വിക്ടോറിയയിൽ അംഗീകൃത തൊഴിലാളികൾക്ക് വാക്‌സിനെടുക്കാൻ സമയപരിധി നിശ്ചയിച്ചു

വിക്ടോറിയയിൽ പുതിയ 1143 പ്രാദേശിക കൊവിഡ് കേസുകൾ  സ്ഥിരീകരിച്ചു. വെളിയാഴ്ചത്തെ കണക്കുകളിൽ മൂന്ന് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 62,883 പരിശോധനകളിൽ നിന്നാണ് ഈ കണക്കുകൾ.

വിക്ടോറിയയിൽ അംഗീകൃത തൊഴിലാളികൾക്ക് ഒക്ടോബർ 15 ന് ശേഷം തൊഴിലിടങ്ങളിൽ വന്ന് ജോലി ചെയ്യണമെങ്കിൽ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിരിക്കണം എന്ന് പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് പറഞ്ഞു.

അതെസമയം നവംബർ 26ന് ശേഷം സൈറ്റിൽ എത്തണമെങ്കിൽ അംഗീകൃത തൊഴിലാളികൾ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. 

അംഗീകൃത തൊഴിലാളികൾക്ക് വാക്‌സിൻ സ്വീകരിക്കാനുള്ള പുതിയ മാനദണ്ഡം മെട്രോപൊളിറ്റൻ മെൽബണിലും ഉൾനാടൻ വിക്ടോറിയയിലും ബാധകമായിരിക്കും എന്ന് പ്രീമിയർ പറഞ്ഞു.

എന്നാൽ നിലവിൽ വാക്‌സിൻ സ്വീകരിക്കാൻ നിർദ്ദേശം ലഭിച്ചിട്ടുള്ള അധ്യാപകർ, ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ, നിർമ്മാണ രംഗത്തെ തൊഴിലാളികൾ തുടങ്ങി മറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ സമയപരിധിയായിരിക്കില്ല ബാധകമെന്നും അധികൃതർ വ്യക്തമാക്കി. ഈ രംഗങ്ങളിൽ അധികൃതർ നൽകിയിട്ടുള്ള നിർദ്ദേശം നിലനിൽക്കുന്നതായും അധികൃതർ പറഞ്ഞു. 

അടുത്ത ചൊവ്വാഴ്ച മുതൽ വിക്ടോറിയയിലെ നിർമ്മാണ രംഗം തുറന്ന് പ്രവർത്തിക്കുമെന്ന് പ്രീമിയർ  പറഞ്ഞു. എന്നാൽ എല്ലാ പ്രതിരോധ നിബന്ധനകളും പാലിച്ചില്ലെങ്കിൽ നിർമ്മാണ രംഗം വീണ്ടും പ്രതിസന്ധിയിലാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

നിർമ്മാണ രംഗത്തിന് തുറന്ന് പ്രവർത്തിക്കാനുള്ള മാർഗരേഖയും സർക്കാർ പുറത്തു വിട്ടു.

അതെ സമയം മെൽബണിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള മൂറബൂൾ ഷയറിൽ ഒരാഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. 

ഇവിടെ 38 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത് .  ഇന്ന് അർദ്ധരാത്രി മുതൽ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരും.

മെൽബണിൽ നടപ്പാക്കിയിരിക്കുന്ന നിയന്ത്രണങ്ങളായിരിക്കും ഇവിടെ ബാധകം. കർഫ്യു ബാധകമായിരിക്കില്ല എന്നും അധികൃതർ വ്യക്തമാക്കി. 

വിക്ടോറിയയിൽ വ്യാഴാഴ്ച 1,438 പുതിയ പ്രാദേശിക രോഗബാധയാണ് സ്ഥിരീകരിച്ചത്. രോഗബാധയിലെ കുതിച്ച് ചാട്ടം വീടുകളിൽ അനധികൃതമായുള്ള വാരാന്ത്യ പാർട്ടികൾ മൂലമാണെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടി.

അനധികൃത പാർട്ടികളിൽ പങ്കെടുത്തവർ പരിശോധനക്ക് വിധേയരാകാൻ മുന്നോട്ട് വരണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.

AFL മത്സരവുമായി ബന്ധപ്പെട്ട വീടുകളിലെ അനധികൃത ഒത്തുകൂടലാണ് ഇത്രയും ഉയർന്ന നിരക്കിന് കാരണമെന്ന് അധികൃതർ പറഞ്ഞു.

ഈ പ്രതിദിന നിരക്ക് തുടർന്നാൽ ബെർനെറ്റ് ഇൻസ്റ്റിറ്റൂട്ട് പുറത്തുവിട്ട രോഗബാധാ നിരക്കുമായി ബന്ധപ്പെട്ട മാർഗരേഖയിലെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക് വിക്ടോറിയയിൽ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ടെസ്റ്റിംഗ് കമാൻഡർ ജെറോൺ വെയ്മർ മുന്നറിയിപ്പ് നൽകി. ഈ പ്രവണത തുടർന്നാൽ ഒക്ടോബർ അവസാനത്തോടെ പ്രതിദിന രോഗബാധ 2900 ലേക്ക് ഉയരുമെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടിയാണ് വ്യാഴാഴ്‌ചത്തെ കണക്കുകൾ എന്നദ്ദേഹം ചൂണ്ടിക്കാട്ടി. അനധികൃത പാർട്ടികളിൽ പങ്കെടുത്ത രോഗ ലക്ഷണങ്ങൾ ഉള്ളവരും ഇല്ലാത്തവരും പരിശോധനക്ക് വിധേയരാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  

അതെസമയം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള നിലവിലെ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് പറഞ്ഞു.

എന്നാൽ ഒക്ടോബർ 26 ആകുമ്പോൾ രോഗബാധാ നിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത രീതിയിൽ ഉയരുകയാണെങ്കിൽ താത്ക്കാലികമായി തീരുമാനം മാറ്റേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 26 ഓടെ വിക്ടോറിയയിലെ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ നിരക്ക് 70 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കടപ്പാട്: SBS മലയാളം

Exit mobile version