ഓസ്‌ട്രേലിയയിൽ ഗാർഹിക പീഡനങ്ങൾ നേരിടുന്ന താത്കാലിക വിസയിലുള്ളവരുടെ വിസ, സ്പോൺസർമാർ റദ്ദാക്കുന്നത് തടയാൻ കുടിയേറ്റ നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരണമെമെന്ന ആവശ്യവുമായി ഗാർഹിക പീഡനത്തിനെതിരെ പ്രവർത്തിക്കുന്നവർ രംഗത്തെത്തി.
ഓസ്‌ട്രേലിയയിൽ ഗാർഹിക പീഡനത്തിരയാകുന്ന താത്കാലിക വിസയിൽ കഴിയുന്ന നല്ലൊരു ശതമാനം പേരും സ്പോൺസറിൽ നിന്ന് വിസ റദ്ദാക്കൽ ഭീഷണി നേരിടുന്നതായി പുതിയ പഠനം തെളിയിക്കുന്നു.
അതിനാൽ കുടിയേറ്റ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഗാർഹിക പീഡനത്തിനെതിരെ ശബ്ദമുയർത്തുന്നവർ. ഇതുവഴി ഇത്തരത്തിൽ ഭീഷണി നേരിടുന്നവർക്ക് പെർമനന്റ് റെസിഡന്റ്സിക്കുള്ള വഴിയൊരുക്കണമെന്നും ഇവർ പറയുന്നു.
മാത്രമല്ല, പല കാര്യങ്ങളിലും അമിതമായ നിയന്ത്രണം ഏർപ്പെടുത്തുന്നതും ഗാർഹിക പീഡനമായാണ് കണക്കാക്കുന്നത്.
ഗാർഹിക പീഡനം നടത്തുന്നവരിൽ 92 ശതമാനം പേരും പങ്കാളികളിൽ അമിതമായ നിയന്ത്രണം ഏർപ്പെടുത്തുന്നതായാണ് കണ്ടെത്തിയതെന്ന് ഗാർഹിക പീഡനത്തിനെതിരെ പ്രവർത്തിക്കുന്ന ഇൻടച് മൾട്ടികൾച്ചറൽ സെന്ററിന്റെ റിപ്പോർട്ടിൽ പറയുന്നു.
സാമ്പത്തിക നിയന്ത്രണം, ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മാറ്റി നിർത്തൽ, മറ്റുള്ളവരുമായി ഇടപഴകാൻ അനുവദിക്കാതിരിക്കുക, കുട്ടികളെയും വളർത്തുമൃങ്ങളെയും മറ്റും ഉപദ്രവിക്കുമെന്ന് ഭീഷണി മുഴക്കുക, തുടർച്ചയായി പങ്കാളിയെ തരം താഴ്ത്തുക തുടങ്ങിയ പ്രവൃത്തികളെ ഗാർഹിക പീഡനമായാണ് കണക്കാക്കുന്നത്.
എന്നാൽ ബഹുസാംസ്കാരിക സമൂഹത്തിലുള്ളവർ അവരുടെ സംസ്കാരത്തിന്റെ ഭാഗമായാണ് ഈ നിയന്ത്രണത്തെ കണക്കാക്കുന്നതെന്ന് മെൽബണിൽ സാമൂഹിക പ്രവർത്തകയായ അനു കൃഷ്‌ണൻ ചൂണ്ടിക്കാട്ടുന്നു.
അതായത് ഇസ്‌ലാം സമൂഹത്തിലും ഹിന്ദു സമൂഹത്തിലും മറ്റും ഉള്ളവരോട് അവരുടെ വിശ്വാസത്തിന് വിരുദ്ധമായുള്ള പ്രവൃത്തികൾ ചെയ്യാൻ നിർബന്ധിക്കുന്നത് ഗൗരവമായി കണക്കാക്കേണ്ട നിയന്ത്രണമാണെന്നും അനു പറയുന്നു.
വിസ റദ്ദാക്കുമോ എന്ന ഭയം
പങ്കാളികളായ സ്‌പോൺസർമാർ വിസ റദ്ദാക്കുമോ എന്ന ഭയത്തിൽ ഗാർഹിക പീഡനത്തിനിരയാകുന്ന പലരും ഇത് റിപ്പോർട്ട് ചെയ്യാൻ മടിക്കാറുണ്ടെന്ന് ഇൻവെസ്റ്റിഗേറ്റീവ് മാധ്യമപ്രവർത്തകയായ ജെസ് ഹിൽ പറയുന്നു.
ഓസ്‌ട്രേലിയൻ കുടിയേറ്റ നിയമ പ്രകാരം ഗാർഹിക പീഡനം നേരിടുന്ന താത്കാലിക പാർട്ണർ വിസയിലുള്ളവർക്ക് പങ്കാളിയുമായുള്ള ബന്ധം അവസാനിച്ചാലും പെർമനന്റ് പാർട്ണർ വിസ അപേക്ഷയുമായി മുൻപോട്ടു പോകാം. എന്നാൽ ഈ വ്യവസ്ഥ ലഭ്യമാകണമെങ്കിൽ ഗാർഹിക പീഡനം നേരിട്ടതായുള്ള തെളിവുകൾ സമർപ്പിക്കണം.
ഇതിനുള്ള ഏറ്റവും എളുപ്പവഴി എന്നത് കോടതി ഉത്തരവുപോലുള്ള നിയമനടപടികളുടെ തെളിവുകൾ ഹാജരാക്കുക എന്നതാണ്. ഇതില്ലാത്ത പക്ഷം ഡോക്ടറുടെ റിപ്പോർട്ടോ, സൈക്യാട്രിസ്റ്റിന്റെയോ സൈകോളജിസ്റ്റിന്റെയോ സാമൂഹിക പ്രവർത്തകരുടെയോ റിപ്പോർട്ടുകളോ മതിയാകും.
എന്നാൽ ഈ റിപ്പോർട്ടുകളിൽ എന്തൊക്കെ ഉൾപ്പെടുത്താമെന്നതിന് കർശനമായ നിർദ്ദേശങ്ങളുണ്ട്.
നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യം ഉയരുന്നു
ചുരുക്കം ചില വിസകളിലുള്ളവർക്ക് മാത്രമേ ഗാർഹിക പീഡന വ്യവസ്ഥ ലഭിക്കുകയുള്ളു. അതുകൊണ്ടുതന്നെ മറ്റ് താത്കാലിക വിസയിലുള്ളവർ വിസ റദ്ദാക്കൽ ഭയന്ന് പീഡനം മറച്ചുവയ്ക്കരുതെന്ന് ഇമ്മിഗ്രേഷൻ അഡ്വൈസ് ആൻഡ് റൈറ്സ് സെന്ററിലെ അലി മുജ്‌തഹിദി ചൂണ്ടിക്കാട്ടി.
മറ്റ് താത്കാലിക വിസകളിലുള്ളവർക്കും ഈ വ്യവസ്ഥ അനുവദിച്ചുകിട്ടാൻ കുടിയേറ്റ നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്നും ഇത് ആവശ്യപ്പെട്ട് രംഗത്തെത്തിയവർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഓസ്‌ട്രേലിയയിൽ ഇത്തരം പീഡനം നേരിടുന്ന സ്ത്രീകൾക്ക് വുമൺ അറ്റ് റിസ്ക് ഓൺ ഷോർ വിസ കൊണ്ടുവരണമെന്നും, അതുവഴി ഗാർഹിക പീഡനം നേരിടുന്ന ഏത് വിസയിലുള്ള സ്ത്രീകൾക്കും രണ്ട് വർഷത്തെ വുമൺ അറ്റ് റിസ്ക് വിസ ലഭിക്കുകയും ഇവർക്ക് വേണ്ട സഹായം ലഭ്യമാക്കുകയും ചെയ്യാൻ കഴിയുമെന്നും സാമൂഹിക പ്രവർത്തകൻ ജതീന്ദർ കൗർ പറയുന്നു.
അമിതമായ നിയന്ത്രണമാണ് ശാരീരിക ആക്രമണങ്ങളിലേക്കും കൊലപാതകത്തിലേക്കും വരെ നയിക്കുന്നതെങ്കിലും, ടാസ്മേനിയയിൽ മാത്രമാണ് ഇത് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത്.
രാജ്യത്തിൻറെ മറ്റ് പ്രദേശങ്ങളും ഇത് ക്രിമിനൽ കുറ്റമാക്കേണ്ടത് ആവശ്യമാണെന്നും ജെസ് ഹിൽ പറയുന്നു.