മെൽബണിൽ ഒരു കൊവിഡ് ബാധ കൂടി; നിയന്ത്രണങ്ങൾ കടുപ്പിച്ചു

മെൽബണിൽ ഒരു പുതിയ കൊവിഡ്ബാധ കൂടി സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

വടക്കൻ മെൽബണിൽ നാല് പേർക്ക് തിങ്കളാഴ്ച കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് കൂടുതൽ കേസുകൾക്ക് സാധ്യതയുണ്ടെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.

വിറ്റിൽസി പ്രദേശത്താണ് രോഗബാധ കണ്ടെത്തിയത്. പുതിയ ഒരു കേസ് കൂടി സംസ്ഥാനത്ത് ചൊവ്വാഴ്ച കണ്ടെത്തിയിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചായി. രോഗം ബാധിച്ച എല്ലാവരും തിങ്കാളാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ച വിറ്റിൽസിയിലെ കുടുംബവുമായി ബന്ധമുള്ളവരാണ്.

പുതിയ കേസുകൾ രൂപമാറ്റം വന്ന ഇന്ത്യൻ വകഭേദമാണെന്ന് ചീഫ് ഹെൽത്ത് ഓഫീസർ ബ്രെറ്റ് സട്ടൻ പറഞ്ഞു.

ഇവരുമായി സമ്പർക്കത്തിലായവർ എത്രയും വേഗം പരിശോധനക്ക് വിധേയരാവണമെന്ന് സർക്കാർ അറിയിച്ചു.

കൊവിഡ് ബാധ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചു.

സംസ്ഥാനത്ത് കെട്ടിടത്തിനുള്ളിൽ മാസ്ക് വീണ്ടും നിർബന്ധമാക്കി. 12 വയസ്സിന് മേൽ പ്രായമായവർ കെട്ടിടത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന് ആക്‌ടിംഗ്‌ പ്രീമിയർ ജെയിംസ് മെർലിനോ അറിയിച്ചു.

സെക്കന്ററി സ്കൂൾ വിദ്യാർഥികൾ സ്കൂളിൽ മാസ്ക് ധരിക്കണം. പ്രൈമറി സ്കൂൾ അധ്യാപകരും മാസ്ക് ധരിക്കേണ്ടതാണ്

വീടുകളിൽ ഒത്തുചേരുന്നവരുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തി.

അഞ്ച് പേർക്ക് മാത്രമാണ് ഒരു വീട് സന്ദർശിക്കാവുന്നത്. പൊതുയിടങ്ങളിൽ 30 പേർക്ക് മാത്രമേ ഒത്തുചേരാൻ അനുവാദമുള്ളൂ.

ഈ നിയന്ത്രണങ്ങൾ ചൊവ്വാഴ്ച (ഇന്ന്) രാത്രി ആറ് മണി മുതൽ നടപ്പിലാക്കുമെന്നും സർക്കാർ അറിയിച്ചു.

അതേസമയം സ്കൂളുകളും തൊഴിലിടങ്ങളും തുറന്നു പ്രവർത്തിക്കുമെന്ന് ജെയിംസ് മെർലിനോ അറിയിച്ചു. മാത്രമല്ല, മെൽബണിലുള്ളവർക്ക് ഉൾപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും തടസ്സമില്ല.

എന്നാൽ മെൽബണിൽ നിന്ന് ഉൾപ്രദേശങ്ങളിലുള്ള വീടുകൾ സന്ദര്ശിക്കുമ്പോഴും മാസ്ക് ധരിക്കേണ്ടതാണ്.

രോഗബാധിതർ സന്ദർശിച്ചയിടങ്ങളുടെ പട്ടികയും സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. ഇവിടം സന്ദർശിച്ചവർ പരിശോധനക്ക് വിധേയരാവുകയും, 14 ദിവസം ഐസൊലേറ്റ് ചെയ്യുകയും വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Exit mobile version