക്കാൾ കുറഞ്ഞ വരുമാനമുള്ള പുരുഷന്മാർ ഗാർഹികപീഡനത്തിലേർപ്പെടുന്നത് വർധിച്ചതായി പുതിയ പഠനം തെളിയിക്കുന്നു.
ഓസ്‌ട്രേലിൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഒരു ദശാബ്ദത്തിലേറെയായി നടത്തിയ സർവേയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എല്ലാ സംസ്കാരത്തിലും, പ്രായത്തിലുമുള്ളവർക്കിടയിലാണ് സർവേ നടത്തിയത്.
സ്ത്രീകളെക്കാൾ കുറഞ്ഞ വരുമാനമുള്ള പുരുഷന്മാർ ഗാർഹികപീഡനത്തിലേർപ്പെടുന്നത് 35 ശതമാനം വരെ വർധിക്കുന്നതായാണ് പുതിയ പഠനം തെളിയിക്കുന്നത്.
മാത്രമല്ല, ഒരു കുടുംബത്തിലെ ആകെ വരുമാനത്തിന്റെ പകുതിയിൽ കൂടുതൽ സമ്പാദിക്കുന്ന സ്ത്രീകൾ മറ്റ് സ്ത്രീകളെക്കാൾ അധികം മാനസികമായി അധിക്ഷേപിക്കപ്പെടാനുള്ള സാധ്യതകൾ കൂടുതലാണെന്നും സർവേയിൽ പറയുന്നു.
സ്ത്രീകൾക്ക് വരുമാനം കൂടുന്നത് വീട്ടിലെ പുരുഷന്മാർക്ക് ഭീഷണിയാവുകയും അവരുടെ അധികാരം ഉപയോഗിച്ച് ശാരീരികമായും മാനസികമായും സ്ത്രീകളെ അധിക്ഷേപിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടിൽ പറയുന്നു.
കുടുംബത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് പുരുഷന്മാരാണെന്ന സ്ഥിരം ചിന്താഗതിക്ക് മാറ്റം വരുമ്പോഴാണ് സ്ത്രീകൾ ആക്രമിക്കപ്പെടുന്നതെന്ന് ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി ഗവേഷകൻ റോബർട്ട് ബ്രൂണിഗ് ചൂണ്ടിക്കാട്ടുന്നു.
ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് വെൽഫെയറിന്റെ ഡാറ്റ പ്രകാരം ആറിൽ ഒന്ന് ഓസ്‌ട്രേലിയൻ സ്ത്രീകൾ ശാരീരികമായോ ലൈംഗികമായോ പങ്കാളിയുടെ പീഡനത്തിനിരയായതായാണ് റിപ്പോർട്ടുകൾ.
കടപ്പാട്: SBS മലയാളം