ദക്ഷിണാഫ്രിക്കയിൽ അപകടകരമായ പുതിയ കൊറോണവൈറസ് വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടനും ഇസ്രായേലും ഈ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി. ഡെൽറ്റ വേരിയന്റിനേക്കാൾ അധികം ജനിതക മാറ്റം സംഭവിച്ച ഈ വകഭേദത്തിനെതിരെ നിലവിലുള്ള വാക്‌സിനുകൾക്ക് ഫലപ്രാപ്തി ഉണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയിരിക്കുന്ന പുതിയ വൈറസ് വകഭേദത്തിന് ഡെൽറ്റ വേരിയന്റിന്റെ ഇരട്ടി ജനിതക മാറ്റം ഉണ്ടായിരിക്കുന്നതായി ബ്രിട്ടനിലെ ആരോഗ്യ അധികൃതർ കണ്ടെത്തി. ഈ വേരിയന്റിനെ പ്രതിരോധിക്കാൻ കൂടുതൽ വെല്ലുവിളി ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് വിദഗ്ദ്ധരുടെ പ്രാഥമിക നിഗമനം.
പുതുതായി കണ്ടെത്തിയിരിക്കുന്ന B.1.1.529 എന്ന പേരുള്ള വേരിയന്റിനെ പ്രതിരോധിക്കാൻ നിലവിലുള്ള വാക്‌സിനുകൾ പൂർണ്ണമായി പ്രാപ്തമാകണമെന്നില്ല എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
ഈ വേരിയന്റിൽ കാണുന്ന ഒരു സ്പൈക്ക് പ്രോട്ടീൻ ആദ്യ ഘട്ടങ്ങളിൽ കണ്ടെത്തിയ കൊറോണവൈറസിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തമാണ് എന്നതാണ് കാരണമായി പറയുന്നത്.
നേരത്തെയുള്ള രോഗബാധയോ, വാക്സിനേഷനോ മൂലം ഉണ്ടാകുന്ന രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ ഈ വേരിയന്റിന് കഴിഞ്ഞേക്കും എന്നാണ് ആശങ്ക.
എന്നാൽ ലാബിലുള്ള കൂടുതൽ പഠനങ്ങൾക്ക് ശേഷം മാത്രമേ വാക്‌സിന്റെ ഫലപ്രാപ്തിയുടെ കാര്യത്തിൽ വ്യക്തത വരികയുള്ളൂ എന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
നിലവിൽ ഈ വേരിയന്റ് ഓസ്‌ട്രേലിയ്ക്ക് ഭീഷണി ഉയർത്തുന്നില്ല എന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പാഞ്ഞു. എന്നാൽ ഇതിൽ മാറ്റമുണ്ടാകാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഈ വേരിയന്റിൽ നിരവധി തവണ ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്, ഒരുപക്ഷേ ഡെൽറ്റ വേരിയന്റിൽ നമ്മൾ കണ്ടതിന്റെ ഇരട്ടി മ്യൂട്ടേഷനുകൾ,” ബ്രിട്ടനിലെ ആരോഗ്യമന്ത്രി സാജിദ് ജാവിദ് പറഞ്ഞു.
അതുകൊണ്ട് രോഗ വ്യാപനം കൂടുതലാകാൻ ഇടയുണ്ടെന്നും, നിലവിലുള്ള വാക്‌സിനുകളുടെ ഫലപ്രാപ്തി കുറവാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
പുതിയ വകഭേദത്തിന്റെ അപകട സാധ്യത വിലയിരുത്തി വരികയാണെന്ന് ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞർ വ്യാഴാഴ്ച അറിയിച്ചു.
ഏതാനും ദിവസങ്ങളായി രോഗവ്യാപന നിരക്ക് ഉയർന്നിരിക്കുന്ന ദക്ഷിണാഫ്രിക്കയിൽ എത്ര ശതമാനം കേസുകളാണ് പുതിയ വേരിയന്റിനെ തുടർന്ന് ഉണ്ടായിരിക്കുന്നതെന്ന് വിലയിരുത്തിവരികയാണ്.
പുതിയ വേരിയന്റ് ബോട്സ്വാനയിലും ഹോംഗ് കോങ്ങിലും കണ്ടെത്തിയിട്ടുണ്ട്.
ബ്രിട്ടിനിൽ ഇതുവരെ ഈ വേരിയന്റ് കണ്ടെത്തിയിട്ടില്ല എന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ വാക്‌സിനേഷൻ പദ്ധതി സംരക്ഷിക്കുന്നത് ലക്ഷ്യമിട്ട് ബ്രിട്ടൻ ഉടൻ നടപടികൾ സ്വീകരിച്ചു.
ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോത്തോ, ബോട്സ്വാന, സ്വാസിലാൻഡ്, സിംബാബ്‌വെ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ബ്രിട്ടൻ വിലക്കേർപ്പെടുത്തി. ഇസ്രായേലും യാത്രാ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
കടപ്പാട്: SBS മലയാളം