വിക്ടോറിയയിൽ പുതുതായി മൂന്ന് കൊവിഡ് ബാധ
വിക്ടോറിയയിൽ പുതുതായി മൂന്ന് പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഏഴ് മെൽബൺ സബർബുകളിലെ മലിനജലത്തിലും കൊറോണവൈറസ് സാന്നിധ്യം കണ്ടെത്തി.
ക്വാറന്റൈൻ ഹോട്ടലായ ഹോളിഡേ ഇന്നുമായി ബന്ധപ്പെട്ടാണ് പുതിയ കേസുകൾ.
സംസ്ഥാനത്ത് വൈറസ് ബാധ കൂടി വന്നതിനെത്തുടർന്ന് അഞ്ച് ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ചില നിയന്ത്രണങ്ങൾ നിലനിർത്തിക്കൊണ്ട് ഇത് ബുധനാഴ്ച രാത്രി പിൻവലിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ട് ദിവസങ്ങൾ തുടർച്ചയായി പ്രാദേശിക രോഗബാധയൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. അതിന് ശേഷമാണ് വെള്ളിയാഴ്ച മൂന്ന് പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചത്.
എന്നാൽ ഇവരെല്ലാം വീടുകളിൽ ക്വാറന്റൈൻ ചെയ്യുന്നവരാണ്.
ഹോളിഡേ ഇൻ ക്ലസ്റ്ററുമായി ബന്ധപ്പെട്ട് രോഗം ബാധിച്ചവരുമായി സമ്പർക്കത്തിലായ ആയിരക്കണക്കിന് പേരുണ്ട്. അതുകൊണ്ട് തന്നെ രോഗബാധ വർധിക്കാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രി മാർട്ടിൻ ഫോളി പറഞ്ഞു.
ഹോളിഡേ ഇൻ ക്ലസ്റ്ററുമായി ബന്ധപ്പെട്ട് 3,400 പേരാണ് ഐസൊലേഷനിൽ കഴിയുന്നത്.
നിലവിൽ ഹോട്ടൽ ക്വാറന്റൈൻ ക്ലസ്റ്ററിലെ രോഗബാധയുടെ എണ്ണം 22 ആയി.
ഇതിന് പുറമെ ഏഴ് മെൽബൺ സബർബുകളിലെ മലിനജലത്തിൽ കൊറോണവൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വെൻട്രിന സൗത്ത്, ബോറോണിയ എന്നിവിടങ്ങളിൽ നിന്ന് ഫെബ്രുവരി 15 നും, കാരം ഡൗൺസ്, ലാംഗ്വാറിൻ, സെയ്ന്റ് കിൽഡ, കോൾഫീൽഡ്, കോൾഫീൽഡ് നോർത്ത് എന്നിവിടങ്ങളിൽ നിന്ന് ഫെബ്രുവരി 16 നുമാണ് വൈറസിന്റെ സാന്നിധ്യം കണ്ടീത്തിയത്
എന്നാൽ വിദേശത്തുനിന്നെത്തിയവരിൽ പുതുതായി രോഗബാധയൊന്നും കണ്ടെത്തിയിട്ടില്ല.
സംസ്ഥാനത്ത് 21,292 പരിശോധനകളാണ് വ്യാഴാഴ്ച നടത്തിയത്.
കടപ്പാട്: SBS മലയാളം