സൈബർ സുരക്ഷയക്ക് ദിവസവും അഞ്ച് മിനിറ്റ് ഫോൺ ഓഫ് ചെയ്ത് വെയ്ക്കാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സിഡ്നി: സൈബർ സുരക്ഷാ നടപടിയുടെ ഭാ​ഗമായി ദിവസത്തിൽ ഒരിക്കലെങ്കിലും സ്‌മാർട്ട്‌ ഫോണുകൾ ഓഫാക്കി വീണ്ടും ഓണാക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസി.

സൈബർ അപകട സാധ്യതകൾ തടയാനായി ഓസ്‌ട്രേലിയയിൽ ദേശീയ സൈബർ സുരക്ഷാ കോർഡിനേറ്ററെ നിയമിക്കുമെന്നും പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു.

സൈബർ സുരക്ഷയിൽ നമുക്കെല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. അഞ്ച് മിനിറ്റ് ഫോൺ ഓഫാക്കുന്നതുപോലെയുള്ള ലളിതമായ കാര്യങ്ങൾ ചെയ്യുന്നതിലൂടെ മികച്ച സുരക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അമേരിക്കയിൽ നാഷണൽ സെക്യൂരിറ്റി ഏജൻസി മൊബൈൽ ഉപകരണ സുരക്ഷയ്‌ക്കായി ഇത്തരത്തിലുള്ള മാർഗ നിർദേശങ്ങൾ മുമ്പ് പുറപ്പെടുവിച്ചിരുന്നു. ഹാക്കിംഗ് തടയാൻ സ്‌മാർട്ട്‌ ഫോണുകൾ ആഴ്ചയിൽ ഒരിക്കൽ റീബൂട്ട് ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു.

എല്ലാ ദിവസവും റീബൂട്ട് ചെയ്യുന്നത് ബുദ്ധിമുട്ടായി തോന്നുമെങ്കിലും ചില സന്ദർഭങ്ങളിൽ ഇത് സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഫോൺ പതിവായി റീബൂട്ട് ചെയ്യുന്നത് അപകട സാധ്യത കുറയ്ക്കുമെന്ന് സൈബർ സുരക്ഷാ വികസനത്തിൽ വൈദഗ്ധ്യം നേടിയ സിഡ്‌നി സാങ്കേതിക സർവകലാശാലയിലെ സീനിയർ ലക്ചറർ ഡോ പ്രിയദർശി നന്ദ പറഞ്ഞു.

നാം ഫോണുകൾ ഉപയോ​ഗിക്കാത്തപ്പോഴും പല ആപ്പുകളും പ്രവർത്തന നിരതമാണെന്ന് പലർക്കും അറിയില്ലെന്നും നന്ദ പറഞ്ഞു.

നമ്മുടെ ജീവിതത്തിൽ എത്ര മാത്രം സ്‌മാർട്ട്‌ ഫോണുകൾ ഉപയോഗിക്കുന്നു എന്നത് കണക്കിലെടുക്കുമ്പോൾ ഒരു വർഷം മുഴുവനും ആളുകൾ അവരുടെ ഫോൺ ഓഫാക്കിയിട്ടില്ലാത്ത സംഭവങ്ങളെക്കുറിച്ച് അറിയാം. പിന്നണിയിൽ പ്രവർത്തിക്കുന്ന ആപ്പുകൾ പതിവായി അടയ്ക്കുന്നതിലൂടെ ഫോൺ റീബൂട്ട് ചെയ്യുന്നതിന്റെ ചില നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് നന്ദ പറഞ്ഞു.

ക്രിമിനൽ സംഘങ്ങൾ തങ്ങളുടെ ഭാ​ഗത്തു നിന്ന് ഫോൺ പ്രവർത്തിപ്പിക്കുന്നുണ്ടെങ്കിൽ ഫോൺ ഓഫാക്കുന്നത് ആ ശൃംഖലയെ തകർക്കും. ഫോൺ ഓഫായിരിക്കുന്ന സമയത്തേക്ക് മാത്രമാണെങ്കിൽ പോലും അത് ഹാക്കറെ നിരാശനാക്കും. റീബൂട്ട് ചെയ്യുന്നത് ഹാക്കർമാർക്ക് കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടാക്കുമെന്നും നന്ദ പറഞ്ഞു.

നല്ല സൈബർ ശുചിത്വം സ്വീകരിക്കാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആദ്യ പടിയാണിതെന്ന് ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ സൈബർ സുരക്ഷയിലെ സീനിയർ ലക്ചറർ ഡോ അരാഷ് ഷാഘി പറഞ്ഞു.

അതേ സമയം പാസ്‌വേഡ് മോഷ്ടിക്കപ്പെടുകയോ ഫോൺ നഷ്ടമാവുകയോ ചെയ്‌താൽ പരിരക്ഷ ലഭിക്കില്ല.

Related Articles

Back to top button