വിക്ടോറിയയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

വിക്ടോറിയയിൽ കൊവിഡ് ബാധ കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. മാസ്ക് ധരിക്കുന്നതിലും ഒത്തുചേരലുകൾക്കുമുള്ള നിയന്ത്രണത്തിലാണ് ഇളവുകൾ.

ക്വാറന്റൈൻ ഹോട്ടലുമായി ബന്ധപ്പെട്ട് വൈറസ്ബാധ പൊട്ടിപ്പുറപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ നടപ്പാക്കിയിരുന്നു.

എന്നാൽ രോഗബാധ കുറഞ്ഞതിനെത്തുടർന്നാണ് സർക്കാർ വെള്ളിയാഴ്ച രാവിലെ ഇളവുകൾ പ്രഖ്യാപിച്ചത്.

നിലവിൽ സംസ്ഥാനത്ത് കെട്ടിടത്തിനകത്തും പുറത്തും മാസ്ക് ധരിക്കണമെന്നത് നിർബന്ധമാണ്. എന്നാൽ പൊതുഗതാഗത സംവിധാനങ്ങൾ, ടാക്സികൾ, റൈഡ് ഷെയർ സംവിധാനങ്ങൾ, ഏജ്ഡ് കെയറുകൾ, വലിയ റീറ്റെയ്ൽ സംവിധാനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ മാത്രം ഇനി മാസ്ക് ധരിച്ചാൽ മതി.

ഇതിന് പുറമെ വീടുകളിലും പുറത്തും ഒത്തുകൂടാവുന്നവരുടെ എണ്ണത്തിലുള്ള നിയന്ത്രണത്തിലും സർക്കാർ ഇളവ് പ്രഖ്യാപിച്ചു. ഒരു ദിവസം ഒരു വീട്ടിൽ ഇനി മുതൽ 30 പേർക്ക് ഒത്തുകൂടാം.

അഞ്ച് പേർക്ക് മാത്രമായിരുന്നു വീടുകളിൽ ഒത്തുചേരാൻ അനുവാദമുണ്ടായിരുന്നത്.

മാത്രമല്ല കെട്ടിടത്തിന് പുറത്ത് 100 പേർക്ക് വരെ ഒത്തുകൂടാം.

പൊതുമേഖലകളിലും സ്വകാര്യ മേഖലകളിലും 75 ശതമാനം ജീവനക്കാർക്ക് തൊഴിലിടങ്ങളിലേക്ക് തിരിച്ചെത്താമെന്നും പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് അറിയിച്ചു.

2020 മാർച്ചിന് ശേഷം ഇതാദ്യമായാണ് ഇത്രയും പേർക്ക് തിരികെ തൊഴിലിടങ്ങളിലേക്ക് മടങ്ങാവുന്നത്.

വെള്ളിയാഴ്ച രാത്രി 11.59 മുതലാണ് ഈ ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്.

അതേസമയം ചില നിയന്ത്രണങ്ങൾ നിലനിൽക്കും. പബുകളിലും റെസ്റ്റോറന്റുകളിലുമെല്ലാം രണ്ട് ചതുരശ്ര മീറ്ററിൽ ഒരാൾ എന്നാൽ വ്യവസ്ഥയാണ് നിലനിൽക്കുന്നത്. റീറ്റെയ്ൽ ബിസിനസുകൾക്കും ഇത് ബാധകമാകുമെന്ന് പ്രീമിയർ അറിയിച്ചു.

കടപ്പാട്: SBS മലയാളം

Exit mobile version