ഓസ്ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് ഇടിഞ്ഞു
ഓസ്ട്രേലിയയിലെ തൊഴിലില്ലായ്മാ നിരക്ക് 48 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തി. എന്നാൽ, രാജ്യത്തെ ബാങ്ക് പലിശനിരക്ക് വീണ്ടും ഉയരാൻ ഇത് കാരണമാകും എന്നാണ് മുന്നറിയിപ്പ്.
ജൂൺ മാസത്തിൽ 3.5 ശതമാനമായാണ് ഓസ്ട്രേലിയയിലെ തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞിരിക്കുന്നത്.
മേയ് മാസത്തിൽ നിന്ന് 0.4 ശതമാനത്തിന്റെ കുറവാണ് ജൂണിൽ ഉണ്ടായിട്ടുള്ളത്.
1974 ഓഗസ്റ്റിനു ശേഷമുള്ള ഓസ്ട്രേലിയയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മാ നിരക്കാണ് ഇത്.
ജൂൺ മാസത്തിൽ 88,400 പുതിയ തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കപ്പെട്ടു എന്നാണ് ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കിയത്.
രാജ്യത്തെ സാമ്പത്തിക വിദഗ്ധരും റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയയും പ്രതീക്ഷിച്ചതിനെക്കാൾ മെച്ചപ്പെട്ട തൊഴിലില്ലായ്മാ നിരക്കാണ് ഇത്.
റിസർവ് ബാങ്ക് പ്രതീക്ഷിച്ചതിനെക്കാൾ ഒരു വർഷം മുമ്പാണ് തൊഴിലില്ലായ്മ ഇത്രയും കുറഞ്ഞത്. 2023 ജൂണിൽ മാത്രമേ 3.5 ശതമാനമായി തൊഴിലില്ലായ്മാ നിരക്ക് താഴുകയുള്ളൂ എന്നായിരുന്നു റിസർവ് ബാങ്കിന്റെ വിലയിരുത്തൽ.
രാജ്യത്ത് തൊഴിലവസരങ്ങൾ വർദ്ധിക്കുന്നു എന്നതിനൊപ്പം, പല മേഖലകളിലും തൊഴിലാളികളുടെ ദൗർലഭ്യം നേരിടുന്നു എന്നു കൂടിയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
ജോലി ചെയ്യാൻ ആളില്ലാത്തതിനാൽ പല ബിസിനസുകളും അവരുടെ പ്രവർത്തനത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതായും റിപ്പോർട്ടുകളുണ്ട്.
പലിശനിരക്ക് വീണ്ടും കൂടും
തൊഴിലില്ലായ്മാ നിരക്ക് കുറയുന്നത് മെച്ചപ്പെട്ട സാമ്പത്തിക രംഗത്തെയാണ് കാണിക്കുന്നതെങ്കിലും, ബാങ്ക് വായ്പകളുള്ളവർക്ക് ഇത്ര അത്ര നല്ല വാർത്തയല്ല എന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
ഓഗസ്റ്റ് മാസത്തിൽ റിസർവ് ബാങ്ക് പലിശ നിരക്ക് വീണ്ടും കുറഞ്ഞത് അര ശതമാനം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ, പലിശ നിരക്കിൽ 0.75 ശതമാനമോ, ഒരു ശതമാനമോ വർദ്ധനവ് വരുത്തിയാലും അത്ഭുതപ്പെടാനില്ല എന്നാണ് NABലെ സാമ്പത്തിക വിദഗ്ധൻ ടെയ്ലർ നുഗെന്റ് ചൂണ്ടിക്കാട്ടുന്നത്.
0.75 ശതമാനം വരെ വർദ്ധനവ് ഓഗസ്റ്റിൽ പ്രതീക്ഷിക്കുന്നുണ്ടെന്ന് AMP ചീഫ് എക്കണോമിസ്റ്റ് ഷെയ്ൻ ഒളിവറും പറഞ്ഞു.
നിലവിൽ 1.35 ശതമാനമാണ് റിസർ ബാങ്ക് നിശ്ചയിച്ചിട്ടുള്ള പലിശനിരക്ക്. ഏപ്രിൽ മാസത്തിൽ 0.1 ശതമാനമായിരുന്നതാണ് ഇത്രയും ഉയർന്നത്.
കടപ്പാട്: SBS മലയാളം