വിക്ടോറിയയിൽ കാഷ്വൽ തൊഴിലാളികൾക്ക് ശമ്പളത്തോടെ സിക്ക് ലീവ്
വിക്ടോറിയയിൽ കാഷ്വൽ തൊഴിലാളികൾക്കും തൊഴിൽ ഭദ്രതയിലാത്തവർക്കും ശമ്പളത്തോടെ മെഡിക്കൽ ലീവെടുക്കാം. പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്കാണ് പദ്ധതി.
കാഷ്വൽ തൊഴിലാളികൾക്ക് ശമ്പളത്തോടെ സിക്ക് ലീവ് എടുക്കാൻ അനുവദിക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിക്ക് വിക്ടോറിയയിൽ തുടക്കമിട്ടു. മാർച്ച് 14 നാണ് പദ്ധതി ആരംഭിച്ചത്.
രണ്ട് വർഷത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി. അർഹതയുള്ള ജീവനക്കാർക്ക് ഓരോ വർഷവും അഞ്ചു ദിവസം വരെ ശമ്പളത്തോടെ മെഡിക്കൽ ലീവെടുക്കാൻ അനുവാദമുണ്ടാകും. മണിക്കൂറിന് $20.33 നിരക്കിലായിരിക്കും ഈ ദിവസങ്ങളിൽ ശമ്പളം ലഭിക്കുന്നത്. ദേശീയ മിനിമം വേതനമാണ് ഇത്.
ഹോസ്പിറ്റാലിറ്റി, സെക്യൂരിറ്റി, റീറ്റെയിൽ, ക്ലീനിംഗ്, ഡിസെബിലിറ്റി, ഏജ്ഡ് കെയർ തുടങ്ങിയ മേഖലകളിലാണ് ബാധകം.
1,50,000 തൊഴിലാളികളെ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.
കെയറർ ലീവും സിക്ക് ലീവുമാണ് അപേക്ഷിക്കാൻ കഴിയുക. പദ്ധതി വഴി അഞ്ചു ദിവസങ്ങൾക്കകം ശമ്പളം ബാങ്ക് അക്കൗണ്ടിൽ ലഭിക്കും.
രണ്ട് വർഷത്തെ പൈലറ്റ് പദ്ധതിയുടെ ചെലവ് വിക്ടോറിയൻ സർക്കാർ വഹിക്കുമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് പറഞ്ഞു.
പദ്ധതിക്കായി 245.6 മില്യൺ ഡോളറായിരിക്കും സംസ്ഥാന സർക്കാർ ചെലവിടുക.
ഇതിന് ശേഷം എങ്ങനെ പദ്ധതിയുടെ ചെലവ് വഹിക്കുമെന്നകാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യവസായ ലെവി ഈടാക്കുന്ന കാര്യം പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ.
എന്നാൽ വ്യവസായ ലെവി പരിഗണിക്കുന്നതിനതിരെ തൊഴിലുടമകളുടെ സംഘടന രംഗത്തെത്തി.
ലെവി നടപ്പിലാക്കിയാൽ തൊഴിലുടമകളെ ബാധിക്കുമെന്ന് ഇൻഡസ്ട്രി ഗ്രൂപ്പിന്റെ വിക്ടോറിയൻ മേധാവി ടിം പൈപ്പർ പ്രസ്താവനയിലൂടെ അറിയിച്ചു.
സംസ്ഥാനത്ത് ഏകദേശം ഒരു ദശലക്ഷത്തോളം കാഷ്വൽ, കരാർ തൊഴിലാളികളുള്ളതായി വർക്ക്‌പ്ലേസ് സേഫ്റ്റി മിനിസ്റ്റർ ഇൻഗ്രിഡ് സ്റ്റിറ്റ് ചൂണ്ടിക്കാട്ടി. വിക്ടോറിയയിലെ മറ്റ് തൊഴിൽ മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത് സർക്കാർ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പൈലറ്റ് അടിസ്ഥാനത്തിൽ വിക്ടോറിയയിൽ നടപ്പിലാക്കുന്ന ഈ പദ്ധതി ദേശീയ തലത്തിൽ നടപ്പിലാക്കുന്ന കാര്യം പരിഗണിക്കണമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
കാഷ്വൽ ജീവനക്കാരുടെ പ്രശ്നങ്ങൾ കൊവിഡ് മഹാമാരിയിൽ നിന്ന് വളരെ വ്യക്തമാണെന്ന് പ്രീമിയർ പറഞ്ഞു. ഇവ പരിഹരിക്കാൻ കൂടുതൽ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടപ്പാട്: SBS മലയാളം