വിക്ടോറിയയിലെ ഹോസ്പിറ്റാലിറ്റി മേഖല വെള്ളിയാഴ്ച തുറന്ന് പ്രവർത്തിക്കാനിരിക്കെ, മേഖലയിലെ ജീവനക്കാർ നിർബന്ധമായും രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കണമെന്ന സർക്കാർ പ്രഖ്യാപനം ആശങ്കയ്ക്ക് വക നല്കിയിരിക്കുകയാണ്. എന്നാൽ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് വിക്ടോറിയൻ സർക്കാർ.
ലോക റെക്കോർഡ് മറികടന്ന മെൽബണിലെ ആറാമത്തെ ലോക്ക്ഡൗൺ ഇന്ന് (വ്യാഴാഴ്ച) അർദ്ധരാത്രി അവസാനിക്കുകയാണ്.
നിശ്ചയിച്ചതിലും നേരത്തെ ലോക്ക്ഡൗൺ പിൻവലിക്കുന്നതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
വീടുകളിൽ പത്ത് പേർക്ക് സന്ദർശനം നടത്താനും, യാത്രാ പരിധി ഇല്ലാതാക്കിയതും ജനങ്ങൾക്ക് ആശ്വാസം നൽകിയിട്ടുണ്ട്.
രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് മാത്രമേ വീടുകളിൽ ഒത്തുചേരാൻ അനുവാദമുള്ളൂ.
ഹോസ്പിറ്റാലിറ്റി മേഖലയിലും കെട്ടിടത്തിനുള്ളിൽ പൂർണമായും വാക്‌സിൻ സ്വീകരിച്ച 20 പേർക്ക് ഒത്തുചേരാമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
ഇതേതുടർന്ന് ഹോസ്പിറ്റാലിറ്റി മേഖല തുറക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഉടമകൾ.
ഇതിനിടെയാണ് മേഖലയിലെ ജീവനക്കാർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കണമെന്നത് നിർബന്ധമാക്കിയത്.
റെസ്റ്റോറന്റുകളും പബുകളുമെല്ലാം വെള്ളിയാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ജീവനക്കാർക്ക് മാത്രമേ ഇവിടെ ജോലി ചെയ്യാൻ കഴിയൂ എന്ന് സർക്കാർ ചൊവ്വാഴ്ച അറിയിച്ചത്.
നേരത്തെ ആദ്യ ഡോസിനുള്ള അവസാന തീയതി ഒക്ടോബർ 22 ഉം രണ്ടാം ഡോസിന് നവംബർ 26 ഉം ആയിരുന്നു അവസാന തീയതി.
ഇതിൽ മാറ്റം വരുത്തിക്കൊണ്ടുള്ള സർക്കാർ പ്രഖ്യാപനം ഹോസ്പിറ്റാലിറ്റി മേഖലയിലുള്ള നിരവധി പേരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
പാചകം ചെയ്യുന്നവർ, വെയ്റ്റർമാർ തുടങ്ങി ഹോസ്പിറ്റാലിറ്റി മേഖലയിലെ എല്ലാ ജീവനക്കാർക്കും ഇത് ബാധകമാണ്.
വെള്ളിയാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാനായി ജീവനക്കാർക്ക് ഷിഫ്റ്റുകൾ മറ്റും ഏർപ്പെടുത്തിക്കഴിഞ്ഞ സാഹചര്യത്തിൽ, വൈകി വന്ന ഈ പ്രഖ്യാപനം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് ഓസ്‌ട്രേലിയൻ ഹോട്ടൽസ് അസോസിയേഷൻ വിക്ടോറിയ ചീഫ് എക്സിക്യൂട്ടീവ് പാഡി ഒ’സള്ളിവൻ പറഞ്ഞു.
അതേസമയം, ജീവനക്കാർ രണ്ട ഡോസ് വാക്‌സിനും സ്വീകരിക്കണമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് വിക്ടോറിയൻ സർക്കാർ.
രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ഉപഭോക്താക്കൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന ഹോസ്പിറ്റാലിറ്റി മേഖലയിൽ, ജീവനക്കാർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കേണ്ടത് ആവശ്യമാണെന്ന് വിക്ടോറിയൻ കൊവിഡ് കമാണ്ടർ ജെറോം വീമർ അറിയിച്ചു.
മെൽബണിലെ ലോക്ക്ഡൗൺ ഇന്ന് അർദ്ധരാത്രി അവസാനിക്കുന്നതോടെ ഹോസ്പിറ്റാലിറ്റി മേഖലയിൽ കെട്ടിടത്തിനകത്ത് 20 പേർക്കും, പുറത്ത് 50 പേർക്കുമാണ് അനുവാദമുള്ളത്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് മാത്രമാണ് ഈ ഇളവുകൾ ലഭിക്കുന്നത്.
കടപ്പാട്: SBS മലയാളം