വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് തീവ്രപരിചരണ വിഭാഗത്തിൽ

വീട്ടിലെ നനഞ്ഞ കോവണിപ്പടികളിൽ നിന്ന് തെന്നി വീണതിനെത്തുടർന്ന് വിക്ടോറിയൻ പ്രീമിയർ ഡാനിയേൽ ആൻഡ്രൂസിന് വാരിയെല്ലിനും കശേരുക്കൾക്കും ക്ഷതമേറ്റു. ഇതേതുടർന്ന് ഇദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചു.

വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് ഓഫീസിലേക്ക് പോകാൻ തയ്യാറെടുക്കവെയാണ് ചൊവ്വാഴ്ച രാവിലെ വീട്ടിൽ തെന്നിവീണത്.

നനഞ്ഞ കോവണിപ്പടികളിൽ നിന്ന് തെന്നി വീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. സി ടി സ്കാനിംഗിന് ശേഷം ഇദ്ദേഹത്തിന്റെ നിരവധി വാരിയെല്ലുകൾ ഒടിയുകയും കശേരുക്കൾക്ക് ക്ഷതമേൽക്കുകയും ചെയ്തതായി പ്രീമിയർ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഇതേതുടർന്ന് ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുറച്ചു ദിവസങ്ങൾ ഇവിടെ കഴിയേണ്ടി വരുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചതെന്നും ഇദ്ദേഹം വ്യക്തമാക്കി.

തന്നെ സഹായിക്കാനായി ചൊവ്വാഴ്ച രാവിലെ വീട്ടിൽ എത്തിയ ആംബുലൻസ് വിക്ടോറിയയിലെ പാരാമെഡിക്‌സിനോട് ഇദ്ദേഹം നന്ദി അറിയിച്ചു. ഈയാഴ്ച അവസാനത്തോടെ തന്റെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡാനിയേൽ ആൻഡ്രൂസ് പറഞ്ഞു.

എന്നാൽ അതുവരെ തന്റെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ഇദ്ദേഹം സൂചിപ്പിച്ചു.

പ്രീമിയർ വീണുവെന്നും എന്നാൽ തലയ്ക്ക് മുറിവുകളില്ലെന്നും ഇദ്ദേഹത്തിന്റെ ഓഫീസ്‌ വെള്ളിയാഴ്ച രാവിലെ അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് മൈക്കൽ ഒബ്രിയൻ പ്രീമിയർ ഡാനിയൽ ആൻഡ്രൂസിന് ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു.

കടപ്പാട്: SBS മലയാളം

Related Articles

Back to top button