ഇന്ത്യയിൽ നിന്ന് അഡ്‌ലൈഡിലേക്കുള്ള വിമാനം നാളെ എത്തും

ഇന്ത്യയിൽ നിന്ന് അഡ്‌ലൈഡിലേക്ക് തിരിച്ചെത്തുന്ന ഓസ്‌ട്രേലിയക്കാരെ, ക്വാറന്റൈൻ ചെയ്യുന്ന എല്ലാ ദിവസവും കൊവിഡ് പരിശോധനക്ക് വിധേയരാക്കുമെന്ന് സൗത്ത് ഓസ്ട്രേലിയ ഡെപ്യൂട്ടി ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ അറിയിച്ചു.

ഇന്ത്യയിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് അവസാനിച്ച ശേഷം അഡ്‌ലൈഡിലേക്കുള്ള ആദ്യ വിമാനം വെള്ളിയാഴ്ച എത്തും.

150 യാത്രക്കാരുമായി ഡൽഹിയിൽ നിന്ന് അഡ്‌ലൈഡിൽ എത്തുന്ന ചാർട്ടർ ക്വാണ്ടസ് വിമാനത്തിലെ യാത്രക്കാരെ മെഡി-ഹോട്ടലിലാണ് ക്വാറന്റൈൻ ചെയ്യുന്നത്.

ഈ വിമാനത്തിൽ യാത്രചെയ്യേണ്ട ഒരു യാത്രക്കാരൻ ഇന്ത്യയിൽ വച്ചുള്ള പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇതേതുടർന്ന്, ഈ വിമാനത്തിൽ എത്തുന്ന യാത്രക്കാരെ ക്വാറന്റൈൻ ചെയ്യുന്ന 14 ദിവസവും കൊവിഡ് പരിശോധനക്ക് വിധേയരാക്കുമെന്ന് സൗത്ത് ഓസ്ട്രേലിയ ഡെപ്യൂട്ടി ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ എമിലി കിർപാട്രിക് അറിയിച്ചു.

ഇന്ത്യയിൽ വച്ചുള്ള പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആയ യാത്രക്കാരനെ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും എമിലി വ്യക്തമാക്കി.

നിലവിൽ വിദേശത്തു നിന്നെത്തുന്നവരെ ക്വാറന്റൈൻ തുടങ്ങുന്നതിന്റെ ആദ്യ ദിവസവും, അഞ്ച്, ഒമ്പത്, 13 ദിവസങ്ങളിലുമാണ് കൊവിഡ് പരിശോധനക്ക് വിധേയരാക്കുന്നത്.

ഇതിന് പകരമാണ് ഇന്ത്യയിൽ നിന്ന് വെള്ളിയാഴ്ച തിരിച്ചെത്തുന്ന യാത്രക്കാരിൽ എല്ലാ ദിവസവും പരിശോധന നടത്തുന്നത്.

കൊവിഡ് ബാധയെത്തുടർന്ന് വിക്ടോറിയയുമായി സൗത്ത് ഓസ്ട്രേലിയ അതിർത്തി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. നിയന്ത്രണങ്ങൾ നടപ്പാക്കിയ ശേഷം കോളിങ് വുഡ് AFL ടീമിന് സംസ്ഥാനത്തേക്കെത്താൻ ഇളവ് നൽകി. ഇത് വിമർശനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു.

കൂടാതെ, ഇന്ത്യയിൽ നിന്ന് തിരിച്ചെത്തിയ ശേഷം അഡ്‌ലൈഡിൽ ക്വാറന്റൈൻ ചെയ്തയാൾക്കാണ് വിക്ടോറിയയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതാണ് സംസ്ഥാനത്തെ ലോക്ക്ഡൗണിലേക്ക് നയിച്ചതും.

മാത്രമല്ല, യാത്രക്കാർ ക്വാറന്റൈൻ ചെയ്യുന്ന മെഡി-ഹോട്ടലിലും കൂടുതൽ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും, ഹോട്ടലിലെ ജീവനക്കാർക്ക് അധിക PPE കിറ്റുകൾ നൽകിയിട്ടുണ്ടെന്നും എമിലി കിർപാട്രിക്ക് വ്യക്തമാക്കി.

മെയ് 15 നാണ് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഫെഡറൽ സർക്കാർ നീക്കം ചെയ്തത്. ഇതിന് ശേഷം ഡാർവിനിലേക്കും, പെർത്തിലേക്കും വിമാനങ്ങൾ എത്തിയിരുന്നു.

കടപ്പാട്: SBS മലയാളം

Exit mobile version