കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു; വിക്ടോറിയയിൽ സ്കൂളുകളിലും ഓഫീസുകളിലും മാസ്ക് വേണ്ട

വിക്ടോറിയയിൽ കൊവിഡ് ബാധ കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. തൊഴിലിടങ്ങളിലും സ്കൂളുകളിലും ഇനി മാസ്ക് ധരിക്കേണ്ടതില്ല.

വിക്ടോറിയയിൽ ഒരാഴ്ച തുടർച്ചയായി പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.

ജൂലൈ ഒന്ന് മുതൽ ഇളവുകൾ നടപ്പാക്കാനായിരുന്നു പദ്ധതി. എന്നാൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വൈറസ്ബാധ പടർന്നതോടെ നിയന്ത്രണങ്ങൾ ഇളവ് ചെയ്യുന്നത് വിക്ടോറിയ താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.

എന്നാൽ രോഗബാധ കുറഞ്ഞതോടെ വ്യാഴാഴ്ച (നാളെ) അർദ്ധരാത്രി മുതൽ കൂടുതൽ ഇളവുകൾ നടപ്പാക്കും.

സ്കൂളുകളിലും തൊഴിലിടങ്ങളിലും ഇനി മാസ്ക് ധരിക്കേണ്ടതില്ല. എന്നാൽ കെട്ടിടത്തിനുള്ളിൽ മാസ്ക് നിർബന്ധമായി തുടരും. പൊതുസമൂഹവുമായി ഇടപഴകേണ്ട ആവശ്യമില്ലാത്ത തൊഴിലിടങ്ങളിലാണ് മാസ്ക് നിർബന്ധമല്ലാത്തത്.

നഗരത്തിലുള്ള തൊഴിലിടങ്ങിലേക്ക് കൂടുതൽ പേർ എത്തുന്നത്ത് പ്രോത്സാഹിപ്പിക്കാൻ ഓഫീസുകളിൽ മാസ്ക് നിർബന്ധമല്ലാതാക്കണമെന്ന് ബിസിനസ് ഗ്രൂപ്പുകൾ ആവശ്യപ്പെട്ടിരുന്നു.

കൂടാതെ സ്റ്റേഡിയത്തിൽ 75 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിക്കും.

ഡാൻസ് ഫ്ലോറുകളിൽ 50 പേരെ അനുവദിക്കും. ബാറുകൾ റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ രണ്ട് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന നിലയിലേക്ക് നിയന്ത്രണങ്ങൾ ഇളവ് ചെയ്യും.

അതേസമയം, വീടുകളിൽ 15 പേർക്ക് മാത്രമേ ഒത്തുചേരാൻ അനുവാദമുള്ളൂ. ഈ നിയന്ത്രണത്തിൽ മാറ്റം വരുത്തിയിട്ടില്ല.

സംസ്ഥാനത്ത് സജ്ജീവമായ 24 കേസുകളാണുള്ളതെന്ന് ആക്‌ടിംഗ്‌ ചീഫ് ഹെൽത്ത് ഓഫീസർ അസോസിയേറ്റ് പ്രൊഫസ്സർ ഡെബ് ഫ്രൈഡ്മാൻ പറഞ്ഞു.

ഈ വർഷം അവസാനം നടത്താനിരുന്ന മെൽബൺ ഗ്രാൻഡ് പ്രിക്സ് റദ്ദാക്കിയതായി സർക്കാർ ചൊവ്വാഴ്ച അറിയിച്ചിട്ടുണ്ട്.

കടപ്പാട്: SBS മലയാളം

Exit mobile version