പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ അതിര്‍ത്തികള്‍ മാര്‍ച്ച് മൂന്നിന് തുറക്കും

പെര്‍ത്ത്: ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ മാര്‍ച്ച് മൂന്നിന് തുറക്കുന്നു. പ്രീമിയര്‍ മാര്‍ക് മക്‌ഗോവനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

മാര്‍ച്ച് മുന്നിന് പുലര്‍ച്ചെ 12:01-നാണ് അതിര്‍ത്തികള്‍ തുറക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്ന, ട്രിപ്പിള്‍-ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ക്വാറന്റീന്‍ ഇല്ലാതെ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലേക്കു പ്രവേശനം അനുവദിക്കും.

ഓസ്ട്രേലിയയില്‍ പ്രവേശിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പാലിക്കുന്ന അന്താരാഷ്ട്ര യാത്രക്കാരെയും സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുവദിക്കും. ഇവിടെയെത്തി 12-മണിക്കൂറിനുള്ളില്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം.

‘ഒമിക്രോണ്‍ വൈറസിന്റെ സാന്നിധ്യം എല്ലായിടത്തുമുണ്ട്. അതിന്റെ വ്യാപനം പൂര്‍ണമായും തടയാന്‍ കഴിയില്ലെന്നു പ്രീമിയര്‍ മാര്‍ക് മക്‌ഗോവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘മാര്‍ച്ച് മൂന്നിന് അതിര്‍ത്തി തുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം മികച്ചതാണ്. ശരിയായ സമയത്ത്, ശരിയായ കാരണങ്ങളാലാണ് പുതിയ തീരുമാനമെന്ന് മാര്‍ക് മക്ഗോവന്‍ പറഞ്ഞു.

ആദ്യം ഫെബ്രുവരി അഞ്ചിന് അതിര്‍ത്തികള്‍ തുറക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഒമിക്രോണ്‍ വ്യാപനത്തെുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു. ഇപ്പോള്‍ ഒരു മാസത്തിന് ശേഷമാണ് അതിര്‍ത്തി തുറക്കുമെന്നുള്ള പ്രഖ്യാപനമുണ്ടായത്.

ഓസ്‌ട്രേലിയയില്‍ ഏറ്റവും കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ഏര്‍പ്പെടുത്തിയിരുന്നത്.

ഒമിക്രോണിന്റെ വ്യാപനം പരിമിതപ്പെടുത്താന്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന നിയന്ത്രണങ്ങളും പ്രീമിയര്‍ പ്രഖ്യാപിച്ചു. ഇന്‍ഡോര്‍ കെട്ടിടങ്ങളില്‍ തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍, മാസ്‌ക് ധരിക്കണം. ഇതേസമയം തന്നെ പെര്‍ത്ത്, പീല്‍, സൗത്ത് വെസ്റ്റ്, ഗ്രേറ്റ് സതേണ്‍, വീറ്റ്‌ബെല്‍റ്റ്, പില്‍ബാര എന്നിവിടങ്ങളില്‍ ‘ലെവല്‍ വണ്‍’ മുന്‍കരുതലുകള്‍ പ്രാബല്യത്തില്‍ വരും. അവ താഴെപ്പറയുന്നവയാണ്.

കഫെകള്‍, റസ്റ്റോറന്റുകള്‍, സാംസ്‌കാരിക വേദികള്‍, ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ ഇടങ്ങങ്ങളില്‍ രണ്ടു ചതുരശ്രമീറ്ററില്‍ ഒരാള്‍ എന്ന നിയന്ത്രണം പാലിക്കണം.

തിയറ്ററുകള്‍ പോലെ മുന്നിലേക്ക് അഭിമുഖമായി ഇരിക്കുന്ന വിനോദ വേദികളില്‍ 75 ശതമാനം കപ്പാസിറ്റി വരെയാകാം.

നൈറ്റ് കബ്ബുകളിലും രണ്ട് ചതുരശ്ര മീറ്റര്‍ നിയമം പാലിക്കണം. ആളുകള്‍ 500 വരെയാകാം.

ഇന്‍ഡോര്‍ ഒത്തുചേരലുകള്‍ക്ക് 30 പേരെയും സ്വകാര്യ ഔട്ട്ഡോര്‍ പരിപാടികള്‍ക്ക് 200 പേരെയും അനുവദിക്കും.

വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കില്ല, എന്നാല്‍ ഈ സാധ്യത പരിഗണിക്കാന്‍ തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കും.

സംസ്ഥാനത്തെ 12 വയസിന് മുകളിലുള്ള ജനസംഖ്യയുടെ 95.1 ശതമാനം ഇരട്ട-വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് ആകെ ത്തു പേരാണ് സംസ്ഥാനത്ത് മരണത്തിനു കീഴടങ്ങിയിട്ടുള്ളത്.

Related Articles

Back to top button