ലോകത്തിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളിലൊന്നായി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ

പെര്‍ത്ത്: ലോകത്തിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളിലൊന്നായി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ.

സംസ്ഥാനത്തിന്റെ തലസ്ഥാനമായ പെര്‍ത്തില്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും 40 ഡിഗ്രി മുതല്‍ 49 ഡിഗ്രി വരെയാണ് താപനില അനുഭവപ്പെടുന്നത്. ചൂട് ഇനിയും കനക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ 24 മണിക്കൂറിലെ താപനില കണക്കാക്കിയാണ് ലോകത്തിലെ ഏറ്റവും ചൂടേറിയ 15 സ്ഥലങ്ങളിലൊന്നായി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ മാറിയത്. പെര്‍ത്തില്‍ തിങ്കളാഴ്ച 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് താപനില രേഖപ്പെടുത്തിയത്.

ഇന്നലെ ഉച്ചകഴിഞ്ഞ് പെര്‍ത്തില്‍ താപനില 42.3 ഡിഗ്രിയായി ഉയര്‍ന്നു. ഇതോടെ ഈ മാസം 40 ഡിഗ്രിക്കു മുകളില്‍ താപനില രേഖപ്പെടുത്തിയ ദിവസങ്ങളുടെ എണ്ണം ഏഴായി. ജെറാള്‍ട്ടണില്‍ ഇന്നലെ ഉച്ചകഴിഞ്ഞുള്ള താപനില 47.7 ഡിഗ്രി സെല്‍ഷ്യസാണ്.

ഞായറാഴ്ച, പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ കാര്‍നാര്‍വോണില്‍ 49.9 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി മാസം ഓസ്ട്രേലിയയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള രണ്ടാമത്തെ ഉയര്‍ന്ന താപനിലയാണിത്.

2015 ജനുവരി 20-ന് രേഖപ്പെടുത്തിയ പഴയ റെക്കോര്‍ഡിനേക്കാള്‍ 2.1 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് കാര്‍നാര്‍വോണില്‍ ഇന്നലെ അനുഭവപ്പെട്ടത്.

ഫെബ്രുവരിയില്‍ ഓസ്ട്രേലിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 1998-ലാണ് സംഭവിച്ചത്. അന്ന് മാര്‍ഡി എന്ന പ്രദേശത്ത് താപനില 50.5 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.

സംസ്ഥാനം മൂന്നാഴ്ചയായി കൊടുംചൂടില്‍ ചുട്ടുപൊള്ളുകയാണ്. ഉഷ്ണതരംഗം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ 20 ലധികം സ്‌കൂളുകളും ദേശീയ പാര്‍ക്കുകളും അടച്ചിട്ടിരിക്കുകയാണ്.

താപനില റെക്കോര്‍ഡിലെത്തിയതോടെ പലയിടങ്ങളിലും തീപിടിത്ത ഭീഷണി നിലനില്‍ക്കുകയാണ്.

പെര്‍ത്ത് മുതല്‍ എസ്‌പെരന്‍സ് വരെയും വീറ്റ്‌ബെല്‍റ്റ് വരെയും വ്യാപിച്ചുകിടക്കുന്ന വലിയ പ്രദേശം തീപിടിത്ത ഭീഷണിയിലാണ്.

പല പ്രദേശങ്ങളിലും 45 ഡിഗ്രിയോ അതില്‍ കൂടുതലോ ആണ് താപനില. മണിക്കൂറില്‍ 35 കി.മീ മുതല്‍ 40 കി.മീ വരെ വേഗതയില്‍ ചൂട് കാറ്റും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

പെര്‍ത്ത്, ഗോള്‍ഡ്ഫീല്‍ഡ്സ് മിഡ്ലാന്‍ഡ്, സൗത്ത്-വെസ്റ്റ്, ലോവര്‍ സൗത്ത് വെസ്റ്റ്, ഗ്രേറ്റ് സതേണ്‍ റീജിയണുകള്‍ എന്നിവിടങ്ങളില്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് തീ കത്തിക്കുന്നതിന് ഉള്‍പ്പെടെ സമ്പൂര്‍ണ അഗ്‌നി നിരോധനം ഏര്‍പ്പെടുത്തി.

രാജ്യത്ത് അനുഭവപ്പെടുന്ന കൊടും ചൂടിനും അതിശക്തമായ മഴയ്ക്കും കാരണം എല്‍ നിനോയും കാലാവസ്ഥാ വ്യതിയാനവുമാണെന്ന് കാലാവസ്ഥാ ബ്യൂറോയിലെ ഗവേഷകയായ ജെസ് ലിംഗാര്‍ഡ് പറഞ്ഞു.

Related Articles

Back to top button