വിക്ടോറിയയിലെ സ്കൂളുകൾ ജനുവരി അവസാനം തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ആക്റ്റിംഗ് ആരോഗ്യ മന്ത്രി ജെയിംസ് മെർലിനോ വ്യക്തമാക്കി.
വിദ്യാർത്ഥികൾക്ക് ക്ലാസ് റൂമിൽ എത്തുന്നതിന് മുൻപ് വാക്‌സിൻ നൽകുന്നത് സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കൂടിയായ ജെയിംസ് മെർലിനോ പറഞ്ഞു.
വിക്ടോറിയയിലെ സ്കൂളുകളിൽ 51,000 എയർ പ്യൂരിഫയറുകൾ നൽകാനുള്ള സർക്കാർ വാഗ്‌ദാനം പാലിക്കുമെന്നും ജെയിംസ് മെർലിനോ വ്യക്തമാക്കി.
അടുത്ത ടേം തുടങ്ങുന്നതിന് മുൻപ് ഇത് നടപ്പിലാക്കുമെന്ന സർക്കാർ പ്രഖ്യാപനം പാലിക്കുമെന്ന് മെർലിനോ കൂട്ടിച്ചേർത്തു. ഗതാഗത രംഗത്ത് തൊഴിലാളികളുടെ ക്ഷാമം നേരിടുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും വാഗ്ദാനം നിറവേറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
2022 ൽ ഓസ്‌ട്രേലിയയിൽ ഉടനീളം സ്കൂളുകളിലേക്കുള്ള വിദ്യാർത്ഥികളുടെ തിരിച്ചുവരവ് ഏകീകരിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി പ്രധാനമന്ത്രി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
സ്കൂളുകൾ ഇപ്പോൾ തീരുമാനിച്ചരിക്കുന്നത് പോലെ ഒന്നാം ടേമിന്റെ ആദ്യ ദിനം തന്നെ തുറക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ പല സമയത്തായിരിക്കും ഏറ്റവും ഉയർന്ന നിലയിൽ എത്തുകയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയുടെ എല്ലാ ഭാഗത്തുമുള്ള സ്കൂളുകൾ തുറക്കുന്നത് ഏകീകരിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ വകുപ്പ് മേധാവി ഫിൽ ഗെയ്റ്റ്ജെൻസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
കടപ്പാട്: SBS മലയാളം