വിക്ടോറിയയിലെ ആശുപത്രികളിലെ സമ്മർദ്ദം കുറയ്ക്കാൻ വിദേശത്ത് നിന്ന് ആരോഗ്യപ്രവർത്തകരെ നിയമിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
വിക്ടോറിയയിൽ കൊവിഡ് നിയന്ത്രണങ്ങൾ ഇളവ് ചെയ്യുന്നതോടെ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുമെന്നാണ് സർക്കാർ കരുതുന്നത്.
ഇത് മൂലം ആശുപത്രികൾക്ക് ഉണ്ടാകാവുന്ന സമ്മർദ്ദം കുറയ്ക്കാനായാണ് വിദേശത്ത് നിന്ന് ആരോഗ്യ പ്രവർത്തകരെ നിയമിക്കാൻ സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.
ഡോക്ടർമാർ, നഴ്സുമാർ, മിഡ്‌വൈഫുമാർ, അലൈഡ് ആരോഗ്യ സേവനങ്ങൾ ചെയ്യുന്നവർ തുടങ്ങിയ 1,000 ആരോഗ്യ പ്രവർത്തകരെയാണ് വിദേശത്ത് നിന്ന് നിയമിക്കുന്നത്.
ഇതുവഴി സംസ്ഥാനത്തെ ആശുപത്രികളിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ നേരിടുന്ന സമ്മർദ്ദം കുറയ്ക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
നിയമനത്തിനായി ഒരു റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്താനും സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. ഇതിനായി 25 ലക്ഷം ഡോളറാണ് സർക്കാർ മാറ്റിവച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി മാർട്ടിൻ ഫോളി പറഞ്ഞു.
ബ്രിട്ടനിലെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കൊവിഡ് പ്രതിരോധത്തിൽ മുൻനിരയിൽ പ്രവർത്തിച്ചയാളാണ് ഡോ ലോറ കാർട്ടർ. ഇത്തരത്തിൽ ബ്രിട്ടനിൽ നിന്ന് ഈ വർഷം മെൽബണിലെ ആശുപത്രിയിലേക്ക് ആരോഗ്യവകുപ്പ് നിയമിച്ച ഡോക്ടർ ഇപ്പോൾ സൺഷൈൻ എമർജൻസി വിഭാഗത്തിലാണ് ജോലിചെയ്യുന്നത്.
ബ്രിട്ടനെ അപേക്ഷിച്ച് കൊവിഡ് പ്രതിരോധത്തിൽ ഓസ്ട്രേലിയ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് ഡോ ലോറ പറഞ്ഞു.
ആശുപത്രികളിൽ സമ്മർദ്ദം കൂടാനുള്ള സാധ്യതകൾ കണക്കിലെടുത്ത്, ആരോഗ്യപ്രവർത്തകർക്ക് അലവൻസ് നൽക്കുന്ന കാര്യവും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരെ പിന്തുണയ്ക്കാനായി 255 മില്യൺ ഡോളർ ഫണ്ടാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
വൈറസ്‌ബാധിതരായ രോഗികളെ ശുശ്രൂഷിക്കുന്ന ജീവനക്കാർക്ക് ഓരോ ഷിഫ്റ്റിനും 60 ഡോളർ അലവൻസാണ് നൽകുന്നത്.
വിക്ടോറിയയിലെ കൊവിഡ് പ്രതിരോധത്തിന്റെ നട്ടെല്ലാണ് ആരോഗ്യപ്രവർത്തകരെന്നും, ഇവർക്ക് പിന്തുണയും അംഗീകാരവും നൽകേണ്ടത് ആവശ്യമാണെന്നും മന്ത്രി മാർട്ടിൻ ഫോളി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് 1,466 പ്രാദേശിക വൈറസ്ബാധയാണ് പുതുതായി സ്ഥിരീകരിച്ചിരിക്കുന്നത്. എട്ട് പേർ കൂടി വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 675 പേർ രോഗംബാധിച്ച് ആശുപത്രിയിൽ കഴിയുന്നുണ്ട്. ഇതിൽ 144 പേർ തീവ്രപരിചരണ വിഭാഗത്തിലും 100 പേർ വെന്റിലേറിലുമാണ്.
നിലവിൽ 85.8 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. 59.3 ശതമാനമാണ് രണ്ട് ഡോസുകളും സ്വീകരിച്ചിരിക്കുന്നത്. ഇത് ഇന്ന് (ചൊവ്വാഴ്ച) 60 ശതമാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെൽബണിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ ഒക്ടോബർ 26ന് പിൻവലിക്കുമെന്നാണ് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചിരിക്കുന്നത്.
കടപ്പാട്: SBS മലയാളം