എട്ടു കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതിനു പിന്നാലെ വിക്ടോറിയയിൽ വീണ്ടും ഒരാഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
കൊറോണവൈറസ് ബാധ തുടങ്ങിയ ശേഷം സംസ്ഥാനത്ത് പ്രഖ്യാപിക്കുന്ന ആറാമത്തെ ലോക്ക്ഡൗണാണ് ഇത്.
ഇന്ന് (വ്യാഴാഴ്ച) രാത്രി എട്ടു മണി മുതൽ ഒരാഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതായി പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് അറിയിച്ചു.
സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ലോക്ക്ഡൗൺ ബാധകമാണ്.
മറ്റൊരു മാർഗ്ഗവുമില്ലാത്തതിനാലാണ് ലോക്ക്ഡൗണിലേക്ക് പോകുന്നതെന്ന് പ്രീമിയർ പറഞ്ഞു.
വീണ്ടും ലോക്ക്ഡൗണിലേക്ക് പോകുന്ന സാഹചര്യം ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ, ഡെൽറ്റ വൈറസ് അതിവേഗം പടരുകയും, ഐസൊലേഷനിലല്ലാത്ത പോസിറ്റീവ് കേസുകൾ കണ്ടെത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതു മാത്രമാണ് സർക്കാരിന്റെ മുന്നിലുള്ള മാർഗ്ഗമെന്ന് ഡാനിയൽ ആൻഡ്ര്യൂസ് പറഞ്ഞു.
ഏതാനും ദിവസങ്ങൾ കാത്തിരുന്നാൽ പോലും സ്ഥിതി കൈവിട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
“ഇന്ന് വൈകിട്ട് വീട്ടിലേക്കു പോകുക. വീട്ടിലിരിക്കുക. പിന്നീട് പുറത്തിറങ്ങരുത്. പുറത്തിറങ്ങിയാൽ നിങ്ങൾ വൈറസ് പടരാൻ സഹായിക്കുകയാകും” – ഡാനിയൽ ആൻഡ്ര്യൂസ് പറഞ്ഞു.
കഴിഞ്ഞ മാസത്തെ ലോക്ക്ഡൗണിൽ ഏർപ്പെടുത്തിയിരുന്ന അതേ നിയന്ത്രണങ്ങളാണ് വീണ്ടും കൊണ്ടുവരുന്നത്.
ഷോപ്പിംഗിനും വ്യായാമത്തിനുമുള്ള അഞ്ചു കിലോമീറ്റർ പരിധിയും, കെട്ടിടങ്ങൾക്കകത്തും പുറത്തുമുള്ള മാസ്ക് ഉപയോഗവും ഉൾപ്പെടെയാണ് ഇത്.
സിഡ്നിയിൽ 27 വയസ് പ്രായമുള്ള ഒരാൾ മരിച്ചതുപോലുള്ള സാഹചര്യത്തിലേക്ക് പോകാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ലോക്ക്ഡൗൺ ബാധിക്കുന്ന ബിസിനസുകൾക്ക് സഹായം നൽകുന്ന കാര്യം വെള്ളിയാഴ്ച രാവിലെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.