ഇന്ത്യക്ക് സഹായമെത്തിക്കാൻ WAയിലെ സംഘടനകൾക്ക് 20 ലക്ഷം ഡോളർ ഗ്രാന്റ് അനുവദിച്ചു

കൊവിഡ് ബാധ രൂക്ഷമായ ഇന്ത്യക്ക് സഹായമെത്തിക്കാൻ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വംശജരുടെ കൂട്ടായ്മകൾക്ക് 20 ലക്ഷം ഡോളർ ഗ്രാന്റ് സംസ്ഥാന സർക്കാർ അനുവദിച്ചു.

കൊവിഡ്ബാധ പ്രതിദിനം നാല് ലക്ഷം കടക്കുന്ന ഇന്ത്യക്ക് ഓസ്‌ട്രേലിയൻ സർക്കാർ സഹായം എത്തിച്ചു തുടങ്ങി.

ഓക്സിജൻ കോൺസന്ട്രേറ്ററുകളും വെന്റിലേറ്ററുകളും ഉൾപ്പടെയുള്ള ജീവൻ രക്ഷാ ഉപകരണങ്ങളാണ് ഓസ്ട്രേലിയ ബുധനാഴ്ച അയച്ചത്.

ഫെഡറൽ സർക്കാരിന് പുറമെ വെസ്റ്റേൺ ഓസ്‌ട്രേലിയൻ സർക്കാരും ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിട്ടുണ്ട്.

വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ വംശജരുടെ സംഘടനകൾക്ക് 20 ലക്ഷം ഡോളർ ഗ്രാൻറ് അനുവദിച്ചു നല്കിക്കൊണ്ടാണ് സംസ്ഥാന സർക്കാർ ഇന്ത്യക്ക് കൈത്താങ്ങാവുന്നത്.

നിലവിൽ ഇന്ത്യക്ക് സഹായം എത്തിച്ച് നൽകാനായി ഇന്ത്യയിലുള്ള സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്ന പ്രാദേശിക ഇന്ത്യൻ സംഘടനകൾക്കാണ് ഈ ഗ്രാൻറ് ലഭിക്കുക എന്ന് പ്രീമിയർ മാർക്ക് മക്ഗവൻ അറിയിച്ചു.

ലോക്കൽ ഗവൺമെന്റ് സ്പോർട്സ് ആൻഡ് കൾച്ചറൽ ഇൻഡസ്ട്രീസ് വിഭാഗം വഴിയാണ് ഗ്രാൻറ് നൽകുന്നത്.

ഇന്ത്യൻ സംഘടനകൾക്ക് ഗ്രാൻറ് ലഭിക്കാൻ ചില നിബന്ധനകളുമുണ്ട്.

രജിസ്റ്റർ ചെയ്ത ജീവകാരുണ്യ സംഘടനകൾക്ക് മാത്രമാണ് ഗ്രാന്റിനായി അപേക്ഷിക്കകാൻ കഴിയുക. മാത്രമല്ല, ഇന്ത്യയിൽ വിശ്വസനീയമായ രജിസ്റ്റേർഡ് സംഘടന വഴിയാണ് സഹായം എത്തിക്കുന്നതെന്നും തെളിയിച്ചാൽ മാത്രമേ ഗ്രാന്റിന് യോഗ്യരാവുകയുള്ളു.

കൊവിഡ് ദുരിതത്തിലാക്കിയ ഇന്ത്യക്ക് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സംഘടനകൾ പല വിധത്തിൽ സഹായം എത്തിക്കുന്നുണ്ടെന്ന് പ്രീമിയർ പറഞ്ഞു. ഇതിന് പുറമെ വെസ്റ്റേൺ ഓസ്‌ട്രേലിയക്കാർക്ക് ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന രജിസ്റ്റേർഡ് സംഘടനയായ സേവാ ഇന്റർനാഷണൽ ഓസ്ട്രേലിയ വഴിയും സംഭാവനകൾ നൽകാമെന്നും മാർക്ക് മക്ഗവൻ പറഞ്ഞു.

ഈ പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യക്ക് എല്ലാ പിന്തുണയും നൽകുമെന്നും ദുരിതം നേരിടുന്ന ഇന്ത്യക്ക് സംസ്ഥാന സർക്കാരിന്റെ ഈ ഗ്രാൻറ് സഹായമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രീമിയർ പറഞ്ഞു.

കടപ്പാട്: SBS മലയാളം

Exit mobile version