ഇന്ത്യയിലേക്ക് യാത്ര തിരിച്ച യുവതി വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു
മെൽബൺ: നാല് വർഷത്തിന് ശേഷം ആദ്യമായി ഇന്ത്യയിലുള്ള കുടുംബത്തെ സന്ദർശിക്കാനായി യാത്രതിരിച്ച യുവതി വിമാനത്തിനുള്ളിൽ വച്ച് മരിച്ചു.
ക്വാണ്ടാസ് വിമാനത്തിൽ കയറിയ യാത്രക്കാരിയാണ് വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപ് കുഴഞ്ഞുവീണ് മരിച്ചത്. ജൂൺ 20 നാണ് സംഭവം നടന്നത്.
മൻപ്രീത് കൗർ (24) ആണ് മെൽബണിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്നതിനുള്ള വിമാനത്തിനുള്ളിൽ വച്ച് കുഴഞ്ഞ്വീണ് മരിച്ചത്.
തുലാമറൈൻ വിമാനത്താവളത്തിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ യുവതിക്ക് ക്ഷീണം അനുഭവപ്പെട്ടിരുന്നതായി യുവതിയുടെ സുഹൃത്തും റൂമേറ്റുമായ ഗുർദീപ് ഗ്രെവാൾ പറഞ്ഞു. പക്ഷേ പ്രശ്‌നങ്ങളൊന്നുമില്ലാതെ വിമാനത്തിൽ കയറാൻ കഴിഞ്ഞു.
എന്നാൽ സീറ്റ് ബെൽറ്റ് ധരിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിക്ക് ക്ഷീണം അനുഭവപ്പെട്ടു. തുടര്‍ന്ന് വിമാനത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ മരണം സംഭവിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.
ഫ്ലൈറ്റ് ക്രൂവും എമർജൻസി സർവീസുകളും വൈദ്യസഹായം നൽകാൻ ശ്രമിച്ചതായി ക്വാണ്ടാസ് വക്താവ് പറഞ്ഞു. ക്ഷയരോഗം മൂലമാണ് യുവതി മരിച്ചതെന്നാണ് മനസ്സിലാക്കുന്നതെന്നും വക്താവ് അറിയിച്ചു. മൻപ്രീത് കൗർ ഓസ്‌ട്രേലിയ പോസ്റ്റിൽ ജോലി ചെയ്ത് വരികയായിരുന്നു.
ഷെഫാകാനായിരുന്നു മൻപ്രീത് ആഗ്രഹിച്ചിരുന്നതെന്നും ഗുർദീപ് ഗ്രെവാൾ വ്യക്തമാക്കി. യുവതിയുടെ സുഹൃത്ത് ഗ്രെവാൾ മൻപ്രീതിന്‍റെ കുടുംബത്തെ സഹായിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനായി ഗോഫണ്ട് മീയിൽ പേജ് ആരംഭിച്ചിട്ടുണ്ട്.