വിക്ടോറിയയിൽ അഞ്ച് ദിവസത്തെ ലോക്ക്ഡൗൺ

സിഡ്‌നിയിൽ നിന്നുള്ള കൊവിഡ്ബാധ കൂടിയതോടെ വിക്ടോറിയയിൽ അഞ്ച് ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വ്യാഴാഴ്‌ച (ഇന്ന്) അർദ്ധരാത്രി മുതലാണ് ലോക്ക്ഡൗൺ.

സംസ്ഥാനത്ത് കൊവിഡ് ബാധയിൽ നിന്ന് കരകയറുന്നതിനിടെയാണ് വീണ്ടും വൈറസ്ബാധ പൊട്ടിപ്പുറപ്പെട്ടത്.

സിഡ്‌നിയിൽ പടരുന്ന ഡെൽറ്റ വേരിയന്റ് ആണ് വിക്ടോറിയയിലെ ആശങ്കപടർത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 18 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗബാധ വർദ്ധിക്കുന്നതിനെത്തുടർന്ന് വ്യാഴാഴ്‌ച (ഇന്ന്) അർദ്ധരാത്രി മുതൽ സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

ജൂലൈ 20 ചൊവ്വാഴ്ച അർദ്ധരാത്രി വരെയാണ് ലോക്ക്ഡൗൺ.

മഹാമാരി തുടങ്ങിയതിന് ശേഷം വിക്ടോറിയ നേരിടുന്ന അഞ്ചാമത്തെ ലോക്ക്ഡൗൺ ആണിത്.

ലോക്ക്ഡൗൺ സമയത്ത് അഞ്ച് കാര്യങ്ങൾക്ക് മാത്രമേ ആളുകൾക്ക് പുറത്തിറങ്ങാൻ അനുവാദമുള്ളൂ.

ആവശ്യസാധനങ്ങൾ വാങ്ങാൻ, വ്യായാമത്തിന്, അംഗീകൃത ജോലിക്കായോ പഠനത്തിനായോ, ശുശ്രൂഷ ആവശ്യമായവർക്ക് അത് നൽകാൻ, വാക്‌സിനേഷന് തുടങ്ങിയ കാര്യങ്ങൾക്ക് മാത്രമേ വീട് വിട്ട് പുറത്തിറങ്ങാവു എന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു.

മാത്രമല്ല, അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിൽ മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ. സ്കൂൾ പഠനം ഓൺലൈൻ ആകും.

ബുധനാഴ്ച വൈകിട്ടോടെ എട്ട് പുതിയ കേസുകൾ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് സംസ്ഥാനത്ത് ബുധനാഴ്ച അർദ്ധരാത്രി മുതൽ ഇൻഡോർ മേഖലയിൽ മാസ്ക് നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.

രോഗബാധിതർ സന്ദർശിച്ച 75 സ്ഥലങ്ങളുടെ പട്ടിക ആരോഗ്യ വകുപ്പ് പുറത്തുവിട്ടു.

വ്യാഴാഴ്ച സ്ഥിരീകരിച്ച പുതിയ കേസുകളിൽ രണ്ടെണ്ണം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ചവരാണ്. ഇതിൽ ഒരാൾ 20 വയസിന് മേൽ പ്രായമുള്ളയാളാണ്.

കഴിഞ്ഞ ലോക്ക്ഡൗണിൽ ധനസഹായം ലഭ്യമായവർക്ക് ഇത്തവണയും ആനുകൂല്യം ലഭിക്കുമെന്ന് പ്രീമിയർ അറിയിച്ചു.

വിക്ടോറിയയിൽ കൊവിഡ് ബാധ കൂടുന്നതിനെത്തുടർന്ന് മറ്റ് സംസ്ഥാനങ്ങൾ വിക്ടോറിയയുമായി അതിർത്തി നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു.

കടപ്പാട്: SBS മലയാളം

Related Articles

Back to top button