മെല്‍ബണ്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഒരു ദിവസം ദുഖാചരണം നടത്താനുള്ള ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിയുടെ പ്രഖ്യാപനത്തോട് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഭിന്നാഭിപ്രായം.
ദൂഖാചരണം നടത്തുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ പൊതു അവധി കടുത്ത സാമ്പത്തിക നഷ്ടം രാജ്യത്തിനുണ്ടാക്കുമെന്നും ഓസ്‌ട്രേലിയയുടെ വ്യവസായിക മേഖലയിലെ സംഘടനാ പ്രതിനിധികള്‍ ആശങ്ക പങ്കുവച്ചു.
വാണിജ്യ വ്യാപാര മേഖലകള്‍ നിശ്ചലമാക്കിയുള്ള പൊതു അവധി 1.5 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് സാമ്പത്തിക മേഖലയ്ക്ക് ഉണ്ടാക്കുക. കോവിഡ് മഹാമാരിയെ തുടര്‍ന്ന് തളര്‍ച്ച നേരിടുന്ന സാമ്പത്തിക മേഖലയ്ക്ക് ഇത് വലിയ ആഘാതം സൃഷ്ടിക്കുമെന്ന് ഓസ്ട്രേലിയന്‍ റീട്ടെയിലേഴ്സ് അസോസിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ് പോള്‍ സഹ്റ പറഞ്ഞു.
സര്‍ക്കാരിന്റെ തീരുമാനത്തെ മാനിക്കുന്നു, എന്നാല്‍ അവധിയും സ്റ്റോര്‍ അടച്ചുപൂട്ടലും ബിസിനസുകള്‍ക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചില വ്യവസായ മേഖലയ്ക്ക് ഇത് സന്തോഷം നല്‍കുമെങ്കിലും ചെറുകിട ബിസിനസുകളെ ദോഷമായി ബാധിക്കുമെന്ന് കൗണ്‍സില്‍ ഓഫ് സ്‌മോള്‍ ബിസിനസ്സ് ഓര്‍ഗനൈസേഷന്‍സ് ഓസ്ട്രേലിയയുടെ ചീഫ് എക്സിക്യൂട്ടീവ് അലക്സി ബോയ്ഡ് പറഞ്ഞു.
40,000 ഡോളര്‍ വരെ ഇത് നഷ്ടം സൃഷ്ടിക്കും. പ്രതിദിന സ്റ്റോക്കിനായി വിതരണ ശൃംഖലകളെ ആശ്രയിക്കുന്നവരെ അവധി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുഖാചരണത്തോടെയുള്ള പൊതു അവധിയായതിനാല്‍ അത് ആരോഗ്യ സംവിധാനത്തെ ബാധിക്കുമെന്ന് ഓസ്ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ സ്റ്റീവ് റോബ്സണ്‍ പറഞ്ഞു.
പെട്ടെന്നുള്ള പൊതു അവധി രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. അപ്പോയിന്‍മെന്റ്, ശസ്ത്രക്രിയകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ളവര്‍ക്ക് സമയത്ത് അത് നടത്താനായില്ലെങ്കില്‍ പിന്നീട് ആഴ്ച്ചകളോ മാസങ്ങളോ കാത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്ഞിയുടെ വേര്‍പാട് അനുസ്മരിക്കുന്നത് വളരെ പ്രധാനമാണ്. എന്നാല്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ചിന്ത്രയും ജാഗ്രതയും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആശങ്കളോട് അല്‍ബനീസി അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇത്തരം കാര്യങ്ങള്‍ പലര്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെങ്കിലും ഭരണ സംവിധാനത്തില്‍ അത് അനിവാര്യവും പ്രാധാനപ്പെട്ടതുമാണെന്ന് അല്‍ബനീസി പറഞ്ഞു.
പൊതു അവധി മെഡിക്കല്‍ മേഖലയെ ബാധിക്കുമെന്ന പ്രചരണം തെറ്റാണ്. അവശ്യ സേവനങ്ങള്‍ക്ക് അവധി ബാധകമാകില്ല. പൊതു അവധി ദിവസങ്ങളിലെ പതിവ് പോലെയുള്ള നിയന്ത്രണങ്ങളാകും ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
19 ന് രാജ്ഞിയുടെ മൃതസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം സെപ്റ്റംബര്‍ 22 ന് ദൂഖാചരണം നടത്താനാണ് പ്രധാനമന്ത്രി അല്‍ബനീസിയുടെ പ്രഖ്യാപനം. അന്ന് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും കടകളും വ്യാപാര കേന്ദ്രങ്ങളും ഉള്‍പ്പടെ സമ്പൂര്‍ണ്ണ അടച്ചിടിലിനാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.