ആശ്വാസത്തില്‍ മെല്‍ബണ്‍: പുതിയ കൊവിഡ് കേസുകളില്ല

രണ്ടരയാഴ്ചയ്ക്കു ശേഷം വിക്ടോറിയയ്ക്ക് ഇത് പുതിയ കൊവിഡ് കേസുകളില്ലാത്ത ദിവസം. അതിനിടെ, അതിര്‍ത്തി നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്വീന്‍സ്ലാന്റിലേക്ക് കടക്കാന്‍ ശ്രമിച്ച അഞ്ചു മെല്‍ബണ്‍കാരില്‍ നിന്ന് 4,000 ഡോളര്‍ വീതം പിഴയീടാക്കി.

രണ്ടാഴ്ചത്തെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു പിന്നാലെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ വിക്ടോറിയക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത ലഭിച്ചത്.

കഴിഞ്ഞ 24 മണിക്കൂറില്‍ 17,600 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും, പ്രാദേശികമായ രോഗബാധയൊന്നും കണ്ടെത്തിയില്ലെന്ന് ആക്ടിംഗ് പ്രീമിയര്‍ ജെയിംസ് മെര്‍ലിനോ അറിയിച്ചു.

വിദേശത്തു നിന്ന് തിരിച്ചെത്തിയ ഒരാള്‍ക്ക് മാത്രമാണ് രോഗബാധ കണ്ടെത്തിയത്.

ക്വീന്‍സ്ലാന്റിലും ന്യൂ സൗത്ത് വെയില്‍സിലും വെള്ളിയാഴ്ച പുതിയ വൈറസ്ബാധകളൊന്നും കണ്ടെത്തിയിട്ടില്ല.

യാത്രാ ഇളവില്ലാതെ ക്വീന്‍സ്ലാന്റിലെത്തിയ മെല്‍ബണ്‍ ദമ്പതികള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ക്വീന്‍സ്ലാന്‌റിലും ന്യൂ സൗത്ത് വെയില്‍സിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മെയ് 24ന് ശേഷം ഇതാദ്യമായാണ് വിക്ടോറിയയില്‍ പ്രാദേശിക രോഗബാധയില്ലാത്ത ഒരു ദിവസം.

86 ദിവസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു മേയ് 24ന് മെല്‍ബണിലെ ഒരു കുടുംബത്തിന് വൈറസ്ബാധ കണ്ടെത്തിയത്. നിലവില്‍ 75 സജീവ രോഗബാധിതരാണ് മെല്‍ബണിലുള്ളത്.

അതിനിടെ, വിക്ടോറിയയില്‍ നിന്ന് മതിയായ ഇളവുകളില്ലാതെ ക്വീന്‍സ്ലാന്റിലേക്ക് കടന്നതിന് അഞ്ചു പേരില്‍ നിന്ന് 4,003 ഡോളര്‍ വീതം പിഴയീടാക്കി.

യാത്രാ പാസ് ഇല്ലാത്തതിന് നാലു പേരില്‍ നിന്നും, തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് ഒരാളില്‍ നിന്നുമാണ് പിഴയീടാക്കിയത്.

എല്ലാവരെയും ക്വാറന്റൈനിലാക്കുകയും ചെയ്തു.

കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് നിയമം ലംഘിച്ച് സംസ്ഥാനത്തേക്കെത്തുന്ന എല്ലാവരെയും കണ്ടെത്തുമെന്നും, കടുത്ത നടപടിയെടുക്കുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി യുവറ്റ് ഡാത്ത് പറഞ്ഞു.

കടപ്പാട്: SBS മലയാളം

Exit mobile version