ഹോട്ടൽ ജീവനക്കാരന് കൊവിഡ്; വിക്ടോറിയയിൽ വീണ്ടും നിയന്ത്രണങ്ങൾ
വിക്ടോറിയയിൽ ക്വാറന്റൈനെ ഹോട്ടൽ ജീവനക്കാരന് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
വിക്ടോറിയയിൽ വൈറസ് ബാധ ഇല്ലാതെ തുടർച്ചയായി 28 ദിവസങ്ങൾ കടന്നുപോയെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് സംസ്ഥാനത്ത് വീണ്ടും കൊറോണബാധ സ്ഥിരീകരിച്ചത്.
മെൽബൺ നഗരത്തിലെ ക്വാറന്റൈൻ ഹോട്ടലായ ഗ്രാൻഡ് ഹയാട്ടിലെ ജീവനക്കാരനാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
ഇതേതുടർന്ന് സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചു.
രോഗബാധ കുറഞ്ഞതിനെത്തുടർന്ന് സംസ്ഥാനത്ത് ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. കെട്ടിടത്തിനുള്ളിൽ മാസ്ക് ധരിക്കുന്നത് നിര്ബന്ധമല്ലാതാക്കിയിരുന്നു.
എന്നാൽ രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ കെട്ടിടത്തിനുള്ളിൽ മാസ്ക് ധാരണം വീണ്ടും നിർബന്ധമാക്കി.
കൂടാതെ വീട് സന്ദർശിക്കുന്നവരുടെ എണ്ണത്തിലും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി.
30 പേർക്ക് വരെ ഒരു വീട്ടിൽ ഒത്തുചേരാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ 15 പേർക്ക് എന്ന രീതിയിലേക്ക് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി.
മാത്രമല്ല, സ്വകാര്യ മേഖലയിലും പൊതുമേഖലാ സ്ഥാപനങ്ങളിലും 75 ശതമാനം ജീവനക്കാർക്ക് തിരിച്ചെത്താം എന്ന പ്രഖ്യാപനത്തിലും മാറ്റം വരുത്തി. തിങ്കളാഴ്ച മുതലാണ് ജീവനക്കാർക്ക് തിരിച്ചെത്താമെന്ന് അറിയിച്ചിരുന്നത്. എന്നാൽ ഇത് വീണ്ടും നീട്ടിയിട്ടുണ്ട്.
രോഗം ബാധിച്ച ഹോട്ടൽ ജീവനക്കാരന് ഏത് തരം വൈറസ് ആണ് ബാധിച്ചിരിക്കുന്നതെന്നും എങ്ങനെയാണ് ഇയാൾക്ക് രോഗം ബാധിച്ചതെന്നുമുള്ള കാര്യങ്ങൾ വ്യക്തമായിട്ടില്ല.
ജനുവരി 29 നാണ് ഈ ജീവനക്കാരൻ ഗ്രാൻഡ് ഹയാട്ട് ഹോട്ടലിൽ ജോലി ചെയ്തത്. എന്നാൽ അന്ന് ഇയാളുടെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ഇതിനുശേഷമാണ് ഇയാൾക്ക് രോഗബാധ സ്ഥിരീകരിച്ചത്.
ഇയാൾ സന്ദർശിച്ച സ്ഥലങ്ങളുടെ പട്ടികയും സർക്കാർ പുറത്തുവിട്ടുണ്ട്. നേരിയ ലക്ഷണങ്ങൾ ഉള്ളവർ പോലും പരിശോധനക്ക് മുൻപോട്ട് വരണമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു.
ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് മത്സരത്തിനായി എത്തിയ കളിക്കാരും അധികൃതരും ഇതേ ഹോട്ടലിലാണ് ക്വാറന്റൈൻ ചെയ്തത്. രോഗബാധിതൻ ഇവിടെ ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാറന്റൈൻ പരിപാടിയുടെ റസിഡന്റ് സപ്പോർട്ട് വർക്കർ ആയി ജോലിചെയ്തിരുന്നു.
അതുകൊണ്ടുതന്നെ ടെന്നീസ് മത്സരവുമായി ബന്ധപ്പെട്ട ഹോട്ടലിൽ കഴിഞ്ഞ 600ഓളം പേരോട് ഐസൊലേറ്റ് ചെയ്ത പരിശോധനക്ക് വിധേയരാവാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇയാളുമായി അടുത്ത സമ്പർക്കം പുലർത്തിയ ബന്ധുക്കൾക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതനുമായി സമ്പർക്കത്തിലായ 19 പേരോട് ഐസൊലേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഇയാൾ സന്ദർശിച്ച സ്ഥലങ്ങളുടെ പട്ടികയും സർക്കാർ പുറത്തുവിട്ടുണ്ട്. നേരിയ ലക്ഷണങ്ങൾ ഉള്ളവർ പോലും പരിശോധനക്ക് മുൻപോട്ട് വരണമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു.
കടപ്പാട്: SBS മലയാളം