വിക്ടോറിയയിൽ ലോക്ക്ഡൗൺ നീട്ടി; 23ന് ശേഷം കൂടുതൽ ഇളവുകൾ

വിക്ടോറിയയിൽ 120 പ്രാദേശിക കൊവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ലോക്ക്ഡൗൺ നീട്ടി. എന്നാൽ നിയന്ത്രണങ്ങളോടെ പ്ലേഗ്രൗണ്ടുകൾ തുറക്കുമെന്ന് പ്രീമിയർ അറിയിച്ചു.

വിക്ടോറിയയിലെ ലോക്ക്ഡൗൺ ഒരു മാസം പിന്നിടുമ്പോഴും കേസുകളുടെ എണ്ണം വർദ്ധിക്കുകയാണ്.

സംസ്ഥാനത്ത് 120 പ്രാദേശിക കൊവിഡ് ബാധയാണ് ബുധനാഴ്ച സ്ഥിരീകരിച്ചത്. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ആദ്യമായാണ് വിക്ടോറിയയിൽ ഒറ്റദിവസം ഇത്രയധികം കേസുകൾ സ്ഥിരീകരിക്കുന്നത്.

രോഗബാധ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ സെപ്റ്റംബർ 23 വരെ തുടരും.

70 ശതമാനം പേർ സെപ്റ്റംബർ 23ന് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കും. അതിന് ശേഷം കൂടുതൽ ഇളവുകൾ നൽകാനാണ് സർക്കാർ പദ്ധതി.

സെപ്റ്റംബർ രണ്ടിനായിരുന്നു ലോക്ക്ഡൗൺ അവസാനിക്കേണ്ടിയിരുന്നത്. ഇതാണ് ഇപ്പോൾ വീണ്ടും നീട്ടിയിരിക്കുന്നത്.

എന്നാൽ, ലോക്ക്ഡൗൺ നീട്ടിയെങ്കിലും അടച്ചിട്ടിരിക്കുന്ന പ്ലേഗ്രൗണ്ടുകൾ തുറക്കുമെന്ന് സർക്കാർ അറിയിച്ചു.

നാളെ (വ്യാഴാഴ്ച) അർദ്ധരാത്രി മുതലാണ് പ്ലേ‌ഗ്രൗണ്ടുകൾ തുറക്കുന്നത്.

എന്നാൽ ഒരു രക്ഷിതാവിനൊപ്പം 12 വയസിന് താഴെയുള്ള കുട്ടികൾക്ക് മാത്രമേ ഇവിടം സന്ദർശിക്കാൻ അനുവാദമുള്ളൂ.

വീടുകളിൽ ഉള്ള ചൈൽഡ് കെയർ സേവനങ്ങളും പ്രവർത്തനം ആരംഭിക്കും.

എന്നാൽ, നിലവിലുള്ള മറ്റ് നിയന്ത്രണങ്ങളെല്ലാം നിലനിൽക്കുമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു.

അതേസമയം, സെപ്റ്റംബർ 23ന് സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനുകൾ സ്വീകരിച്ചവരുടെ എണ്ണം 70 ശതമാനം ആകും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അതിന് ശേഷം ചില ഇളവുകൾ നൽകുമെന്നും പ്രീമിയർ അറിയിച്ചു.

സെപ്റ്റംബർ 23 ന് ശേഷം:

സ്കൂൾ തുറക്കുന്നത് സംബന്ധിച്ചും പ്രീമിയർ പ്രഖ്യാപനം നടത്തി. 

കുട്ടികൾ ഈ ടേമിൽ ഓൺലൈൻ പഠനം തുടരുമെന്നും പ്രീമിയർ പറഞ്ഞു.

ജനറൽ അച്ചീവ്‌മെന്റ് ടെസ്റ്റ് (GAT) ഒക്ടോബർ അഞ്ചിന് നടക്കും.

അതിനാൽ, 12 ആം ക്ലാസ്സിലെ കുട്ടികൾ ഒക്ടോബർ അഞ്ചോടെ ആദ്യ
ഡോസ് വാക്‌സിനേഷൻ സ്വീകരിക്കുമെന്നും, സെപ്റ്റംബർ ഏഴ് മുതൽ 17 വരെയുള്ള കാലയളവിൽ സ്കൂളുകൾ വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കുമെന്നും പ്രീമിയർ പറഞ്ഞു.

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 40നും 60നും മേൽ പ്രായമായ രണ്ട് സ്ത്രീകളാണ് വൈറസ്ബാധിച്ച് മരിച്ചത്.

പുതിയ കേസുകളിൽ 64 എണ്ണം നേരത്തെയുള്ള രോഗബാധയുമായി ബന്ധമുള്ളതാണ്. 56 എണ്ണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. 

വിക്ടോറിയയിൽ സജീവമായ കേസുകൾ 900 ആയി.

കടപ്പാട്: SBS മലയാളം

Exit mobile version