ഈ വിസകളിലുള്ളവർക്ക് കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകില്ല

ഓസ്‌ട്രേലിയയിൽ സന്ദർശക വിസയിലുള്ളവർക്കും മറ്റ് മൂന്ന് വിസകളിലുള്ളവർക്കും കൊവിഡ് വാക്‌സിന് സൗജന്യമായിരിക്കില്ലെന്ന് സർക്കാർ അറിയിച്ചു.

ഓസ്‌ട്രേലിയയിൽ ഫെബ്രുവരി മധ്യത്തോടെ കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

വാക്‌സിൻ എടുക്കുന്നത് നിർബന്ധമാക്കില്ലെന്നും, പൗരന്മാർക്കും പെര്മനന്റ് റെസിഡന്റ്സിനും കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്നും സർക്കാർ അറിയിച്ചിരുന്നു. മാത്രമല്ല മിക്ക വിസകളിൽ ഉള്ളവർക്കും വാക്‌സിൻ സൗജന്യമായി നൽകുമെന്നാണ് സർക്കാർ അറിയിച്ചത്.

എന്നാൽ ചില വിസകളിൽ രാജ്യത്തുള്ളവർക്ക് കൊവിഡ് വാക്‌സിന് സൗജന്യമായിരിക്കില്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

ഇതിൽ ഒന്ന് രാജ്യത്ത് സന്ദർശക വിസയിലുള്ളവരാണ് (സബ്ക്ലാസ്സ് 600).

നിലവിലെ വാക്‌സിനേഷൻ പദ്ധതിയനുസരിച്ച് സന്ദർശക വിസക്ക് പുറമെ ട്രാൻസിറ്റ് (സബ്ക്ലാസ്സ് 771), ഇവിസിറ്റർ (സബ്ക്ലാസ്സ് 651), ഇലക്ട്രോണിക് ട്രാവൽ അതോറിറ്റി (സബ്ക്ലാസ്സ് 601) എന്നീ വിസകളിലുള്ളവർക്കും വാക്‌സിൻ സൗജന്യമായിരിക്കില്ല.

ഈ വിസകളിലുള്ള 69,000 പേരാണ് നിലവിൽ ഓസ്‌ട്രേലിയയിൽ ഉള്ളതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ എത്രയാണ് ഇവർ വാക്‌സിനേഷന് നൽകേണ്ട വില എന്ന കാര്യം ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടില്ല.

അമേരിക്കയിൽ ഫൈസർ-ബയോഎൻടെക് വാക്‌സിന് ഒരു ഡോസിന് 19.5 അമേരിക്കൻ ഡോളറാണ് വില. വാക്‌സിന്ര ണ്ട് ഡോസുകൾ എടുക്കേണ്ടതുണ്ട്.

അതായത് ഒരാൾ 39 അമേരിക്കൻ ഡോളർ നൽകണം. ആസ്ട്രസെനക്കയുടെ ഒരു ഡോസിന് മൂന്ന് മുതൽ നാല് അമേരിക്കൻ ഡോളറാണ് വില.

ഓസ്ട്രേലിയയിൽ വിതരണം ചെയ്യാൻ ആലോചിക്കുന്ന വാക്സിനുകളിലൊന്നാണ് ഫൈസർ-ബയോഎൻടെക്കിന്റേത്. രാജ്യത്ത് ആദ്യ ഘട്ടത്തിൽ നൽകാൻ ഉദ്ദേശിക്കുന്നതും ഈ വാക്സിനാണ്.

തെറാപ്യൂട്ടിക് ഗുഡ് അഡ്മിനിസ്ട്രേഷൻ (TGA) ഫൈസർ വാക്സിന് ഇതുവരെയും അനുമതി നൽകിയിട്ടില്ല.

ഈ മാസം അവസാനം അനുമതി നൽകാനും, ഫെബ്രുവരി പകുതിയോടെ ഫൈസർ വാക്സിൻ നൽകിത്തുടങ്ങാനുമാണ് പദ്ധതി.

ഫൈസർ-ബയോഎൻടെക് വാക്‌സിന്റെ പത്ത് മില്യൺ ഡോസാണ് ഓസ്‌ട്രേലിയൻ സർക്കാർ വാങ്ങിയിരിക്കുന്നത്. കൂടാതെ ആസ്ട്രസെനക്കയുടെ 54 മില്ല്യൺ ഡോസുകളും സർക്കാർ ഓർഡർ ചെയ്തിട്ടുണ്ട്.

അതിനിടെ നോർവേയിൽ ഫൈസർ-ബയോൺടെക് കൊവിഡ് വാക്സിനെടുത്ത 30 ഓളം പേർ മരിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

എന്നാൽ നോർവീജിയൻ സർക്കാരിനോടും, ഫൈസർ കമ്പനിയോടും ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ TGA തേടിയിട്ടുണ്ട്.

സുരക്ഷ ഉറപ്പാക്കിയിട്ട് മാത്രമേ TGA വാക്സിന് അനുമതി നൽകൂ എന്നും പൂർണ ജാഗ്രതയോടെ മാത്രമേ മുന്നോട്ടുപോകൂ എന്നും ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് ഉറപ്പു നൽകിയിട്ടുണ്ട്.

ഓസ്‌ട്രേലിയയിൽ വാക്‌സിന് നൽകുന്നതിന്റെ മുൻഗണന പട്ടികയും സർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ആരോഗ്യ പ്രവർത്തകർ, ഏജ്ഡ് കെയർ ജീവനക്കാർ, ഡിസബിലിറ്റി സപ്പോർട്ട് വർക്കർ, രോഗം ബാധിക്കാൻ കൂടുതൽ സാധ്യതയുള്ള ക്വാറന്റൈൻ കേന്ദ്രത്തിലെ ജീവനക്കാർ, അബോർജിനൽ ആൻഡ് ടോറസ് സ്ട്രൈറ് ഐലന്റുകാർ, പ്രായമായവർ, മറ്റ് ആരോഗ്യപ്രശനങ്ങൾ ഉള്ളവർ എന്നിവർക്കാകും വാക്‌സിന് ആദ്യം നൽകുന്നത്.

Exit mobile version