കൊവിഡ് സാഹചര്യം വിക്ടോറിയയുടെ കടബാധ്യത കൂട്ടും
കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിനായി വിക്ടോറിയയിൽ നടപ്പാക്കിയ സാമ്പത്തിക നയങ്ങൾ സംസ്ഥാനത്തിന്റെ കടബാധ്യത വൻ തോതിൽ കൂട്ടുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡിയുടെ റിപ്പോർട്ട്. ഇത് കണക്കിലെടുത്ത് വിക്ടോറിയയുടെ AAA ക്രെഡിറ്റ് റേറ്റിംഗ് AA1യിലേക്ക് മൂഡി കുറച്ചു.
ഓസ്‌ട്രേലിയയിൽ കൊറോണവൈറസ് മഹാമാരി ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് വിക്ടോറിയ.
കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന് ഏറ്റവും കർശനമായ നിയന്ത്രണങ്ങൾ നടപ്പാക്കിയ പ്രദേശങ്ങളിൽ ഒന്നായാണ് വിക്ടോറിയ അറിയപ്പെടുന്നത്.
മഹാമാരിക്ക് ശേഷം വിക്ടോറിയയുടെ സാമ്പത്തിക ബാധ്യത കൂടുമെന്നാണ് സാമ്പത്തിക രംഗത്തെ ഏജൻസികൾ വിലയിരുത്തുന്നത്.
അടുത്ത പത്ത് വർഷത്തിൽ കഠിനമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നു പോകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡി AAA റേറ്റിംഗ് കുറച്ചത്.
മൂഡിയുടെ റേറ്റിംഗിൽ ഏറ്റവും ഉയർന്നതാണ് AAA. ഇതിന് തൊട്ട് താഴെയുള്ള AA1 റേറ്റിംഗിലേക്കാണ് വിക്ടോറിയയുടെ ക്രെഡിറ്റ് റേറ്റിംഗ് മാറ്റിയിരിക്കുന്നത്.
വിക്ടോറിയയുടെ കടബാധ്യത കൂടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക വളർച്ച സംബന്ധിച്ചും നെഗറ്റീവ് റേറ്റിംഗാണ് മൂഡി നൽകിയിരിക്കുന്നത്.
കൊറോണവൈറസ് മഹാമാരിയെ നേരിടുന്നതിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച സാമ്പത്തിക നയങ്ങൾ വിക്ടോറിയയെ പ്രതികൂല സാഹചര്യത്തിലാക്കുന്നതായി മൂഡിയുടെ മാനേജിങ് ഡൈറക്ട്ർ ജോൺ മാനിംഗ് പ്രസ്താവനയിലൂടെ അറിയിച്ചു.
സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ മൂലം കടബാധ്യത വൻ തോതിൽ കൂടുമെന്നാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം കൊവിഡ് സാഹചര്യത്തിൽ വിക്ടോറിയക്കാർക്ക് പിന്തുണ നൽകികൊണ്ടുള്ള സാമ്പത്തിക നയങ്ങളാണ് നടപ്പിലാക്കിയതെന്ന് സംസ്ഥാന ട്രെഷറർ ടിം പല്ലാസ് പറഞ്ഞു. ഈ നയങ്ങൾ നടപ്പാക്കിയതിൽ സംസ്ഥാന സർക്കാർ ഖേദിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക രംഗം മെച്ചപ്പെടുമ്പോൾ സംസ്ഥാനത്തിന്റെ ബജറ്റിലും അത് പ്രതിഫലിക്കുമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.
ഏജൻസികളുടെ റേറ്റിംഗ് പ്രധാനപെട്ടതാണെങ്കിലും, വിക്ടോറിയയിലെ കുടുംബങ്ങളെയും ബിസിനസ്സുകളെയും പ്രതിസന്ധിയിൽ സഹായിക്കുന്നതിനാണ് മുൻഗണന എന്നും പല്ലാസ് പറഞ്ഞു.
2020 ഡിസംബറിൽ മറ്റൊരു ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ സ്റ്റാൻഡേർഡ് ആൻഡ് പുവർ വിക്ടോറിയയുടെ ക്രെഡിറ്റ് റേറ്റിംഗ് AAA യിൽ നിന്ന് AA ലേക്ക് കുറച്ചിരുന്നു. മഹാമാരിക്ക് ശേഷം പ്രതീക്ഷിക്കുന്ന സാമ്പത്തിക പ്രതിസന്ധി മുൻനിർത്തിയായിരുന്നു തീരുമാനം.
കടപ്പാട്: SBS മലയാളം