ഇന്ത്യയിൽ നിന്നെത്തിയയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു; വിക്ടോറിയയിൽ ജാഗ്രത
വിദേശത്തു നിന്ന് തിരിച്ചെത്തിയ ശേഷം ഹോട്ടൽ ക്വാറന്റൈൻ പൂർത്തിയാക്കിയ വിക്ടോറിയക്കാരന് നാലു ദിവസത്തിനു ശേഷം കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്ത്യയിൽ നിന്ന് തിരിച്ചെത്തിയയാൾക്കാണ് കൊവിഡ് ബാധ കണ്ടെത്തിയത്.
ഇന്ത്യയിൽ നിന്ന് മാലദ്വീപും സിംഗപ്പൂരും വഴി അഡ്ലൈഡിലേക്ക് എത്തിയയാൾക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 30 വയസിനു മേൽ പ്രായമുള്ള പുരുഷനാണ് ഇത്.
അഡ്ലൈഡിലെ പ്ലേഫോർഡ് മെഡി ഹോട്ടലിൽ ക്വാറന്റൈൻ പൂർത്തിയാക്കിയ ഇയാൾ, മേയ് നാലിന് മെൽബണിലേക്ക് എത്തിയിരുന്നു. വടക്കൻ മെൽബണിലെ വോളറ്റ് (Wollert) സ്വദേശിയാണ് ഇയാൾ.
നാലു ദിവസത്തിനു ശേഷം മേയ് എട്ടിനാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ തുടങ്ങിയത്. തുടർന്നുള്ള പരിശോധനയിൽ കൊവിഡ് ബാധ സ്ഥിരീകരിക്കുകയാണ് ഉണ്ടായത്.
അഡ്ലൈഡിലെ ഹോട്ടൽ ക്വാറന്റൈനിൽ കഴിയുമ്പോൾ ഇയാൾക്ക് വൈറസ് ബാധ കണ്ടെത്തിയിരുന്നില്ല. പരിശോധനയിലെല്ലാം നെഗറ്റീവ് ഫലമായിരുന്നു.
ഈ സാഹചര്യത്തിൽ, എവിടെ നിന്നാണ് ഇയാൾക്ക് വൈറസ് ബാധിച്ചത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
ക്വാറന്റൈൻ ഹോട്ടലിൽ വച്ചാണോ വൈറസ് ബാധിച്ചത്, അതോ ഇന്ത്യയിൽ നിന്നാണോ എന്ന് തിരിച്ചറിയാൻ വൈറസിന്റെ ജനിതക പരിശോധനയും നടത്തുന്നുണ്ട്.
ഇയാളുടെ വീട്ടിലുള്ള മറ്റു മൂന്ന് അംഗങ്ങൾക്കും പരിശോധന നടത്തിയെങ്കിലും, എല്ലാവരും കൊവിഡ് നെഗറ്റീവാണ്.
കടപ്പാട്: SBS മലയാളം