കൊവിഡ് കാലത്തിനുശേഷം കൂടുതല്‍ ഇന്ത്യാക്കാരെ ഓസ്‌ട്രേലിയയിലേക്ക് സ്വാഗതം ചെയ്യുമെന്നു സ്‌കോട്ട് മോറിസന്‍

കൊറോണവൈറസ് ബാധ മൂലമുള്ള അതിര്‍ത്തി നിയന്ത്രണങ്ങള്‍ കഴിയുമ്പോള്‍ കൂടുതല്‍ ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ കുടംബങ്ങളെയും സുഹൃത്തുക്കളയെുമെല്ലാം ഓസ്‌ട്രേലിയയിലേക്ക് സ്വീകരിക്കാന്‍ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞു. ഇന്ത്യന്‍ റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഓസ്ട്രലേിയയുടെ യഥാര്‍ത്ഥ സുഹൃത്തുക്കളിലൊന്ന്.

ഇന്ത്യയെ അങ്ങനെ വിശേഷിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കിയത്.

ഓസ്‌ട്രേലിയ ഡേയും, ഇന്ത്യന്‍ റിപ്പബ്ലിക് ദിനവും ഒരേ ദിവസം വരുന്നത് മനോഹരമായ ഒരു യാദൃശ്ചികതയാണെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടു സുഹൃത്തുക്കള്‍ ഒരുമിച്ച് ദേശീയ ദിനം ആഘോഷിക്കുന്ന മനോഹരമായ യാദൃശ്ചികത.

എന്നാല്‍ ഈ യാദൃശ്ചികതയെക്കാള്‍ കൂടുതലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്നും വീഡിയോ സന്ദേശത്തില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഒരേ ആശയങ്ങള്‍ പങ്കുവയ്ക്കുന്നവരാണ് ഇരു രാജ്യങ്ങളും.

ജനാധിപത്യം, സ്വാതന്ത്ര്യം, ബഹുസ്വരത, അവസരങ്ങള്‍ തുടങ്ങിയ ആശയങ്ങളിലൂടെ, മികച്ച ഒരു ലോകം കെട്ടിപ്പടുക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്.

ദീര്‍ഘമായ ചരിത്രമുള്ള ഈ ബന്ധം ഓരോ വര്‍ഷം കഴിയും തോറും ദൃഢമകുകയാണ്.

ആറു മാസം മുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി സമഗ്ര പങ്കാളിത്ത കരാര്‍ ഒപ്പുവച്ച കാര്യവും സ്‌കോട്ട് മോറിസന്‍ ചൂണ്ടിക്കാട്ടി.

പ്രതിരോധം, വ്യാപാരം, ശാസ്ത്രഗവേഷണം തുടങ്ങിയ മേഖലകളിലെ ഈ കരാര്‍, പരസ്പര വിശ്വാസവും സമാനമായ താല്‍പര്യങ്ങളും തെളിയിക്കുന്നതാണ്.

എന്നാല്‍ അതിനേക്കാളെല്ലാമുപരി, ജനങ്ങളാണ് ഇരു രാജ്യങ്ങളെയും യോജിപ്പിച്ച് നിര്ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുമ്പെങ്ങുമില്ലാത്ത വിധം ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജരുടെ എണ്ണം കൂടിയിരിക്കുന്നു.

ഓസ്‌ട്രേലിയന്‍ ബഹുസ്വരതെയ ആഘോഷിക്കുന്ന ഓസ്‌ട്രേലിയ ഡേയില്‍, അഭിമാനമുള്ള കാര്യമാണ് അത്.

കൊറോണവൈറസ് മഹാമാരി മൂലം ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കുമിടയില്‍ ജനങ്ങള്‍ യാത്ര ചെയ്യുന്നത് കുറഞ്ഞെങ്കിലും, നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോള്‍ കൂടുതല്‍ അവസരങ്ങളുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മഹാമാരിക്കാലത്തിന് ശേഷം കൂടുതല്‍ ഇന്ത്യാക്കാരെ ഓസ്‌ട്രേലിയയിലേക്ക് സ്വാഗതം ചെയ്യും.

കൂടുതല്‍ സുഹൃത്തുക്കളെയും കുടുംബങ്ങളെയും വിദ്യാര്‍ത്ഥികളെയുമെല്ലാം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയെക്കുറിച്ചും അദ്ദ്േഹം പരാമര്‍ശിച്ചു.

അവിസ്മരണീയമായ ടെസ്റ്റ് പരമ്പരയാണ് ഈ വേനല്‍ക്കാലം സമ്മാനിച്ചതെന്നും, അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും കളിക്കളത്തില്‍ കടുത്ത എതിരാളികളാകാന്‍ കഴിയുന്ന മനോഹര ദൃശ്യമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാട്: SBS മലയാളം

Related Articles

Back to top button